ഇതെന്ത് ഭാവിച്ചാണോ ആവോ! മോട്ടോ E13ന്റെ 128 ജിബി സ്റ്റോറേജ് വേരിയന്റ് എത്തി; വില 8999 രൂപ!
ഇന്ത്യയിലെ ബജറ്റ് സ്മാർട്ട്ഫോൺ വിപണിയിൽ സാന്നിധ്യം ഉറപ്പിക്കുന്നതിനായി മോട്ടോ E13 (Moto E13) ന്റെ പുതിയ വേരിയന്റ് പുറത്തിറക്കി മോട്ടറോള. ഇതുവരെ മോട്ടോ ഇ13 സ്മാർട്ട്ഫോണിന്റെ 64 ജിബി സ്റ്റോറേജ് മാത്രമാണ് ലഭ്യമായിരുന്നത്. എന്നാൽ ഇനി ഉപയോക്താക്കൾക്ക് 128 ജിബി സ്റ്റോറേജ് വേരിയന്റും ലഭ്യമാകും.
ഇന്റേണൽ സ്റ്റോറേജ് വർധിപ്പിച്ച് പുതിയ വേരിയന്റ് പുറത്തിറക്കി എന്നതിനപ്പുറം 13-മെഗാപിക്സൽ പ്രൈമറി ക്യാമറ, യൂണിസോക് T606 ചിപ്സെറ്റ്, 5,000mAh ബാറ്ററി എന്നിവ ഉൾപ്പെടെ പുതിയ മോട്ടോ ഇ13 ലെ ഫീച്ചറുകളെല്ലാം പഴയതുതന്നെയാണ്. പുതിയ വേരിയന്റുകൂടി എത്തിയതോടെ മോട്ടോ ഇ13 ന്റെ വേരിയന്റുകളുടെ എണ്ണം മൂന്നായി.

മോട്ടോ ഇ13 സ്മാർട്ട്ഫോണിന്റെ 2 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന മോഡൽ 6,999 രൂപയ്ക്ക് ആണ് ലോഞ്ച് ചെയ്തത്. അതിന്റെ തൊട്ടടുത്ത വേരിയന്റ് 4 ജിബി റാമും 64 ജിബി സ്റ്റോറേജുമായാണ് എത്തുന്നത്. ഈ മിഡ്- ടയർ ഓപ്ഷൻ 7,999 രൂപ വിലയിലാണ് ലോഞ്ച് ചെയ്തത്.
ഈ രണ്ട് വേരിയന്റുകൾക്കും പുറമേയാണ് 8 ജിബി റാം, 128 ജിബി സ്റ്റോറേജ് എന്ന കോംബിനേഷനിൽ ഒരു പുതിയ ഉയർന്ന വേരിയന്റുകൂടി മോട്ടറോള അവതരിപ്പിച്ചിരിക്കുന്നത്. അറോറ ഗ്രീൻ, കോസ്മിക് ബ്ലാക്ക്, ക്രീം വൈറ്റ് എന്നീ നിറങ്ങളിലാണ് മോട്ടോ ഇ13 ബജറ്റ് സ്മാർട്ട്ഫോൺ എത്തുന്നത്.
പതിനായിരം രൂപയിൽ താഴെ വില വിഭാഗത്തിൽ 8ജിബി റാം 128 ജിബി സ്റ്റോറേജ് കോൺഫിഗറേഷനോടു കൂടി എത്തുന്ന മോട്ടോ ഇ13 വേരിയന്റ് സ്വന്തമാക്കാൻ ഉപയോക്താക്കൾ 8999 രൂപ നൽകേണ്ടിവരും. ഫ്ലിപ്കാർട്ട്, പ്രമുഖ റീട്ടെയിൽ സ്റ്റോറുകൾ, മോട്ടറോള ചാനലുകൾ എന്നിവ വഴി ഈ ഫോൺ വാങ്ങാം.
ഓഗസ്റ്റ് 16 മുതലാണ് മോട്ടോ ഇ13 ന്റെ പുതിയ വേരിയന്റിന്റെ വിൽപ്പന ഇന്ത്യയിൽ ആരംഭിക്കുക. കുറഞ്ഞ വിലയിൽ ഒരു സ്മാർട്ട്ഫോൺ വേണം എന്നുള്ളവർക്ക് ഈ മോട്ടോ ഇ13 തിരഞ്ഞെടുക്കാം. എന്നാൽ 5ജി ഫോൺ വേണം എന്ന് ആഗ്രഹിക്കുന്നവർ മറ്റ് ഫോണുകൾ അന്വേഷിക്കണം. കാരണം മോട്ടോ ഇ13 ആത്യന്തികമായി ഒരു 4ജി ഫോൺ ആണ്.
പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡുകളെല്ലാം പതിനായിരം രൂപയിൽ താഴെ വിലയിൽ പോലും 5ജി ഫോൺ ഇറക്കുന്ന ഈ സമയത്ത്, മോട്ടറോള 128 ജിബി സ്റ്റോറേജുമായി ഈ 4ജി ഫോണിന്റെ പുതിയ വേരിയന്റ് പുറത്തിറക്കിയത് എന്ത് ഭാവിച്ചാണ് എന്ന ചിന്തയിലാണ് സ്മാർട്ട്ഫോൺ വിപണി നിരീക്ഷകർ.
വില ഒരു മുഖ്യ ഘടകമായി കണ്ട് ഫോൺ വാങ്ങുന്ന ആളുകളെ ആകാം മോട്ടറോള ലക്ഷ്യമിടുന്നത്. ബജറ്റ് വിലയിൽ 6,999 രൂപ മുതൽ ലഭ്യമായ ഈ മോട്ടോ ഇ13 സ്മാർട്ട്ഫോണിന്റെ പ്രധാന ഫീച്ചറുകൾ എന്തൊക്കെയാണ് എന്ന് കൂടി പരിചയപ്പെടാം. പുതിയ സ്റ്റോറേജ് വേരിയന്റ് വന്നെങ്കിലും മോട്ടോ ഇ13 ന്റെ മറ്റ് ഫീച്ചറുകൾ എല്ലാം പഴയതുതന്നെയാണ്.
6.5 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. സെൽഫി ക്യാമറയ്‌ക്കായി ടിയർഡ്രോപ്പ്-സ്റ്റൈൽ നോച്ച് നൽകിയിരിക്കുന്നു. യൂണിസോക് T606 ഒക്ടാ കോർ ചിപ്‌സെറ്റ് ആണ് പ്രോസസർ. എഐ പിന്തുണയുള്ള 13 മെഗാപിക്സൽ റിയർ ക്യാമറയും 5എംപി ഫ്രണ്ട് ക്യാമറയും മോട്ടോ ഇ13ൽ ഉണ്ട്.
5,000mAh ബാറ്ററി, 10W ചാർജർ, ഡോൾബി അറ്റ്‌മോസ് ഓഡിയോ, ഡ്യുവൽ-ബാൻഡ് വൈ-ഫൈ കണക്റ്റിവിറ്റി, യുഎസ്ബി ടൈപ്പ്-സി 2.0 കണക്റ്റർ, ബ്ലൂടൂത്ത് 5.0 വയർലെസ് ടെക്‌നോളജി എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകൾ. എന്നിരുന്നാലും ഇതൊരു 4ജി ഫോൺ ആണ് എന്നത് പ്രത്യേകം ശ്രദ്ധവയ്ക്കുക.


Click it and Unblock the Notifications








