രണ്ടും കൽപ്പിച്ച് മോട്ടറോള! പുറത്തിറക്കാൻ പോകുന്നത് രണ്ട് കിടിലൻ ഫോണുകൾ
മോട്ടറോള ഫോണുകൾക്ക് ആരാധകരേറെയാണ്. സാങ്കേതിക വിദ്യ വളരുന്നതിനനുസരിച്ച് ഫോണുകളിലും വിവിധ മാറ്റങ്ങൾ വരുത്താൻ മോട്ടറോള ശ്രമിക്കാറുണ്ട്. അതുകൊണ്ട് തന്നെയാണ് മോട്ടറോള ഫോണുകൾക്ക് വിപണി മൂല്ല്യം കൂടുന്നതും. അത്തരത്തിൽ മോട്ടറോളയുടെ മിതമായ വിലയ്ക്ക് ലഭിക്കുന്ന മറ്റൊരു 5ജി സ്മാർട്ട് ഫോൺ കൂട്ടത്തിലേക്ക് രണ്ട് പുതിയ ഫോണുകൾ ഇറക്കാനൊരുങ്ങുന്നതായി പുതിയ റിപ്പോർട്ട്. മോട്ടറോള എഡ്ജ് 60 ഫ്യൂഷൻ പുറത്തിറക്കിയതിന് ശേഷം മോട്ടറോള എഡ്ജ് 60ഉം മോട്ടറോള എഡ്ജ് 60 പ്രോയും ഇറക്കാനാണ് മോട്ടറോള ലക്ഷ്യം വെക്കുന്നതെന്നാണ് ലീക്കായ റിപ്പോർട്ടുകളിൽ പറയുന്നത്.
ചൈനയുടെ TENAA വെബ്സൈറ്റിലാണ് മോട്ടറോള എഡ്ജ് 60 ഉം മോട്ടറോള എഡ്ജ് 60 പ്രോയുടേയും സ്പെസിഫിക്കേഷനുകളും മറ്റു വിവരങ്ങളും ലീക്കായിരിക്കുന്നത്. ലീക്കായ റിപ്പോർട്ടുകൾ പ്രകാരം മോട്ടറോള എഡ്ജ് 60 ഉം മോട്ടറോള എഡ്ജ് 60 പ്രോയ്ക്കും പഞ്ച്-ഹോൾ ഡിസൈനോടുകൂടിയ 6.67-ഇഞ്ച് ഫുൾ-എച്ച്ഡി+ കർവ്ഡ് അമോലെഡ് ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത്.

1.07 ബില്യൺ (10ബിറ്റ്) കളർ ഡെപ്ത്, എംബഡഡ് ഫിംഗർപ്രിന്റ് റീഡർ എന്നിവയും നൽകിയിട്ടുണ്ട്. ഇനി ബാറ്ററിയുടെ കാര്യം നോക്കുകയാണെങ്കിൽ മോട്ടറോള എഡ്ജ് 60 മോഡലിന് 5,500mAh ബാറ്ററിയും അതേസമയം വലിയ മോഡലായ മോട്ടറോള എഡ്ജ് 60 പ്രോയ്ക്ക് 6,000mAh ബാറ്ററിയും നൽകാനാണ് സാധ്യത. സ്റ്റാൻഡേർഡ് മോഡലായ മോട്ടറോള എഡ്ജ് 60ന് 68W ഫാസ്റ്റ് ചാർജിംഗും പ്രോ മോഡലിന് 90W ചാർജിംഗും ഉണ്ടായിരിക്കുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.
ചോർന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ മോട്ടറോള എഡ്ജ് 60 പ്രോയിൽ 3.35GHz ഫ്രീക്വൻസിയുള്ള മീഡിയടെക് ഡൈമെൻസിറ്റി 8350 SoC ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. അതേസമയം, സ്റ്റാൻഡേർഡ് മോട്ടറോള എഡ്ജ് 60ന് വ്യക്തമാക്കാത്ത 2.5GHz ഒക്ടാ-കോർ ചിപ്‌സെറ്റാണ് നൽകിയിരിക്കുന്നത്.

ക്യാമറകൾ പരിശോധിക്കുകയാണെങ്കിൽ മോട്ടറോള എഡ്ജ് 60 ന്റെ പിൻ ക്യാമറ സജ്ജീകരണത്തിൽ 50MP + 10MP + 50MP ട്രിപ്പിൾ ലെൻസാണ് നൽകിയിരിക്കുന്നത്. അതിലൊന്നിൽ 3x ടെലിഫോട്ടോ സൂം ലെൻസായി ഉപയോഗിക്കാം. മോട്ടറോള 60 പ്രോയിൽ ക്വാഡ് പിക്സൽ സാങ്കേതികവിദ്യയുള്ള 50 മെഗാപിക്സൽ പ്രധാന ക്യാമറയും 13മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറയും 8 മെഗാപിക്സൽ ഡെപ്ത് സെൻസിങ് ക്യാമറയുമാണ് നൽകിയിരിക്കുന്നത്.
കൂടെ മാക്രോ വിഷൻ ക്യാമറയും ഉണ്ട്. 32 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറായി കൊടുത്തിരിക്കുന്നത്. മോട്ടറോള എഡ്ജ് 60 ന് 161.2 x 73.08 x 7.95 mm അളവും 180.4 ഗ്രാം ഭാരവും ഉണ്ടായേക്കാം. മോട്ടറോള എഡ്ജ് 60 പ്രോയ്ക്ക് 171.3 x 73.99 x 7.25 mm അളവും 188 ഗ്രാം ഭാരവുമാണ് പ്രതീക്ഷിക്കുന്നത്. മോട്ടറോള എഡ്ജ് 60 6GB/ 8GB/12GB/16GB റാം, 128GB/256GB/512GB/1TB സ്റ്റോറേജ് ഓപ്ഷനുകളിൽ ലഭ്യമാകും.

കൂടാതെ പ്രോ മോഡൽ 8GB/12GB/16GB റാം, 128GB/256GB/512GB/1TB സ്റ്റോറേജ് കോമ്പിനേഷനുകളിൽ ലഭ്യമാകും. വെള്ളം, പൊടിപടലങ്ങളിൽ നിന്നുള്ള സംരക്ഷണത്തിനായി ഫോണിന് IP55 സർട്ടിഫിക്കേഷനും നൽകിയിട്ടുണ്ട് വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, എൻഎഫ്സി, യുഎസ്ബിസി പോർട്ട് എന്നിവയാണ് പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകളായി നൽകിയിരിക്കുന്നത്.
എന്നാൽ മോട്ടറോള എഡ്ജ് 60 ഉം മോട്ടറോള എഡ്ജ് 60 പ്രോയെക്കുറിച്ചുള്ള യാതൊരു വിവരങ്ങളും കമ്പനി ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. കുറച്ചു ദിവസങ്ങൾക്കകം ഫോണുകളുടെ വ്യക്തമായ വിവരങ്ങൾ ലഭിച്ചേക്കാമെന്നാണ് ടെക് വിദഗ്ധരുടെ അഭിപ്രായം.


Click it and Unblock the Notifications








