മുട്ടത്തോട് പോലുണ്ടെന്ന് കരുതി മുട്ടാൻ നിൽക്കേണ്ട! ലോകത്തെ ഏറ്റവും സ്ലിം മിലിട്ടറി ഗ്രേഡ് ഫോണുമായി മോട്ടറോള
സ്മാർട്ട്ഫോൺ ബ്രാൻഡുകൾ ഇപ്പോൾ ഫോണിന്റെ ഫീച്ചറുകൾക്ക് ഒപ്പം തന്നെ അതിന്റെ ഡിസൈനിനും സുരക്ഷയ്ക്കും കൂടുതൽ പ്രാധാന്യം നൽകാൻ തുടങ്ങിയിരിക്കുന്നു. വീഴ്ചകളെ പ്രതിരോധിക്കാനുള്ള ശേഷി മെച്ചപ്പെടുത്താൻ പല സ്മാർട്ട്ഫോൺ ബ്രാൻഡുകളും ഇപ്പോൾ ശ്രദ്ധിക്കുന്നുണ്ട്. അതോടൊപ്പം ഫോൺ കൂടുതൽ സ്ലിം ആക്കാനുള്ള നടപടികളും കമ്പനികൾ സ്വീകരിച്ച് വരുന്നുണ്ട്. ഇപ്പോൾ പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ മോട്ടറോളയും ആ വഴിക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ലോകത്തെ ഏറ്റവും മെലിഞ്ഞതും എന്നാൽ മിലിട്ടറി ഗ്രേഡ് സർട്ടിഫിക്കേഷനോട് കൂടിയതുമായ ഒരു സ്മാർട്ട്ഫോൺ മോട്ടറോള ഉടൻ ലോഞ്ച് ചെയ്യും എന്ന് പുതിയ റിപ്പോർട്ടുകൾ വന്നിരിക്കുന്നു.
ഈ സ്ലിം ബ്യൂട്ടി സ്മാർട്ട്ഫോണിന്റെ പേര് ഇതുവരെ കമ്പനി പുറത്തുവിട്ടിട്ടില്ല. എന്നാൽ ഇത്തരമൊരു ഫോൺ എത്താൻ പോകുന്നു എന്നകാര്യം കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. "ഡൂ യു ഡെയർ ടു ബി ബോൾഡ്? (Do You Dare to Be Bold?)" എന്ന ടാഗ്‌ലൈനോടെ വരാൻ പോകുന്ന ഫോണിന്റെ ടീസർ മോട്ടറോള ട്വിറ്ററിലൂടെ പങ്കുവച്ചു.

"കഠിനമായ സാഹചര്യങ്ങളെ അതിജീവിക്കാൻ നിർമ്മിച്ചതാണ്" ഇത് എന്ന് കമ്പനി വ്യക്തമാക്കുന്നുണ്ട്. അതായത് വീഴ്ചകളെ പ്രതിരോധിക്കാനും ജലത്തെ അതിജീവിക്കാനുമുള്ള തയാറെടുപ്പുകൾ ഈ ഫോണിൽ ഉണ്ടാകും. കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തിലുള്ള പുതിയ ടീസറിൽ ഏത് പ്രതിസന്ധിയെയും അതിജീവിക്കുന്ന ഒരു ഫോൺ ഉടൻ വരും എന്ന് മോട്ടറോള പറയുന്നു.
മറ്റൊരു ടീസറിൽ MIL-STD-810H സർട്ടിഫിക്കേഷനുള്ള ലോകത്തിലെ ഏറ്റവും മെലിഞ്ഞ സ്മാർട്ട്‌ഫോണായിരിക്കും ഇത് എന്ന് മോട്ടറോള സൂചിപ്പിച്ചു. വീഴ്ചകൾ, കടുത്ത ചൂട്, തണുപ്പ്, ഈർപ്പം എന്നിവയെ നേരിടാൻ ഈ ഫോണിന് കഴിയുമെന്ന് ടീസർ സൂചിപ്പിക്കുന്നു. ലോഞ്ചിന് ശേഷം ഫ്ലിപ്പ്കാർട്ട് വഴി ഈ ഫോൺ എത്തുമെന്നും ഉറപ്പിക്കപ്പെട്ടിട്ടുണ്ട്.
വൃത്താകൃതിയിലുള്ള അരികുകളുള്ള ഒരു ബ്ലാക്ക് കളർ ഓപ്ഷനിൽ ഈ കരുത്തൻ മോട്ടറോള ഫോൺ എത്തുമെന്ന് ടീസർ സൂചിപ്പിക്കുന്നുണ്ട്. പേര് നൽകാത്തതിനാൽ തന്നെ ഏത് ഫോണാണ് ഇത് എന്ന് ആർക്കും കൃത്യമായി പറയാൻ സാധിക്കുന്നില്ല. എന്നാൽ ചിലർ ഇത് മോട്ടറോള എഡ്ജ് 50 നിയോ ആയിരിക്കും എന്ന് അവകാശപ്പെടുന്നുണ്ട്.
പ്രചരിക്കുന്ന അവകാശവാദങ്ങൾ ശരിയാണെങ്കിൽ മോട്ടറോള എഡ്ജ് സീരീസിന് മിലിട്ടറി ഗ്രേഡ് സർട്ടിഫിക്കേഷൻ ലഭിക്കുന്നത് ഇത് ആദ്യമായിരിക്കും. കമ്പനിയുടെ ഭാഗത്തുനിന്ന് സ്ഥിരീകരണം വരാത്തതിനാൽ ഇത് എഡ്ജ് 50 നിയോ ആണെന്ന അവകാശവാദങ്ങളെ ഭാഗികമായി മാത്രമേ വിശ്വസിക്കാൻ കഴിയൂ. എന്തായാലും വരുന്നത് ലോകത്തിലെ ഏറ്റവും സ്ലിം മിലിട്ടറി ഗ്രേഡ് ഫോൺ ആണ് എന്നതിൽ തർക്കമില്ല.
മോട്ടോ ജി85 5ജി, മോട്ടറോള റേസർ 50 അൾട്ര എന്നിവ അടുത്തിടെ മോട്ടറോള ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. ഇതിന് ശേഷം ഇനി എത്താൻ പോകുന്നത് ഒരുപക്ഷേ സ്ലിം ലുക്കിൽ കാരിരുമ്പിന്റെ കരുത്തുമായി എത്തുന്ന മോട്ടറോള ഫോൺ ആയിരിക്കാം. ഈ ഫോണിന്റെ ഫീച്ചറുകൾ സംബന്ധിച്ച വിവരങ്ങളൊന്നും ഇപ്പോൾ ലഭ്യമായിട്ടില്ല.

അതേസമയം നിലവിൽ ലോകത്തെ ഏറ്റവും സ്ലിം ആയിട്ടുള്ള ഫോണുകളിൽ പ്രധാനി ഹോണർ വി പേഴ്‌സ് ആണ്. അതേസമയം, ജൂലൈ 29-ന് ലോഞ്ച് ചെയ്യുന്ന ഓപ്പോ K12x, മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി വാഗ്ദാനം ചെയ്യും എന്ന് റിപ്പോർട്ടുകളുണ്ട്. ഈ ഓപ്പോ ഫോണിൽ MIL-STD-810H, 7.68mm കട്ടി എന്നിവയുണ്ടാകും. എന്നാൽ ഇതിനെക്കാൾ സ്ലം ആയിരിക്കും മോട്ടറോള ഫോൺ എന്നാണ് കമ്പനിയുടെ അവകാശവാദം.


Click it and Unblock the Notifications








