അതുതാനല്ലയോ ഇത്! മോട്ടറോളയുടെ പുതിയ പ്രീമിയം 'സിഗ്നേച്ചർ' സീരീസിലെ കന്നി ഫോൺ വരുന്നു
മോട്ടറോള തങ്ങളുടെ സ്മാർട്ട്ഫോൺ നിരയിലേക്ക് ഒരു പുതിയ സീരീസ് കൂടി കൂട്ടിച്ചേർക്കാൻ പോകുന്നു എന്ന് റിപ്പോർട്ട്. നിലവിൽ മോട്ടറോളയുടെ ഫോൾഡബിൾ ഫോണുകൾ അടങ്ങുന്ന റേസർ സീരീസ്, മോട്ടോ ജി സീരീസ്, ഏറെ പ്രശസ്തമായ എഡ്ജ് സീരീസ് എന്നിവയാണ് മോട്ടറോളയുടെ പ്രധാന സ്മാർട്ട്ഫോൺ സീരീസുകൾ. ഈ നിരയിലേക്ക് പുതിയതായി ഒരു സിഗ്നേച്ചർ സീരീസ് കൂടി എത്താൻ പോകുന്നു. എഡ്ജ് സീരീസിന് മുകളിൽ നിൽക്കുന്ന പ്രീമിയം സ്മാർട്ട്ഫോൺ സീരീസായിട്ടാകും മോട്ടറോള സിഗ്നേച്ചർ സീരീസ് (motorola Signature premium series) എത്തുക. പുതിയ സീരീസ് വരുന്നതിന്റെ മുന്നോടിയായി ടീസർ ഉൾപ്പെടെ പുറത്തുവന്നിട്ടുണ്ട്.
മോട്ടറോള സിഗ്നേച്ചർ സീരീസിനെ സംബന്ധിച്ച പുതിയ വിവരങ്ങൾ കമ്പനി ഉടൻ തന്നെ വെളിപ്പെടുത്തും. മോട്ടറോളയുടെ എഡ്ജ് സീരീസിലെ പ്രീമിയം മോഡലായ അൾട്ര ആയിരിക്കും സിഗ്നേച്ചർ സീരീസിൽ ആദ്യ ഫോണായി എത്തുക എന്നാണ് ലീക്ക് റിപ്പോർട്ട്. അതായത് എഡ്ജ് 70 അൾട്രയാകും മോട്ടറോള സിഗ്നേച്ചർ സീരീസിലെ കന്നി മോഡൽ എന്ന് പ്രതീക്ഷിക്കാം.

എഡ്ജ് അൾട്രാ മോഡലുകൾക്ക് പകരമായിട്ടാണ് പുതിയ സിഗ്നേച്ചർ സീരീസ് മോട്ടറോള അവതരിപ്പിക്കുന്നതെന്നും ഇത് കമ്പനിയുടെ അടുത്ത ടോപ്പ്-എൻഡ് ഫോണായിരിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. 'ഉറുസ്' എന്ന കോഡ് നാമമുള്ള ഒരു ഡിവൈസിനെപ്പറ്റിയുള്ള വിവരങ്ങൾ ഈ മാസം ആദ്യം ലീക്കായിരുന്നു, ഇത് മോട്ടറോള എഡ്ജ് 70 അൾട്ര ആണെന്ന് വിശ്വസിക്കപ്പെടുന്നു.
അധികം വൈകാതെ ലോഞ്ച് ചെയ്യാനിരുന്ന മോട്ടറോള എഡ്ജ് 70 അൾട്ര മോഡലിനെ കമ്പനി പുനർനാമകരണം ചെയ്ത് സിഗ്നേച്ചർ സീരീസായി അവതരിപ്പിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ വന്നിരിക്കുന്നത്. എന്നാൽ കമ്പനി ഇതേപ്പറ്റി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്തായാലും മോട്ടറോളയുടെ സിഗ്നേച്ചർ സീരീസിലെ ആദ്യ ഫോൺ ഏത് പേരിൽ എത്തിയാലും അത് എഡ്ജ് 70 അൾട്ര തന്നെയായിരിക്കും എന്നാണ് റിപ്പോർട്ടുകൾ അവകാശപ്പെടുന്നത്.
മോട്ടറോള സിഗ്നേച്ചർ സീരീസിലെ ആദ്യ മോഡലിന്റെ ഫീച്ചറുകളെക്കുറിച്ചുള്ള ചർച്ചകളും ഇതിനകം സജീവമായിട്ടുണ്ട്. ലീക്ക് റിപ്പോർട്ടുകൾ പറയുന്നത് പുതിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 ജെൻ 5 ചിപ് കരുത്തലാകും ഈ ഫോൺ എത്തുക എന്നാണ്. കൂടാതെ ഇതിൽ 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.7 ഇഞ്ച് 1.5K OLED പാനൽ പ്രതീക്ഷിക്കാമെന്നും സൂചനയുണ്ട്.
16GB റാമും ആൻഡ്രോയിഡ് 16 ഒഎസും മോട്ടറോള സിഗ്നേച്ചർ സീരീസിലെ ആദ്യ മോഡലിൽ ഉണ്ടാകും എന്ന് ഗീക്ക്ബെഞ്ച് ലിസ്റ്റിങ് അടിസ്ഥാനമാക്കി റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. സോണി ലിറ്റിയ മെയിൻ സെൻസറും ഉയർന്ന പെർഫോമൻസ് കാഴ്ചവയ്ക്കുന്ന പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസും ഉൾപ്പെടെ ട്രിപ്പിൾ 50MP ക്യാമറ സജ്ജീകരണം ഈ സിഗ്നേച്ചർ മോഡലിൽ പ്രതീക്ഷിക്കാം.
ചതുരാകൃതിയിലുള്ള ക്യാമറ യൂണിറ്റാണ് മോട്ടറോള സിഗ്നേച്ചർ സീരീസിലെ ആദ്യ മോഡലിൽ ഉള്ളത് എന്ന് പുറത്തുവന്ന ചിത്രങ്ങളിൽ നിന്ന് മനസിലാക്കാം. കാർബൺ, മാർട്ടിനി ഒലിവ് എന്നീ രണ്ട് ഫിനിഷുകളിലാണ് ചിത്രങ്ങളിൽ ഈ ഫോൺ കാണപ്പെടുന്നത്. ഇമേജിംഗിനും മൾട്ടിമീഡിയയ്ക്കും പ്രാധാന്യം നൽകുന്ന ഒരു സ്മാർട്ട്ഫോൺ ആയിരിക്കാം സിഗ്നേച്ചർ എന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇന്ത്യൻ വിപണിയിൽ വൺപ്ലസിന്റെ 15r മോഡലുകൾ ഉൾപ്പെടെയുള്ളവയാകും ഈ മോട്ടറോള സിഗ്നേച്ചർ സീരീസ് ഫോണിന്റെ എതിരാളികൾ. ലോഞ്ചിന് ശേഷം മോട്ടറോള സിഗ്നേച്ചർ ഫോൺ ഫ്ലിപ്പ്കാർട്ട് വഴി ലഭ്യമാകും എന്ന വിവരവും സ്ഥിരീകരിക്കപ്പട്ടിട്ടുണ്ട്. 2026 ജനുവരിയിൽ ഈ സിഗ്നേച്ചർ ഫോണിന്റെ ലോഞ്ച് പ്രതീക്ഷിക്കാം എന്നാണ് റിപ്പോർട്ട്.


Click it and Unblock the Notifications








