എഡ്ജ് സീരീസിലേക്ക് ഒരു സ്ലിം ബ്യൂട്ടി! മോട്ടറോള എഡ്ജ് 70 ഡിസംബർ 15 ന് ഇന്ത്യയിൽ
മോട്ടറോള ഇന്ത്യയിലെ തങ്ങളുടെ എഡ്ജ് സീരീസിലേക്ക് എഡ്ജ് 70 സീരീസിന്റെ പേര് എഴുതിച്ചേർക്കാൻ പോകുന്നു. എഡ്ജ് 70 സീരീസിന് തുടക്കം കുറിച്ചുകൊണ്ട് മോട്ടറോള എഡ്ജ് 70 ഡിസംബർ 15ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്ന് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു. കഴിഞ്ഞ മാസം ചൈനയിൽ മോട്ടറോള X70 എയർ എന്ന മോഡൽ ലോഞ്ച് ചെയ്തിരുന്നു. അത് പിന്നീട് മോട്ടറോള എഡ്ജ് 70 (motorola edge 70) എന്ന പേരിൽ ആഗോളതലത്തിൽ ലോഞ്ച് ചെയ്യപ്പെട്ടു. ഇതേ എഡ്ജ് 70 ആണ് ഇപ്പോൾ ഇന്ത്യയിലേക്കും എത്താൻ പോകുന്നത്.
എഡ്ജ് 60 സീരീസിന്റെ പിൻഗാമിയായിട്ടാണ് എഡ്ജ് 70 സീരീസ് എത്തുന്നത്. പുതിയ എഡ്ജ് സീരീസിന് തുടക്കം കുറിച്ചുകൊണ്ട് എത്തുന്ന എഡ്ജ് 70 മോഡലിന്റെ പ്രധാന പ്രത്യേകത ഇതിന് 5.99mm സ്ലീക്ക് ഡിസൈൻ ആണ് ഉള്ളത് എന്നാണ്. ആഗോള തലത്തിൽ ലോഞ്ച് ചെയ്ത മോഡലിൽ 4800mAh ബാറ്ററിയാണ് ഉണ്ടായിരുന്നത്. അതേസമയം ഇന്ത്യയിലെത്തുന്ന മോഡലിൽ 5000mAh ബാറ്ററി ആണ് ഉള്ളത്.

ബാറ്ററി ശേഷിയിൽ ചെറിയ വ്യത്യാസം ഉണ്ടെങ്കിലും ആഗോള തലത്തിൽ അവതരിപ്പിക്കപ്പെട്ട മോഡലിലെ ഏതാണ്ട് അതേ ഫീച്ചറുകൾ തന്നെ എഡ്ജ് 70 ഇന്ത്യൻ മോഡലിലും പ്രതീക്ഷിക്കാം. സ്‌നാപ്ഡ്രാഗൺ 7 ജെൻ 4 ചിപ്സെറ്റ് കരുത്തിലാണ് ഈ ഫോൺ എത്തുക. പാന്റോൺ ലില്ലി പാഡ്, പാന്റോൺ ഗാഡ്‌ജെറ്റ് ഗ്രേ, പാന്റോൺ ബ്രോൺസ് ഗ്രീൻ കളർ ഓപ്ഷനുകളിൽ ഈ ഫോൺ വാങ്ങാനാകും.
ഫീച്ചറുകളിൽ വിട്ടുവീഴ്ച ചെയ്യാതെ സ്ലിം ബോഡിയിൽ എത്തുന്നു എന്നതാണ് ഈ എഡ്ജ് 70യുടെ പ്രധാന നേട്ടമായി കമ്പനി എടുത്തുപറയുന്നത്. നേരത്തെ ഐഫോൺ എയർ മോഡൽ സ്ലിം ഡിസൈനിൽ എത്തിയെങ്കിലും ക്യാമറ അടക്കമുള്ള കാര്യങ്ങളിൽ ഒരുപാട് വിട്ടുവീഴ്ചകൾ ചെയ്തു. എന്നാലിവിടെ 3X50MP ക്യാറയുള്ള ഇന്ത്യയിലെ ഏക അൾട്ര തിൻ സ്മാർട്ട്ഫോൺ ആണ് എഡ്ജ് 70 എന്ന് മോട്ടറോള പറയുന്നു.

ലോഞ്ചിന് ശേഷം ഫ്ലിപ്പ്കാർട്ടിലൂടെയും മോട്ടോറോളയുടെ ഇന്ത്യയിലെ ഔദ്യോഗിക വെബ്സൈറ്റ്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി എഡ്ജ് 70 വിൽപ്പനയ്ക്ക് എത്തും. ഇതോടൊപ്പം കഴിഞ്ഞ ആഴ്ച ആഗോള തലത്തിൽ എത്തിയ മോട്ടറോള എഡ്ജ് 70 ക്ലൗഡ് ഡാൻസർ സ്പെഷൽ എഡിഷനും ഇന്ത്യയിൽ ലോഞ്ച് ചെയ്തേക്കും.
പ്രതീക്ഷിക്കാവുന്ന പ്രധാന ഫീച്ചറുകൾ
മോട്ടറോള എഡ്ജ് 70 5ജിയിൽ 120Hz റിഫ്രഷ് റേറ്റുള്ള 6.7-ഇഞ്ച് (2712 x 1220 പിക്സൽസ്) 1.5K 10-ബിറ്റ് pOLED ഡിസ്പ്ലേ, 4500 nits വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവ പ്രതീക്ഷിക്കാം. ക്വാൽകോം സ്നാപ്ഡ്രാഗൺ 7 ജെൻ 4 4nm ചിപ്സെറ്റ് ആയിരിക്കും ഈ ഫോണിന്റെ കരുത്ത്.
ആഗോള വേരിയന്റിലെ ഫീച്ചറുകൾ കണക്കിലെടുക്കുമ്പോൾ, അഡ്രിനോ 722 GPU, 12GB LPDDR5X റാം, 512GB സ്റ്റോറേജ്, 50MP മെയിൻ ക്യാമറ, 50MP 120º അൾട്രാ-വൈഡ് ക്യാമറ, 50MP സെൽഫി ക്യാമറ, വെള്ളം- പൊടി എന്നിവയെ പ്രതിരോധിക്കാൻ IP68 + IP69 റേറ്റിങ്, മിലിട്ടറി ഗ്രേഡ് ഈട് (MIL-STD-810H) എന്നിവയും എഡ്ജ് 70 5ജിയിൽ ഉണ്ടാകും.

ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയായിരിക്കും ഈ ഫോണിന്റെ പ്രവർത്തനം. ഡ്യുവൽ സിം (1 നാനോ സിം + eSIM), 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 6E 802.11ax (2.4GHz/5GHz), ബ്ലൂടൂത്ത് 5.4, GPS, USB ടൈപ്പ്-C, NFC, 68W ടർബോപവർ ഫാസ്റ്റ് ചാർജിംഗ്, 15W വയർലെസ് ചാർജിംഗ് പിന്തുണ എന്നിവയും ഇതിൽ പ്രതീക്ഷിക്കാം.


Click it and Unblock the Notifications








