ഈ സോണി ക്യാമറയുള്ള ലോകത്തിലെ ആദ്യ ഫോൺ! മോട്ടറോള എഡ്ജ് 70 ഫ്യൂഷൻ മാർച്ച് 6ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും
മോട്ടറോള തങ്ങളുടെ എഡ്ജ് 70 സീരീസിലെ രണ്ടാമത്തെ സ്മാർട്ട്ഫോണായി മോട്ടറോള എഡ്ജ് 70 ഫ്യൂഷൻ (motorola edge 70 fusion) മാർച്ച് 6ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ ആഴ്ച തന്നെ ടീസറുകളിലൂടെ ഇതിന്റെ ഇന്ത്യൻ ലോഞ്ച് കമ്പനി സ്ഥിരീകരിച്ചിരുന്നു എങ്കിലും ലോഞ്ച് തിയതി വെളിപ്പെടുത്തിയിരുന്നില്ല. എങ്കിലും മാർച്ച് ആദ്യ ആഴ്ചയിൽ ലോഞ്ച് ഉണ്ടാകും എന്ന സൂചനകൾ വന്നിരുന്നു. ഇപ്പോൾ ലോഞ്ച് തിയതി ഔദ്യോഗികമായി വെളിപ്പെടുത്തപ്പെട്ടതോടെ മോട്ടറോള ആരാധകരും സ്മാർട്ട്ഫോൺ വിപണിയും ആവേശത്തിലാണ്. എഡ്ജ് 70 സീരീസിലെ ഏറ്റവും വിലകുറഞ്ഞ മോട്ടറോള ഫോണായിരിക്കും ഇത് എന്ന് പ്രതീക്ഷിക്കപ്പെടുന്നു.
മാർച്ച് 2 ന് മൊബൈൽ വേൾഡ് കോൺഗ്രസിൽ (MWC 2026) വച്ച് മോട്ടറോള എഡ്ജ് 70 ഫ്യൂഷൻ ആഗോളതലത്തിൽ ലോഞ്ച് ചെയ്യും. അതിന് ശേഷം മാർച്ച് 6 ന് ഇത് ഇന്ത്യയിൽ ലോഞ്ച് ചെയ്യാനാണ് തീരുമാനം. ഒട്ടനവധി പ്രത്യേകതകളോടെ എത്തുന്ന എഡ്ജ് 70 ഫ്യൂഷന്റെ ചില പ്രത്യേകതകൾ കമ്പനി ഇതിനകം തന്നെ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടുണ്ട്.

50MP സോണി LYT-710 സെൻസർ ഉള്ള ലോകത്തെ ആദ്യ സ്മാർട്ട്ഫോൺ ആണ് മോട്ടറോള എഡ്ജ് 70 ഫ്യൂഷൻ എന്ന് കമ്പനി അവകാശപ്പെടുന്നു. പ്രധാന ക്യാമറയ്ക്ക് ഒപ്പം മാക്രോ ഓപ്ഷനുള്ള 13MP അൾട്രാ-വൈഡ് ക്യാമറയും ഉണ്ട് എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സെൽഫിക്കും മറ്റുമായി 32MP ഫ്രണ്ട് ക്യാമറയും എഡ്ജ് 70 ഫ്യൂഷനിലുള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്. എല്ലാ ക്യാമറകളും 4K പിന്തുണയോടെയാണ് എത്തുന്നത്.
കഴിഞ്ഞ വർഷത്തെ എഡ്ജ് 60 ഫ്യൂഷന്റെ പിൻഗാമിയായാണ് പുതിയ എഡ്ജ് 70 ഫ്യൂഷൻ എത്തുന്നത്. മുൻ മോഡലിനെ അപേക്ഷിച്ച് ക്യാമറ, ബാറ്ററി എന്നിവയിൽ അപ്‌ഗ്രേഡുകൾ, സിഗ്നേച്ചർ കർവ്ഡ് സ്‌ക്രീൻ എന്നിവ പുതിയ മോഡലിന്റെ ഹൈലറ്റുകളാണ്. 5200 nits പീക്ക് ബ്രൈറ്റ്‌നസ് സഹിതം 144Hz 1.5K ട്രൂ കളർ ക്വാഡ്-കർവ്ഡ് ഡിസ്‌പ്ലേയുള്ള സെഗ്മെന്റിലെ ആദ്യ സ്മാർട്ട്ഫോൺ ആണ് എഡ്ജ് 70 ഫ്യൂഷൻ എന്ന് കമ്പനി പറയുന്നു.

ഇപ്പോൾ സ്മാർട്ട്ഫോണുകൾ മികച്ച ബാറ്ററി ശേഷിക്ക് ഏറെ പ്രാധാന്യം നൽകിയാണ് അവതരിപ്പിക്കപ്പെടാറുള്ളത്. മോട്ടറോള എഡ്ജ് 70 ഫ്യൂഷനും അതേ ട്രെൻഡ് പിന്തുടരുന്നു. 7000 mAh ബാറ്ററിയാണ് ഈ ഫോണിലുള്ളത്. ഇതുവരെ ഒരു മോട്ടോ എഡ്ജ് സീരീസ് ഫോണിൽ ലഭ്യമായിട്ടുള്ള ഏറ്റവും വലിയ ബാറ്ററി ശേഷിയാണ് ഇത് എന്നത് ഏറെ ശ്രദ്ധേയമാണ്.
68W ടർബോ ചാർജിങ് സഹിതമാണ് എഡ്ജ് 70 ഫ്യൂഷനിലെ 7000mAh ബാറ്ററി എത്തുന്നത്. ഇത്ര വലിയ ബാറ്ററി ശേഷിയുണ്ടായിട്ടും ഈ ഫോണിന്റെ വലിപ്പം 7.99mm മാത്രമാണ് എന്ന് കമ്പനി എടുത്തുപറയുന്നുണ്ട്.
ലെതർ-ഇൻസ്പയർഡ് ഫിനിഷുള്ള പാന്റോൺ സിലൗറ്റ്, പാന്റോൺ ബ്ലൂ സർഫ്, പാന്റോൺ കൺട്രി എയർ കളർ ഓപ്ഷനുകളിലാണ് എഡ്ജ് 70 ഫ്യൂഷൻ എത്തുക എന്ന വിവരവും സ്ഥിരീകരിച്ചിട്ടുണ്ട്.
സ്നാപ്ഡ്രാഗൺ 7s ജെൻ 3 ചിപ്സെറ്റ് കരുത്തിലാണ് ഈ മോട്ടറോള ഫോൺ എത്തുന്നത്. 12GB വരെ റാം, 12GB വെർച്വൽ റാം ഫീച്ചറുകളും ഇതിലുണ്ട്. മിലിട്ടറി ഗ്രേഡ് പ്രൊട്ടക്ഷൻ സർട്ടിഫിക്കേഷൻ (MIL STD-810H), പൊടി, ജല പ്രതിരോധത്തിനായി IP68 + IP69 റേറ്റിങ് എന്നിവയും ഇതിലുണ്ടാകും. ഇതിലെ മറ്റ് ഡീറ്റെയിൽസ് മാർച്ച് 2ന് ഔദ്യോഗികമായി അറിയാനാകും.

ലോഞ്ചിന് ശേഷം ഫ്ലിപ്പ്കാർട്ട്, മോട്ടറോളയുടെ ഔദ്യോഗിക ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി മോട്ടറോള എഡ്ജ് 70 ഫ്യൂഷൻ വിൽപ്പനയ്ക്ക് എത്തും. ഇതിന്റെ വില സംബന്ധിച്ച് നിലവിൽ സൂചനകളില്ല. എങ്കിലും എഡ്ജ് 70 സീരീസിലെ ഏറ്റവും വില കുറഞ്ഞ ഓപ്ഷനായിരിക്കും എഡ്ജ് 70 ഫ്യൂഷൻ എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.


Click it and Unblock the Notifications








