കൺഫ്യൂഷനില്ലാതെ വാങ്ങാൻ ഒരു പുതിയ ഫോൺ! മോട്ടറോള എഡ്ജ് 70 ഫ്യൂഷൻ വരുന്നു
മോട്ടറോള തങ്ങളുടെ എഡ്ജ് 70 സീരീസിലേക്ക് പുതിയ സ്മാർട്ട്ഫോൺ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്, മോട്ടറോള എഡ്ജ് 60 ഫ്യൂഷന്റെ പിൻഗാമിയായി പുതിയ മോട്ടറോള എഡ്ജ് 70 ഫ്യൂഷൻ (Motorola Edge 70 Fusion) ആണ് അധികം വൈകാതെ തന്നെ വിപണിയിലേക്ക് എത്താൻ പോകുന്നത്. ലോഞ്ചിന് മുന്നോടിയായി എഡ്ജ് 70 ഫ്യൂഷന്റെ ചിത്രങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. കൂടാതെ വിവിധ ലീക്ക് റിപ്പോർട്ടുകളിലൂടെ വരാൻ പോകുന്ന ഈ ഫോണിനെക്കുറിച്ചുള്ള ഏകദേശ ചിത്രവും ലഭ്യമായിട്ടുണ്ട്. അഞ്ച് നിറങ്ങളിൽ മോട്ടറോള എഡ്ജ് 70 ഫ്യൂഷൻ എത്തുമെന്ന് സൂചിപ്പിക്കുന്ന ചിത്രങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.
ബ്ലൂ സർഫ്, ഓറിയന്റ് ബ്ലൂ, സ്‌പോർട്ടിംഗ് ഗ്രീൻ തുടങ്ങിയ പുതിയ കളർ ഓപ്ഷനുകളിലും ഇതിന് പുറമേ സിലൗറ്റ് (കറുപ്പ്), കൺട്രി എയർ എന്നീ കളർ ഓപ്ഷനുകളിലും മോട്ടറോള എഡ്ജ് 70 ഫ്യൂഷൻ ലഭ്യമാകും എന്നാണ് പുറത്തുവന്ന ചിത്രങ്ങളിൽ നിന്ന് മനസിലാക്കാനാകുന്നത്. മോട്ടറോളയുടെ സിഗ്നേച്ചർ റിയർ ക്യാമറ ലേഔട്ട്, ടെക്സ്ചർ ചെയ്ത ബാക്ക് പാനൽ തുടങ്ങി സ്ഥിരം ഡിസൈൻ തന്നെ എഡ്ജ് 70 സീരീസിലും ഉണ്ടാകുമെന്ന് ചിത്രങ്ങൾ സൂചിപ്പിക്കുന്നു.

ബാക്ക് പാനലിൽ നൈലോൺ, ലിനൻ എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഫിനിഷ് സഹിതമാകും എഡ്ജ് 70 ഫ്യൂഷൻ എത്തുകയെന്ന് കരുതപ്പെടുന്നു, ഇത് ഫോണിന് ഒരു പ്രീമിയം ലുക്ക് നൽകും. ഇപ്പോൾ സ്മാർട്ട്ഫോണുകൾ പരമാവധി സ്ലിം ബോഡി നിലനിർത്താൻ ശ്രമിക്കാറുണ്ട്, പുതിയ എഡ്ജ് 70 ഫ്യൂഷനിലും ആ വഴിക്കുള്ള ശ്രമങ്ങളും ഉണ്ടാകും. കർവ്ഡ് എഡ്ജും ക്വാഡ്-കർവ്ഡ് ഡിസ്പ്ലേ പ്രൊഫൈലും ഇതിലുണ്ട്.
ഒറ്റനോട്ടത്തിൽ മുൻ മോഡലുകളോട് സാമ്യം തോന്നുന്ന ഡിസൈൻ ആണെങ്കിലും പുതിയ ഫിനിഷുകളും മെറ്റീരിയലുകളും എഡ്ജ് 70 ഫ്യൂഷന് അൽപ്പം പുതുമയുള്ള രൂപം നൽകുന്നു. ഫോണിന്റെ എഡ്ജുകൾക്ക് ചുറ്റും മെറ്റാലിക് ഫിനിഷും, വലതുവശത്ത് സ്പീക്കറും വോളിയം ബട്ടണുകളും ഉണ്ടെന്നാണ് സൂചന. ഫ്രണ്ടിൽ ഡിസ്പ്ലേയുടെ മധ്യഭാഗത്തുള്ള പഞ്ച്-ഹോളും ഉണ്ടാകും.
മോട്ടറോള എഡ്ജ് 70 ഫ്യൂഷനിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ
സ്‌നാപ്ഡ്രാഗൺ 7s Gen 3 ചിപ്‌സെറ്റ് കരുത്തിലാകും ഈ മോട്ടറോള ഫോൺ എത്തുക എന്ന് പ്രതീക്ഷിക്കുന്നു. 1.5K റെസല്യൂഷൻ, 144Hz റിഫ്രഷ് റേറ്റ്, HDR10+ പിന്തുണ എന്നിവയുള്ള 6.78 ഇഞ്ച് ക്വാഡ്-കർവ്ഡ് AMOLED ഡിസ്‌പ്ലേ, 5,200 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്, ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.
12GB വരെ റാമും 256GB സ്റ്റോറേജും മോട്ടറോള എഡ്ജ് 70 ഫ്യൂഷനിൽ പ്രതീക്ഷിക്കുന്നു. IP68, IP69 പൊടി, ജല പ്രതിരോധ റേറ്റിംഗുകൾ, MIL-STD-810H ഡ്യൂറബിലിറ്റി സർട്ടിഫിക്കേഷൻ എന്നിവയും ഇതിലുണ്ടാകും. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയാകും പ്രവർത്തനം. മൂന്ന് പ്രധാന ആൻഡ്രോയിഡ് ഒഎസ് അപ്‌ഗ്രേഡുകൾ മോട്ടറോള ഈ എഡ്ജ് 70 ഫ്യൂഷൻ മോഡലിന് വാഗ്ദാനം ചെയ്യുമെന്നും ഓൺലൈൻ റിപ്പോർട്ടുകൾ പറയുന്നു.
ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് മോട്ടറോള എഡ്ജ് 70 ഫ്യൂഷനിൽ ഉണ്ടാകുക. അതിൽ സോണി LYTIA സെൻസറുള്ള 50-മെഗാപിക്സൽ മെയിൻ ക്യാമറയും സെൽഫിക്കും മറ്റുമായി ഫ്രണ്ടിൽ 32MP സെൽഫി ക്യാമറയും പ്രതീക്ഷിക്കുന്നു. ബാറ്ററിയുടെ കാര്യത്തിൽ എഡ്ജ് 70 സീരീസിൽ ഇതിനകം എത്തിയിട്ടുള്ള എഡ്ജ് 70 മോഡലിനെക്കാൾ മുന്നിലായിരിക്കും പുതിയ എഡ്ജ് 70 ഫ്യൂഷനെന്നും റിപ്പോർട്ടുകളുണ്ട്.
എഡ്ജ് 70 5ജിയിൽ 5,000mAh ബാറ്ററിയാണ് ഉണ്ടായിരുന്നത്. പുതിയ എഡ്ജ് 70 ഫ്യൂഷൻ 68W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 7,000mAh ബാറ്ററി സഹിതം എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിന്റെ വില സംബന്ധിച്ച് നിലവിൽ സൂചനകളില്ല. എങ്കിലും 25000 രൂപയിൽ താഴെ വിലയിൽ എഡ്ജ് 70 ഫ്യൂഷൻ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








