വാങ്ങിയവർ മാറി നിൽക്കൂ, വാങ്ങാത്തവർ ഇടിച്ചുകയറൂ! മോട്ടറോള എഡ്ജ് 50 പ്രോ പുതിയ രൂപത്തിൽ ഇന്ത്യയിൽ
മിഡ് റേഞ്ചിൽ വാങ്ങാൻ ലഭ്യമായിട്ടുള്ള ഏറ്റവും മികച്ച സ്മാർട്ട്ഫോണുകളിൽ ഒന്നായ മോട്ടറോള എഡ്ജ് 50 പ്രോ (Motorola Edge 50 Pro ) ഇന്ത്യയിൽ ഇനി പുതിയ കളർ വേരിയന്റിലും വാങ്ങാം. മുൻപ് ബ്ലാക്ക്, ലാവെൻഡർ, മൂൺലൈറ്റ് പേൾ എന്നീ നിറങ്ങളിലാണ് ഈ മോഡൽ ലഭ്യമായിരുന്നത്. എന്നാൽ ഇപ്പോൾ മോട്ടറോള എഡ്ജ് 50 പ്രോ വാനില ക്രീം കളർ വേരിയന്റും (Motorola Edge 50 Pro Vanilla Cream colou) കമ്പനി ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുന്നു. അതിനാൽ ഇനി 4 നിറങ്ങളിൽ ഈ സ്മാർട്ട്ഫോൺ ഇന്ത്യയിൽ വാങ്ങാൻ ലഭ്യമാണ്.
മോട്ടറോള എഡ്ജ് 50 പ്രോയുടെ 8GB+ 256GB അടിസ്ഥാന മോഡലിന് 31,999 രൂപയും 12GB+ 256GB മോഡലിന് 35,999 രൂപയുമാണ് വില. പുതിയ വേരിയന്റ് തുടക്കത്തിൽ 29999 രൂപയ്ക്ക് ഡിസ്കൗണ്ടിൽ വാങ്ങാം. ഫ്ലിപ്പ്കാർട്ട് വഴിയും മോട്ടറോള ഇന്ത്യ വെബ്‌സൈറ്റ് വഴിയും വാനില ക്രീം കളർ വേരിയന്റ് ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തിയിട്ടുണ്ട്. പുതിയ കളറിൽ ലഭ്യമാകും എന്നത് ഒഴിച്ചാൽ ഈ ഫോണിന്റെ ഫീച്ചറുകളിൽ ഒരു വ്യത്യാസവും ഉണ്ടായിട്ടില്ല.

144Hz ഡിസ്പ്ലേ, സ്‌നാപ്ഡ്രാഗൺ 7 ജെൻ 3 ചിപ്സെറ്റ്, 125W ഫാസ്റ്റ് ചാർജിങ്, ഒട്ടേറെ എഐ ഫീച്ചറുകളുടെ പിന്തുണയുള്ള 50MP പ്രൈമറി ക്യാമറ, 50W വയർലെസ് ചാർജിങ് പിന്തുണ തുടങ്ങിയ നിരവധി മികച്ച ഫീച്ചറുകൾ മോട്ടറോള എഡ്ജ് 50 പ്രോ സ്മാർട്ട്ഫോണിൽ ഇടംപിടിച്ചിരിക്കുന്നു. മൂന്ന് സ്മാർട്ട്ഫോണുകളാണ് മോട്ടറോള എഡ്ജ് 50 സീരീസിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്തിട്ടുള്ളത്.
എഡ്ജ് 50 പ്രോയെ കൂടാതെ എഡ്ജ് 50 അൾട്ര, എഡ്ജ് 50 ഫ്യൂഷൻ എന്നിവയും മികച്ച അഭിപ്രായം നേടിയ മോഡലുകളാണ്. മോട്ടറോള എഡ്ജ് 50 സീരീസിൽ ഏറ്റവും താങ്ങാനാകുന്ന വിലയിലുള്ള മികച്ച ക്യാമറ ഫോൺ എന്ന് എഡ്ജ് 50 പ്രോയെ വിശേഷിപ്പിക്കുന്നു.

മോട്ടോറോള എഡ്ജ് 50 പ്രോയുടെ പ്രധാന ഫീച്ചറുകൾ: പാന്റോൺ വാലിഡേറ്റഡായിട്ടുള്ള ട്രൂ കളർ ഡിസ്പ്ലേ അവതരിപ്പിക്കുന്ന ആദ്യ സ്മാർട്ട്ഫോൺ ഡിസ്പ്ലേ ആണ് ഈ ഫോണിലുള്ളതെന്ന് മോട്ടറോള പറയുന്നു. 6.7 ഇഞ്ച് 1.5K 144Hz കർവ്ഡ് pOLED ഡിസ്പ്ലേയാണ് ഇതിലുള്ളത്. 2000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ്, HDR 10+ പിന്തുണ, കോർണിങ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷൻ എന്നിവയും ഇതിലുണ്ട്.
ക്വാൽക്കോമിന്റെ സ്‌നാപ്ഡ്രാഗൺ 7 ജെൻ 3 ചിപ്സെറ്റ് ആണ് മോട്ടറോള എഡ്ജ് 50 പ്രോയുടെ കരുത്ത്. ഇതിന് അകമ്പടിയായി 12GB വരെ റാമും ഉണ്ട്. 256 ജിബി ഓൺബോർഡ് സ്റ്റോറേജുമായാണ് മോട്ടറോള എഡ്ജ് 50 പ്രോ വരുന്നത്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയാണ് പ്രവർത്തനം. 3 ഒഎസ് അപ്‌ഡേറ്റുകളും നാല് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.
ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് മോട്ടേറോള എഡ്ജ് 50 പ്രോയിൽ ഒരുക്കിയിരിക്കുന്നത്. അതിൽ OIS ഉള്ള 50MP പ്രൈമറി ക്യാമറയും, 3x ഒപ്റ്റിക്കൽ സൂമോടുകൂടിയ 10MP ടെലിഫോട്ടോ ക്യാമറയും, മാക്രോയും ഡെപ്‌ത്തും പ്രദാനം ചെയ്യുന്ന 13MP അൾട്രാ വൈഡ് ക്യാമറയും അടങ്ങുന്നു. ഫ്രണ്ടിൽ 50എംപി ഓട്ടോഫോക്കസ് ക്യാമറയുമുണ്ട്.

മോട്ടറോളയുടെ ഈ സ്മാർട്ട്ഫോണിനെ സെഗ്മെന്റിലെ മറ്റ് ഫോണുകളിൽ നിന്ന് വേറിട്ടു നിർത്തുന്ന പ്രധാന ഘടകം ഇതിലെ ക്യാമറ ഫീച്ചറുകളാണ്. ലോകത്തിലെ ആദ്യത്തെ AI- പവർഡ് പ്രോ-ഗ്രേഡ് ക്യാമറ ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു. AI അഡാപ്റ്റീവ് സ്റ്റെബിലൈസേഷൻ, ക്വാഡ് പിക്സൽ ടെക്നോളജി, ഓട്ടോഫോക്കസ് ട്രാക്കിംഗ്, AI ഫോട്ടോ എൻഹാൻസ്മെന്റ് എഞ്ചിൻ, ടിൽറ്റ് മോഡ് തുടങ്ങി നിരവധി ക്യാമറ ഫീച്ചറുകൾ ഇതിലുണ്ട്.
5G SA/NSA, ഡ്യുവൽ 4G VoLTE, വൈഫൈ 6E 802.11ax (2.4GHz /5GHz), ബ്ലൂടൂത്ത് 5.4, ജിപിഎസ്, യുഎസ്ബി ടൈപ്പ് സി, എൻഎഫ്സി തുടങ്ങിയവയൊക്കയാണ് ഇതിലെ പ്രധാന കണക്ടിവിറ്റി ഫീച്ചറുകൾ. പൊടി, ജലം എന്നിവയെ പ്രതിരോധിക്കാൻ IP68 റേറ്റിങ്ങും ഉണ്ട്. 125W ടർബോപവർ ഫാസ്റ്റ് ചാർജിങ്, 50W വയർലെസ് ചാർജിങ്, 10W റിവേഴ്സ് വയർലെസ് ചാർജിങ് പിന്തുണയുള്ള 4500mAh ബാറ്ററിയാണ് ഇതിലുള്ളത്.


Click it and Unblock the Notifications