കുലീനരേ... ഉദാത്തരേ... ഉറ്റ തോഴരേ... ശുദ്ധ മർത്യരേ... നിങ്ങൾക്കിതാ ഒരു മോട്ടറോള ഫോൺ! വരവ് രാജകീയമാ...
സിനിമാ പ്രേമികൾക്കിടയിൽ ഫഹദിന്റെ 'ആവേശം' ആവേശം തീർക്കാനൊരുങ്ങുമ്പോൾ പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ മോട്ടറോളയും തങ്ങളുടെ ആരാധകരെ ആവേശത്തിലാക്കാൻ കളത്തിലിറങ്ങിയിരിക്കുന്നു. ഇന്ത്യയിൽ ഉടൻ തന്നെ ഒരു പുതിയ കിടിലൻ സ്മാർട്ട്ഫോൺ അവതരിപ്പിക്കുമെന്ന് മോട്ടറോള വെളിപ്പെടുത്തി. എന്നാൽ സസ്പെൻസ് നിലനിർത്തിക്കൊണ്ട് ഏത് മോഡലാണ് വരുന്നത് എന്ന് കമ്പനി പുറത്തുവിട്ടിട്ടില്ല.
#UnleashTheBeast- മികച്ച പെർഫോമൻസും പരിധിയില്ലാത്ത എന്റർടെയ്ൻമെന്റും ആസ്വദിക്കാൻ തയാറെടുക്കാനാണ് മോട്ടറോള സ്മാർട്ട്ഫോൺ പ്രേമികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം ഈ വിവരം പുറത്തുവിട്ടതിനൊപ്പം മോട്ടറോള നൽകിയിരിക്കുന്ന ചിത്രം പരിശോധിക്കുമ്പോൾ വരാൻ പോകുന്നത് മോട്ടോ g64-5G ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മോട്ടറോളയുടെ ഈ പ്രഖ്യാപനം സ്മാർട്ട്ഫോൺ പ്രേമികളിൽ ആവേശം ഉണർത്തിയിട്ടുണ്ട്.

മോട്ടറോള കഴിഞ്ഞ വർഷം പുറത്തിറക്കിയ മികച്ച സ്മാർട്ട്ഫോണുകളിൽ ഒന്നായിരുന്നു മോട്ടോ g54. അതിൻ്റെ പിൻഗാമിയായി എത്തുന്ന മോട്ടോ g64 5Gയുടെ ലോഞ്ചിനെക്കുറിച്ചാണ് മോട്ടറോള ഇപ്പോൾ സൂചിപ്പിച്ചിരിക്കുന്നത് എന്ന വാദത്തിന് ശക്തി കൂടുതലാണ്. കാരണം @evleaks aka Evan Blass സമാനമായ ഡിസൈൻ കാണിക്കുന്ന g64 5G യുടെ ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്.
മോട്ടറോള g64 5G ഇതിനകം ചിലയിടങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. സിംഗിൾ കോർ സ്‌കോർ 1026 ഉം മൾട്ടി-കോർ സ്‌കോർ 2458 ഉം വെളിപ്പെടുത്തുന്ന Geekbench ലിസ്റ്റിംഗിലും g64 5G പ്രത്യക്ഷപ്പെട്ടു. ഫോണിൽ മീഡിയടെക് ഡൈമെൻസിറ്റി 7025 6nm ഒക്ടാ കോർ പ്രൊസസർ ആണ് ഉള്ളത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ബെഞ്ച്മാർക്ക് ലിസ്റ്റിങ് 12GB റാം വെളിപ്പെടുത്തുന്നുണ്ടെങ്കിലും 8GB റാം പതിപ്പും പ്രതീക്ഷിക്കാം. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയായിരിക്കും ഈ മോട്ടറോള ഫോൺ പ്രവർത്തിക്കുക. ഇതിന്റെ വില ഏകദേശം 15000 രൂപയ്ക്കടുത്ത് വരും. ഈ മോട്ടറോള ഫോണിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലോഞ്ച് അടുക്കുന്നതിനോടടുത്ത് പുറത്തുവരും.
അതേസമയം മോട്ടറോളയുടെ മറ്റൊരു സ്മാർട്ട്ഫോൺ ലോഞ്ചിന്റെ വാർത്തയും ഇപ്പോൾ എത്തിയിട്ടുണ്ട്. ബജറ്റ് വിലയിലെത്തുന്ന മോട്ടറോള സ്മാർട്ട്ഫോണായ മോട്ടോ g04s (moto g04s) കമ്പനി ആഗോള തലത്തിൽ ലോഞ്ച് ചെയ്തു എന്നതാണ് അത്. യൂറോപ്പ്, ലാറ്റിനമേരിക്ക, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിൽ ഇപ്പോൾ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും.
മോട്ടോ g04s ന്റെ പ്രധാന ഫീച്ചറുകൾ: 6.6 ഇഞ്ച് IPS ഡിസ്പ്ലേ, 90Hz റിഫ്രഷ് റേറ്റ്, 537 നിറ്റ്സ് വരെ ബ്രൈറ്റ്നസ്, പാണ്ട ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവയുമാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകൾ. 1.6GHz ഒക്ടാ കോർ യൂണിസോക്ക് T606 12nm പ്രൊസസർ ആണ് ഈ ഫോണിന്റെ കരുത്ത്.

4GB / 8GB LPDDR4X റാം, 64GB UFS 2.2 സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വികസിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഈ മോട്ടറോള ഫോണിലുണ്ട്. ഡ്യുവൽ സിം (നാനോ+ നാനോ + മൈക്രോ എസ്ഡി), 3.5എംഎം ഓഡിയോ ജാക്ക്, ഡോൾബി അറ്റ്‌മോസ്, സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സ്കാനർ ഫീച്ചറുകളും ഇതിലുണ്ട്.
f/1.8 അപ്പേർച്ചർ, PDAF, LED ഫ്ലാഷ് എന്നിവയുള്ള 50MP മെയിൻ റിയർ ക്യാമറയും f/2.2 അപ്പേർച്ചർ ഉള്ള 5MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയാണ് ഈ മോട്ടറോള ഫോണിന്റെയും പ്രവർത്തനം. പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കാൻ IP52 റേറ്റിങ്ങും ഇതിലുണ്ട്.
ഡ്യുവൽ 4G LTE, ബ്ലൂടൂത്ത് 5.0, GPS, യുഎസ്ബി ടൈപ്പ്-സി കണക്ടിവിറ്റി ഫീച്ചറുകളും 15W വരെ ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5000mAh ബാറ്ററിയും മോട്ടോ g04sൽ ഉണ്ട്. 119 യൂറോ (USD 129 / Rs. 10,750 ഏകദേശം.) പ്രാരംഭ വിലയിലാണ് ഈ ഫോൺ വിൽപ്പനയ്ക്ക് എത്തുന്നത്.


Click it and Unblock the Notifications








