മോട്ടറോള മോട്ടോ ഇ സ്മാര്‍ട്‌ഫോണിന് വില പതിനായിരത്തില്‍ താഴെ?

Posted By:

മോട്ടറോള മെയ് 13-ന് ലണ്ടനിലും ഡല്‍ഹിയിലുമായി പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചിട്ടുണ്ട്. നേരത്തെ ഇറങ്ങിയ മോട്ടോ ജിയുടെ താഴ്ന്ന വേരിയന്റായ മോട്ടോ ഇ ചടങ്ങില്‍ അവതരിപ്പിക്കുമെന്നാണ് പൊതുവെ കരുതുന്നത്.

കഴിഞ്ഞ ഏതാനും മാസങ്ങളായി മോട്ടോ ഇയുടെ പ്രത്യേകതകള്‍ സംബന്ധിച്ച് പല വാര്‍ത്തകളും പുറത്തുവന്നിട്ടുണ്ടെങ്കിലും വില സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ലഭിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ സൗബ എന്ന വെബ്‌സൈറ്റ് നല്‍കുന്ന വിവരമനുസരിച്ച് പതിനായരം രൂപയില്‍ താഴെയായിരിക്കും മോട്ടോ ഇ യുടെ വില എന്ന് ഉറപ്പായി.

മോട്ടറോള മോട്ടോ ഇ സ്മാര്‍ട്‌ഫോണിന് വില പതിനായിരത്തില്‍ താഴെ?

ഇന്ത്യയിലേക്ക് വിവിധ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യുന്നതു സംബന്ധിച്ച വിവരങ്ങള്‍ ട്രാക് ചെയ്യുന്ന സൈറ്റാണ് സൗബ. ലോഞ്ചിംഗിനു മുന്നോടിയായി 1300 യൂണിറ്റ് മോട്ടോ ഇ സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യയില്‍ എത്തിച്ചു എന്നാണ് ഈ വെബ്‌സൈറ്റ് അറിയിച്ചിരിക്കുന്നത്. മാത്രമല്ല, ഒരു യൂണിറ്റിന് 6,330 രൂപയാണ് വില എന്നും സൈറ്റ് പറയുന്നു.

ഇത് സത്യമാണെങ്കില്‍ നികുതികളും കമ്മീഷനും കൂട്ടിയാലും 10000 രൂപയില്‍ കുറവായിരിക്കും ഫോണിന്റെ വില. മോട്ടോ ജിക്ക് ഇന്ത്യയില്‍ വന്‍ സ്വീകാര്യത ലഭിച്ചതിനു പിന്നിലെ പ്രധാന ഘടകങ്ങളിലൊന്ന് വില തന്നെയായിരുന്നു. 12,500 രൂപയാണ് മോട്ടോ ജിയുടെ 8 ജി.ബി. വേരിയന്റിന്റെ വില.

4.3 ഇഞ്ച് സ്‌ക്രീന്‍, 720 പിക്‌സല്‍ ഡിസ്‌പ്ലെ, 1.2 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍, 1 ജി.ബി. റാം, 5 എം.പി. പ്രൈമറി ക്യാമറ, 4 ജി.ബി. ഇന്റേണല്‍ മെമ്മറി, മൈക്രോ എസ്.ഡി. കാര്‍ഡ് സപ്പോര്‍ട്, ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് എന്നിവയായിരിക്കും മോട്ടോ ഇക്ക് ഉണ്ടാവുക എന്നാണ് കരുതുന്നത്. സിംഗിള്‍ സിം, ഡ്യൂവല്‍ സിം വേരിയന്റുകളും ഫോണിനുണ്ടാവുമെന്ന് കരുതുന്നു.

കറുപ്പ് വെള്ള നിറങ്ങളില്‍ ഇറങ്ങുന്ന മോട്ടോ ഇ, മോട്ടോ ജിയേക്കാള്‍ ഉറപ്പുള്ളതായിരിക്കും. അതേസമയം 6.2 mm മാത്രമായിരിക്കും തിക്‌നസ്. ആപ്പിള്‍ ഐ ഫോണ്‍ 5 എസിനേക്കാളും സാംസങ്ങ് ഗാലക്‌സി എസ് 5 നേക്കാളും കട്ടി കുറവായിരിക്കുമെന്ന് അര്‍ഥം. വെള്ളവും പൊടിയും കടക്കാത്ത ഫോണായിരിക്കും എന്നും അഭ്യൂഹമുണ്ട്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot