കൈയിൽ കിട്ടിയാൽ 4 പടം എടുക്കാതെ താഴെ വയ്ക്കില്ല! 4 കിടിലൻ ക്യാമറകളുമായി മോട്ടറോള X50 അൾട്ര
സ്മാർട്ട്ഫോൺ ക്യാമറയിൽ ചിത്രങ്ങൾ എടുക്കാൻ ആഗ്രഹിക്കുന്നവരെ മോഹിപ്പിക്കുന്ന ഒരു സ്മാർട്ട്ഫോൺ മോട്ടറോള ചൈനയിൽ ലോഞ്ച് ചെയ്തിരിക്കുന്നു. മോട്ടറോള X50 അൾട്ര (Motorola X50 Ultra) എന്നാണ് ഈ സ്മാർട്ട്ഫോണിന്റെ പേര്. യഥാർഥത്തിൽ ഇത് മോട്ടറോള എഡ്ജ് 50 അൾട്രയുടെ റീബാഡ്ജ് ചെയ്ത മോഡൽ ആണ്.
മോട്ടറോള എഡ്ജ് 50 സീരീസിൽ ആഗോള തലത്തിൽ മൂന്ന് ഫോണുകളാണ് പുറത്തിറക്കിയിട്ടുള്ളത്. എഡ്ജ് 50 പ്രോ, എഡ്ജ് 50 അൾട്ര, എഡ്ജ് 50 ഫ്യൂഷൻ എന്നിവയാണ് അതിൽ ഉൾപ്പെടുന്നത്. എഡ്ജ് 50 പ്രോ നേരത്തെ തന്നെ ഇന്ത്യയിൽ ലോഞ്ച് ചെയ്ത മോഡലാണ്.

കഴിഞ്ഞ ദിവസം, അതായത് മേയ് 16ന് മോട്ടറോള എഡ്ജ് 50 ഫ്യൂഷനും ഇന്ത്യയിൽ അവതരിപ്പിച്ചു. ഈ സീരീസിൽ ഇനി ഇന്ത്യയിൽ എത്താൻ അവശേഷിക്കുന്നത് മോട്ടറോള എഡ്ജ് 50 അൾട്ര മോഡൽ ആണ്. ചൈനയിൽ പുറത്തിറങ്ങിയതുപോലെ റീബാഡ്ജ് ചെയ്ത മോഡലായോ എഡ്ജ് 50 അൾട്ര എന്ന പേരിൽത്തന്നെയോ ഈ ഫോണും ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മോട്ടറോള എഡ്ജ് 50 അൾട്ര ചൈനയിൽ മോട്ടറോള X50 അൾട്ര എന്ന പേരിൽ ലോഞ്ച് ചെയ്തത് ഇന്ത്യൻ ആരാധകരുടെ പ്രതീക്ഷകൾ വർധിപ്പിക്കുന്നുണ്ട്. X50 അൾട്രയിൽ ഉള്ളത് എഡ്ജ് 50 അൾട്രയുടെ അതേ ഡിസൈനും ഹാർഡ്‌വെയർ ഫീച്ചറുകളും തന്നെയാണ്. മികച്ച ക്യാമറകളാണ് ഈ മോഡലിനെ സീരീസിലെ മറ്റ് ഫോണുകളെക്കാൾ ഒരുപടി മികച്ചതാക്കി നിർത്തുന്നത്.

ട്രിപ്പിൾ റിയർ ക്യാമറകളും ഫ്രണ്ട് ക്യാമറയും അടങ്ങുന്ന ഇതിലെ നാല് ക്യാമറകളും മികച്ചതാണ്. ഇതിലെ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റിൽ 50എംപി മെയിൻ ക്യാമറ, മാക്രോ ഓപ്ഷനുള്ള 50എംപി അൾട്രാ വൈഡ് ആംഗിൾ ക്യാമറ, 64എംപി 3എക്സ് പോർട്രെയ്റ്റ് ടെലിഫോട്ടോ ലെൻസ് എന്നിവ എത്തുന്നു. ഫ്രണ്ടിൽ 50എംപി ഓട്ടോ ഫോക്കസ് സെൽഫി ക്യാമറയാണ് ഉള്ളത്.
അതായത് ഇതിലെ ആകെയുള്ള നാല് ക്യാമറകളും 50 മെഗാപിക്സലിന് മുകളിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. ക്യാമറ മാത്രമല്ല, പെർഫോമൻസിന്റെ കാര്യത്തിലും ഈ ഫോൺ മുന്നിട്ടുനിൽക്കുന്നു. അഡ്രിനോ 750 GPU ഉള്ള ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 8 Gen 3 4nm മൊബൈൽ പ്ലാറ്റ്‌ഫോം ആണ് ഈ അൾട്ര മോഡലിന്റെ കരുത്ത്.
മോട്ടറോള X50 അൾട്രയിലെ മറ്റ് പ്രധാന ഫീച്ചറുകൾ: 6.7 ഇഞ്ച് FHD+ 10-ബിറ്റ് OLED ഡിസ്പ്ലേ, 144Hz റിഫ്രഷ് റേറ്റ്, 100% DCI-P3 കളർ സ്പേസ്, HDR 10+, DC ഡിമ്മിംഗ്, 2500 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ്, അണ്ടർ-സ്ക്രീൻ ഫിംഗർപ്രിൻ്റ് റീഡർ, കോർണിംഗ് ഗൊറില്ല ഗ്ലാസ്സ് പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

വേഗതയുള്ള പെർഫോമൻസിനായി 16GB വരെ LPDDR5X റാമും 1TB UFS 4.0 സ്റ്റോറേജും ഇതിലുണ്ട്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഹലോ യുഐൽ ആണ് പ്രവർത്തനം. ഇതിലെ ഡ്യുവൽ സിം eSIM + നാനോ ആണ്. പൊടി, ജല പ്രതിരോധത്തിനായി IP68 റേറ്റിങ്ങും ഈ സ്മാർട്ട്ഫോണിലുണ്ട്.
ക്യാമറയുടെയും പ്രോസസറിന്റെയും കാര്യത്തിലെന്നപോലെ ചാർജിങ്ങിന്റെ കാര്യത്തിലും ഈ മോട്ടറോള ഫോൺ മികവ് പ്രകടിപ്പിക്കും. 125W ടർബോപവർ ഫാസ്റ്റ് ചാർജിംഗ്, 50W വയർലെസ് ചാർജിംഗ്, 5W റിവേഴ്സ് ചാർജിങ് പിന്തുണകളുള്ള 4500mAh ബാറ്ററിയാണ് മോട്ടറോള X50 അൾട്രയിൽ ഉള്ളത്. 5G, അൾട്രാ വൈഡ്ബാൻഡ് (UWB), ബ്ലൂടൂത്ത് 5.4, യുഎസ്ബി ടൈപ്പ്-സി തുടങ്ങി നിരവധി കണക്ടിവിറ്റി ഓപ്ഷനുകളുമുണ്ട്.
ഫോറസ്റ്റ് ഗ്രേ, നോർഡിക് വുഡ്, പീച്ച് ഫസ് എന്നീ നിറങ്ങളിലാണ് ഈ ഫോൺ ചൈനയിൽ ലഭ്യമാകുക. ഇതിന്റെ ഫ്രണ്ടിൽ ഗ്ലാസ്സും പിന്നിൽ വുഡൻ/ഇക്കോ-ലെതർ പാനലുമാണ്, ഇവ ഒരു അലൂമിനിയം ഫ്രെയിമിലാണ് ചേർത്തിരിക്കുന്നത്. മോട്ടറോള X50 അൾട്രയുടെ 12GB+256GB വേരിയൻ്റിന് 3,999 യുവാൻ (ഏകദേശം 46,240 രൂപ) ആണ് വില.
മോട്ടറോള X50 അൾട്രയുടെ 12GB റാം + 512GB ഇന്റേണൽ സ്റ്റോറേജ് വേരിയൻ്റിന് 4,299 യുവാനും (ഏകദേശം 49,709 രൂപ) ടോപ്പ് വേരിയന്റായ 16GB റാം+ 1TB ഇന്റേണൽ സ്റ്റോറേജ് വേരിയൻ്റിന് 4,699 യുവാനും (ഏകദേശം 54,334 രൂപ) വില നൽകണം.


Click it and Unblock the Notifications








