അങ്ങനെ ആ കൺഫ്യൂഷനും ഏതാണ്ട് തീർന്നു! ലോഞ്ചിന് മുമ്പ് മോട്ടറോള എഡ്ജ് 70 ഫ്യൂഷൻ MRP ലീക്കായി
മോട്ടറോള നാളെ (മാർച്ച് 6) ഇന്ത്യയിൽ ലോഞ്ച് ചെയ്യാനിരുന്ന പുതിയ എഡ്ജ് സീരീസ് ഫോണായ മോട്ടറോള എഡ്ജ് 70 ഫ്യൂഷന്റെ (Motorola Edge 70 Fusion) MRP ലീക്കായി. നാളെ ലോഞ്ചിന് ശേഷമാണ് കമ്പനി വില പ്രഖ്യാപിക്കുക, എന്നാൽ ടിപ്‌സ്റ്റർ സഞ്ജു ചൗധരി മോട്ടറോള എഡ്ജ് 70 ഫ്യൂഷന്റെ ബോക്‌സ് ചിത്രം പങ്കുവച്ചുകൊണ്ട് ഇതിന്റെ ബോക്സിലെ MRP ലോഞ്ചിന് മുമ്പ് തന്നെ വെളിപ്പെടുത്തിയിരിക്കുന്നു. ഏതാനും ദിവസം മുമ്പാണ് ഈ ഫോൺ ആഗോള തലത്തിൽ ലോഞ്ച് ചെയ്തത്. അതിനാൽ വരാൻ പോകുന്ന ഫ്യൂഷന്റെ ഫീച്ചറുകൾ ഏറെക്കുറെ വ്യക്തമായിരുന്നു.
ആഗോള തലത്തിൽ ലോഞ്ച് ചെയ്ത മോട്ടറോള എഡ്ജ് 70 ഫ്യൂഷനിൽ നിന്ന് കാര്യമായ വ്യത്യാസങ്ങൾ ഇന്ത്യൻ വേരിയന്റിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല. എന്നാൽ വില സംബന്ധിച്ച് ആശയക്കുഴപ്പം നില നിന്നിരുന്നു. ആഗോള തലത്തിൽ ലോഞ്ച് ചെയ്തപ്പോൾ മോട്ടോറോള എഡ്ജ് 70 ഫ്യൂഷന്റെ വില 429.99 യൂറോ (ഏകദേശം 46,075 രൂപ) മുതൽ ആണ് ആരംഭിച്ചത്.

എന്നാൽ വരാൻ പോകുന്ന എഡജ് 70 ഫ്യൂഷന്റെ ഇന്ത്യയിലെ വില സംബന്ധിച്ച സംശയങ്ങൾ നില നിന്നിരുന്നു, എന്ത് വിലയിലാണ് ഇത് ഇന്ത്യയിലെത്തുക എന്നറിയാൻ ആരാധകരുടെ ആകാംക്ഷയ്ക്ക് ഇപ്പോൾ ചോർന്നിരിക്കുന്ന MRP ചില ഉത്തരങ്ങൾ നൽകുന്നു. ടിപ്സ്റ്റർ പുറത്തുവിട്ടിരിക്കുന്ന ചിത്രത്തിലുള്ളത് മോട്ടറോള എഡ്ജ് 70 ഫ്യൂഷന്റെ 12ജിബി + 256ജിബി വേരിയന്റാണ്. ഇതിന്റെ MRP ആയി 49,999 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ബോക്സിലെ MRPയെക്കാൾ കുറഞ്ഞ വിലയിലാണ് ഫോണുകൾ അവതരിപ്പിക്കപ്പെടുക എന്നതിനാൽ മോട്ടറോള എഡ്ജ് 70 ഫ്യൂഷൻ ഇന്ത്യയിൽ ഏകദേശം 45,000 രൂപ വിലയിൽ എത്തിയേക്കാം എന്നാണ് വിലയിരുത്തപ്പെടുന്നത്. മോട്ടറോള എഡ്ജ് 70 സീരീസിൽ ഇന്ത്യയിലെത്തുന്ന രണ്ടാമത്തെ മോഡലാണ് എഡ്ജ് 70 ഫ്യൂഷൻ, നേരത്തെ ഇതേ സീരീസിൽ എഡ്ജ് 70 5ജി ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ടിരുന്നു.

മോട്ടറോള എഡ്ജ് 70 ഫ്യൂഷനിൽ പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ
ആഗോള തലത്തിൽ അവതരിപ്പിക്കപ്പെട്ട മോഡലിൽ നിന്ന് കാര്യമായ മാറ്റങ്ങൾ ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന എഡ്ജ് 70 ഫ്യൂഷനിൽ പ്രതീക്ഷിക്കുന്നില്ല. 2.5GHz ഒക്ട കോർ സ്നാപ്ഡ്രാഗൺ 7s ജെൻ 3 4nm പ്രോസസർ കരുത്തിലാണ് ഈ ഫോൺ എത്തുക. അഡ്രിനോ 720 GPU, 8GB / 12GB റാം എന്നിവയും ഇതോടൊപ്പമുണ്ടാകും.
144Hz റിഫ്രഷ് റേറ്റുള്ള 6.78-ഇഞ്ച് (2772 x 1272 പിക്സലുകൾ) 1.5K OLED ക്വാഡ് കർവ്ഡ് സ്ക്രീൻ, HDR10+,റ്റ്, 5200 nits വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട് പ്രതീക്ഷിക്കാവുന്ന പ്രധാന ഫീച്ചറുകൾ. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയാണ് പ്രവർത്തനം. ആഗോള തലത്തിലേത് പോലെ, 3 OS പിന്തുണയും 4 വർഷ സുരക്ഷാ പിന്തുണയും കമ്പനി വാഗ്ദാനം ചെയ്തേക്കും.
ക്യാമറകളുടെ കാര്യമെടുത്താൽ, സോണി LYTIA 710 സെൻസറുള്ള 50MP മെയിൻ ക്യാമറ, മാക്രോ ഓപ്ഷനോടുകൂടിയ 13MP അൾട്രാ-വൈഡ് ക്യാമറ എന്നിവ അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് എഡ്ജ് 70 ഫ്യൂഷനിൽ ഉണ്ടാകുക. സെൽഫിക്കും മറ്റുമായി 32MP ഫ്രണ്ട് ക്യാമറയും ഉണ്ടാകും. 68W ഫാസ്റ്റ് ചാർജിംഗുള്ള 7000mAh ബാറ്ററിയാണ് ഈ ഫോണിലുള്ളത് എന്ന് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്.

മിലിട്ടറി ഗ്രേഡ് പ്രൊട്ടക്ഷൻ സർട്ടിഫിക്കേഷൻ (MIL STD-810H), പൊടിയും വെള്ളവും പ്രതിരോധിക്കാൻ IP68 + IP69 റേറ്റിങ്, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE എന്നീ ഫീച്ചറുകളും ഇന്ത്യയിലെത്തുന്ന മോട്ടറോള എഡ്ജ് 70 ഫ്യൂഷനിൽ ഉണ്ടാകും.


Click it and Unblock the Notifications








