ഈ സിഗ്നേച്ചർ സൂപ്പർ ഹിറ്റ് ആകുന്ന ലക്ഷണമുണ്ട്; ഇന്ത്യൻ ലോഞ്ചിന് മുമ്പ് ഫീച്ചറുകൾ പുറത്ത്
മോട്ടറോള സിഗ്നേച്ചർ എന്ന ഒരു പുതിയ സ്മാർട്ട്ഫോൺ സീരീസ് ആരംഭിക്കാൻ പോകുന്നതായി കഴിഞ്ഞ മാസം സ്ഥിരീകരിക്കപ്പെട്ടിരുന്നു. മോട്ടറോളയുടെ പുതിയ പ്രീമിയം സ്മാർട്ട്‌ഫോൺ സെഗ്‌മെന്റായി എത്തുന്ന സിഗ്നേച്ചർ സീരീസിലെ ആദ്യ മോഡൽ മോട്ടറോള സിഗ്നേച്ചർ (Motorola Signature) എന്ന പേരിൽ തന്നെ എത്തുമെന്നാണ് സൂചന. ഇതിന്റെ ഇന്ത്യൻ ലോഞ്ച് ജനുവരി 7ന് നടക്കും എന്ന് ചില റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇതിലെ ഫീച്ചറുകളൊന്നും കമ്പനി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഇപ്പോൾ ടിപ്സ്റ്റർ ഇവാൻ ബ്ലാസ് വരാൻ പോകുന്ന ഈ മോട്ടറോള പ്രീമിയം മോഡലിന്റെ ഫുൾ സ്‌പെസിഫിക്കേഷൻ ഷീറ്റ് പങ്കുവച്ചിട്ടുണ്ട്.
സിഗ്നേച്ചർ സീരീസിലെ ആദ്യ മോഡലിൽ മോട്ടറോള എന്താണ് നൽകാൻ പോകുന്നത് എന്നതിന്റെ ഏകദേശ ധാരണ ഇവാൻ പുറത്തുവിട്ട ലീക്ക് റിപ്പോർട്ടിൽ നിന്ന് ലഭ്യമാണ്. ഇതുവരെ മിഡ്-റേഞ്ച് സെഗ്‌മെന്റിലാണ് മോട്ടറോള ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. മോട്ടറോള എഡ്ജ് സീരീസ് മോഡലുകൾ ഏറെ പ്രശസ്തവുമാണ്. പ്രീമിയം വിഭാഗത്തിനായി ഫോൾഡബിൾ ഫോണുകളാണ് മോട്ടറോള ലഭ്യമാക്കിയിരുന്നത്. എന്നാൽ സിഗ്നേച്ചറിലൂടെ ഈ രീതികൾക്കെല്ലാം മാറ്റം വരാൻ പോവുകയാണ്.

പുറത്തുവന്ന ലീക്ക് റിപ്പോർട്ട് പ്രകാരം, 1.5K റെസല്യൂഷനും 165Hz ഹൈ റിഫ്രഷ് റേറ്റും ഉള്ള വലിയ 6.8 ഇഞ്ച് എക്‌സ്ട്രീം അമോലെഡ് പാനൽ ആണ് ഈ പ്രീമിയം മോഡലിനായി മോട്ടറോള സജ്ജീകരിച്ചിരിക്കുന്നത്. 165Hz ഡിസ്‌പ്ലേ ഇതിനുമുമ്പ് നാം കണ്ടത് അടുത്തിടെ ലോഞ്ച് ചെയ്യപ്പെട്ട വൺപ്ലസ് 15 സീരീസ് മോഡലുകളിലാണ്.
ഹൈ റിഫ്രഷ് റേറ്റ് മാത്രമല്ല, ഡോൾബി വിഷൻ, HDR10+ സർട്ടിഫിക്കേഷൻസ്, 6,200 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസ്, ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ എന്നിവയും മോട്ടറോള സിഗ്നേച്ചർ മോഡലിലുണ്ട് എന്ന് ടിപ്സ്റ്റർ ഇവാൻ ബ്ലാസ് പുറത്തുവിട്ട ലീക്ക് റിപ്പോർട്ടിൽ പറയുന്നു.
ക്വാൽകോമിന്റെ പുതിയ കരുത്തൻ പ്രോസസറായ സ്‌നാപ്ഡ്രാഗൺ 8 ജെൻ 5 ആണ് മോട്ടറോള സിഗ്നേച്ചറിന് കരുത്ത് പകരുക. ഇവിടെയും വൺപ്ലസ് ആണ് മോട്ടറോളയ്ക്ക് എതിരാളി, വൺപ്ലസിന്റെ 15r മോഡൽ ഈ ചിപ്സെറ്റ് കരുത്തിലാണ് ഇന്ത്യയിൽ എത്തിയിട്ടുള്ളത്. 16ജിബി വരെ LPDDR5x റാമും 1TB UFS 4.1 സ്റ്റോറേജും കൂടി ഈ ചിപ്സെറ്റിനൊപ്പം എത്തുന്നതിനാൽ മികച്ച പെർഫോമൻസ് വാഗ്ദാനം ചെയ്യുന്ന ഒരു മോഡലാകാൻ സിഗ്നേച്ചറിന് കഴിയും.
ബാറ്ററിയുടെ കാര്യമെടുത്താൽ, 90W വയർഡ് ഫാസ്റ്റ് ചാർജിങ്, 50W വയർലെസ് ചാർജിങ്, വയർഡ്, വയർലെസ് റിവേഴ്‌സ് ചാർജിങ് പിന്തുണകളോടെ 5,200mAh ബാറ്ററിയാണ് മോട്ടറോള സിഗ്നേച്ചറിൽ ഉള്ളത് എന്നാണ് റിപ്പോർട്ട്. ഈ ഫോണിന്റെ ബോക്സിൽ ചാർജർ ഉണ്ടാകും എന്നതാണ് ഇതോടൊപ്പം എടുത്തുപറയേണ്ട ഒരു പ്രധാന കാര്യം.
ക്യാമറകളുടെ കാര്യമെടുത്താൽ, 50MP സോണി LYT-828 മെയിൻ സെൻസർ, ഓട്ടോഫോക്കസുള്ള 50MP അൾട്രാ-വൈഡ് ലെൻസ്, 3x ഒപ്റ്റിക്കൽ സൂമും പിന്നിൽ 100x ഡിജിറ്റൽ സൂമും ഉള്ള 50MP സോണി LYT-600 പെരിസ്‌കോപ്പ് ടെലിഫോട്ടോ എന്നിവ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും 50MP സോണി LYT-500r ഫ്രണ്ട് ക്യാമറയും ഈ പ്രീമിയം മോഡലിൽ ഉണ്ടാകും എന്നാണ് ലീക്ക് റിപ്പോർട്ട്.
സാംസങ്, ഗൂഗിൾ പോലുള്ള ബ്രാൻഡുകൾ തങ്ങളുടെ പ്രീമിയം മോഡലുകൾക്ക് ദീർഘകാല സോഫ്ട്വേർ പിന്തുണ നൽകാറുണ്ട്. ഇവിടെ പുതിയ പ്രീമിയം സിഗ്നേച്ചർ മോഡലിൽ മോട്ടറോള ഇത് അനുകരിക്കുമെന്നും ആൻഡ്രോയിഡ് 16-ൽ എത്തുന്ന സിഗ്നേച്ചർ ഫോണിന് ഏഴ് വർഷത്തെ OS അപ്‌ഡേറ്റുകളും സുരക്ഷാ പാച്ചുകളും ലഭിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത്ര വലിയ സോഫ്ട്വേർ പിന്തുണ ലഭിക്കുന്ന ആദ്യ മോട്ടറോള ഫോൺ ആയിരിക്കും ഇത്.
അലുമിനിയം ഫ്രെയിം, MIL-STD-810 സർട്ടിഫിക്കേഷൻ, IP68/69 റേറ്റിങ്, ഇസിം പിന്തുണ എന്നിവയും മോട്ടറോള സിഗ്നേച്ചറിൽ ഉണ്ടാകുമെന്നും ഇതിന് 7mm കനവും ഏകദേശം 186 ഗ്രാം ഭാരവുമുണ്ടാകുമെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇത്ര ശക്തമായ ഫീച്ചറുകൾ സഹിതം പതിവ് രീതികളിൽ നിന്ന് വേറിട്ട് എത്തുന്ന ഈ സിഗ്നേച്ചർ വിപണിയിൽ സൂപ്പർഹിറ്റ് ആകാൻ സാധ്യതയുണ്ട്, എന്നാൽ എന്ത് വിലയിലാകും ഇത് എത്തുക എന്നതുകൂടി വിജയത്തിൽ നിർണായകമാകും.


Click it and Unblock the Notifications








