രണ്ടിൽ നിന്ന് രണ്ട് പോയാൽ പൂജ്യം! മോട്ടറോള എഡ്ജ് 60 ഫ്യൂഷന്റെ പുതിയ വിലയും ഡിസ്കൗണ്ടും
2026ലേക്ക് കടന്നതോടെ സ്മാർട്ട്ഫോണുകൾക്ക് പലതിനും 2025ലെക്കാൾ വില ഉയരാൻ തുടങ്ങിയിട്ടുണ്ട്. അക്കൂട്ടത്തിലേക്ക് ഇപ്പോൾ മോട്ടറോളയുടെ എഡ്ജ് സീരീസിലെ മോട്ടറോള എഡ്ജ് 60 ഫ്യൂഷനും (MOTOROLA Edge 60 Fusion 5G) ഇടം പിടിച്ചിരിക്കുന്നു. കഴിഞ്ഞ വർഷം, അതായത് 2025ൽ ഈ ഫോണിന്റെ വില ലോഞ്ച് വിലയെക്കാൾ കുറഞ്ഞിരുന്നു. എന്നാൽ സ്മാർട്ട്ഫോൺ വില വർധന മൂലം ഇപ്പോൾ ഈ മോഡലിനും വില കൂടി എന്നുപറയാം, എങ്കിലും നേരത്തെ കുറയ്ക്കപ്പെട്ട വിലയാണ് ഇപ്പോൾ കൂടിയിരിക്കുന്നത് എന്നത് ആശ്വാസകരമാണ്, അതായത് ഈ വില വർധന ലോഞ്ച് വിലയ്ക്ക് മുകളിൽ പോയിട്ടില്ല.
2025 ഏപ്രിലിലാണ് മോട്ടറോള എഡ്ജ് സീരീസിൽ ഈ എഡ്ജ് 60 ഫ്യൂഷൻ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. അന്ന് ഇതിന്റെ 8GB + 256GB മോഡലിന് 22,999 രൂപയും 12GB + 256GB മോഡലിന് 24,999 രൂപയുമായിരുന്നു വില. ലോഞ്ച് ഓഫർ സഹിതം 20999 രൂപ പ്രാരംഭ വിലയിൽ ഈ ഫോൺ വാങ്ങാൻ ലഭ്യമായിരുന്നു.

ലോഞ്ച് കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടതോടെ എഡ്ജ് 60 ഫ്യൂഷന്റെ വില കുറയുകയും മോട്ടറോളയുടെ ഔദ്യോഗിക വെബ്സൈറ്റിലും ഫ്ലിപ്പ്കാർട്ടിലും ഇത് 20999 രൂപ പ്രാരംഭ വിലയിൽ ലിസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. മാത്രമല്ല, 1000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമായതിനാൽ 19999 രൂപ വിലയിൽ ഇത് വാങ്ങാനും അവസരം ഉണ്ടായിരുന്നു.
എന്നാൽ ചിപ് ക്ഷാമത്തെ തുടർന്ന് ചിപ്പിന് വില വർധിച്ചത് സ്മാർട്ട്ഫോണുകളുടെ നിർമാണ ചെലവ് ഉയർത്തുകയും അത് വിലവർധന എന്ന രൂപത്തിൽ മുൻപ് ലോഞ്ച് ചെയ്ത മോഡലുകളുടെ അടക്കം വിലയിൽ വർധന ഉണ്ടാക്കുകയും ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഫലമായി മോട്ടറോളയുടെ വിലയും വർധിച്ചു. അതായത്, ഇടക്കാലത്ത് 20999 രൂപ എന്ന നിലയിലേക്ക് കുറഞ്ഞത് ഇപ്പോൾ വീണ്ടും 22999 രൂപ എന്ന നിലയിലേക്ക് ഉയർന്നു.

വില ഉയർന്നു എങ്കിലും ആശ്വാസകരമായ കാര്യം എന്തെന്നാൽ ലോഞ്ച് സമയത്തെ വിലയെക്കാൾ ഉയരത്തിലേക്ക് പുതിയ വില പോയില്ല എന്നതാണ്. ഇതോടൊപ്പം പറയേണ്ട മറ്റൊരുകാര്യം തെരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ വഴിയുള്ള പർച്ചേസിന് 2000 രൂപയുടെ ബാങ്ക് ഡിസ്കൗണ്ട് ഈ ഫോണിന് മോട്ടറോള വെബ്സൈറ്റിൽ ലഭ്യമാണ്. അതിനാൽ 20999 രൂപ വിലയിൽ ഇത് ഇപ്പോഴും വാങ്ങാനാകും.
രണ്ടിൽ നിന്ന് രണ്ട് കുറച്ചാൽ പൂജ്യം എന്ന് പറയും പോലെ ഇവിടെ കൂടിയ വിലയിൽ നിന്ന് ഡിസ്കൗണ്ട് കുറച്ചാൽ മോട്ടറോള എഡ്ജ് 60 ഫ്യൂഷന്റെ വില വീണ്ടും 20999 രൂപയായി കുറയും. വില കൂടിയില്ലായിരുന്നു എങ്കിൽ ഇത് ശരിക്കും 20999 രൂപയിൽ ലിസ്റ്റ് ചെയ്യപ്പെടുകയും ഡിസ്കൗണ്ട് സഹിതം 18999 രൂപ വിലയിൽ വാങ്ങാൻ സാധിക്കുകയും ചെയ്യുമായിരുന്നു. എന്നാൽ നിലവിലെ വിലവർധനയുടെ സാഹചര്യത്തിൽ അത്തരം ചിന്തകൾക്ക് പ്രസക്തിയില്ല.
ബാങ്ക് ഡിസ്കൗണ്ട് ലഭ്യമായതിനാൽ ഇലയ്ക്കും മുള്ളിനും കാര്യമായ പരുക്കില്ലാതെ വില വർധന എന്ന പ്രശ്നം ഇവിടെ പരിഹരിക്കപ്പെടുന്നു. 25000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളുടെ സെഗ്മെന്റിൽ എത്തിയ ഈ ഫോൺ 20000 രൂപയോടടുത്ത വിലയിൽ സ്വന്തമാക്കാനാകും എന്നത് ഇപ്പോഴും ഒരു മികച്ച ഡീൽ തന്നെയാണ്.

2.6GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7400 4nm പ്രൊസസർ കരുത്ത്, സോണി LYT-700C സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.88 അപ്പേർ, OIS), മാക്രോ ഓപ്ഷനോടുകൂടിയ 13MP അൾട്രാവൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), ക്വാഡ് പിക്‌സൽ സാങ്കേതികവിദ്യയുള്ള 32MP ഫ്രണ്ട് ക്യാമറ, 6.7 ഇഞ്ച് (2712 x 1220 പിക്സലുകൾ) FHD+ 10-ബിറ്റ് OLED എൻഡ്ലെസ് എഡ്ജ് ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ് എന്നിവ ഇതിലുണ്ട്.
68W ഫാസ്റ്റ് ചാർജിംഗുള്ള 5500mAh ബാറ്ററി, MIL-810H മിലിട്ടറി ഗ്രേഡ് ഈട്, IP68 + IP69 റേറ്റിങ്, ഡിസ്പ്ലേയ്ക്ക് കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ+നാനോ / മൈക്രോ എസ്ഡി), 5G SA/NSA, ഡ്യുവൽ 4G VoLTE, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. പാന്റോൺ സ്ലിപ്സ്ട്രീം, പാന്റോൺ സെഫിർ, പാന്റോൺ ആമസോണൈറ്റ് കളർ ഓപ്ഷനുകളിൽ ഇത് ലഭ്യമാണ്.


Click it and Unblock the Notifications








