എംഡബ്ല്യുസി: മികച്ച ഫോണ്‍ ഗാലക്‌സി എസ്2, ടാബ്‌ലറ്റ് ഐപാഡ് 2

Posted By: Staff

എംഡബ്ല്യുസി: മികച്ച ഫോണ്‍ ഗാലക്‌സി എസ്2, ടാബ്‌ലറ്റ് ഐപാഡ് 2

ഇന്നലെ സമാപിച്ച മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ ഏറ്റവും മികച്ച ഫോണായി സാംസംഗ് ഗാലക്‌സി എസ്2വിനെ തെരഞ്ഞെടുത്തു. കഴിഞ്ഞ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ പരിചയപ്പെടുത്തിയ സ്മാര്‍ട്‌ഫോണാണ് ഗാലക്‌സി എസ്2. 2011ല്‍ ഏറെ പ്രസിദ്ധി ഈ ഹാന്‍ഡ്‌സെറ്റിന് നേടാന്‍ കഴിഞ്ഞു. ഐപാഡ് 2 ആണ് മികച്ച ടാബ്‌ലറ്റ്.

ടാബ്‌ലറ്റ്, സ്മാര്‍ട്‌ഫോണ്‍ നിരയില്‍ ഏറ്റവും ശക്തമായ മത്സരം നടക്കുന്നത് ആപ്പിളും സാംസംഗും തമ്മിലാണ്. ഇവര്‍ തമ്മില്‍ വിവിധ രാജ്യങ്ങളിലായി പകര്‍പ്പവകാശ ലംഘനത്തിന്റെ പേരില്‍ നിയമതര്‍ക്കങ്ങളും ഉണ്ട്. ഈ സാഹചര്യത്തില്‍ മൊബൈല്‍ കോണ്‍ഗ്രസില്‍ ഇവരുടെ ഓരോ ഉത്പന്നങ്ങള്‍ക്ക് വീതം ലഭിച്ച ബഹുമതി ശ്രദ്ധനേടുന്നതാണ്. പിന്‍ഗാമികളായി വരുന്ന ഗാലക്‌സി എസ്3, ഐപാഡ് 3 എന്നിവ തമ്മിലാകും ഇനി മത്സരം.

ഗാലക്‌സി എസ്3 മോഡലിനെ സാംസംഗ് ഉടന്‍ അവതരിപ്പിക്കുമെന്നാണ് അഭ്യൂഹങ്ങള്‍. എന്നാല്‍ കമ്പനിയില്‍ നിന്ന് ഇത് സംബന്ധിച്ച ഔദ്യോഗിക വിശദീകരണങ്ങള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ല. മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ വെച്ച് സാംസംഗ് എസ്3യെ അവതരിപ്പിന്ന് മുമ്പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഈ ഉത്പന്നത്തെക്കുറിച്ച് സാംസംഗ് മൗനം പാലിച്ചു.

1.5 ജിഗാഹെര്‍ട്‌സ് ക്വാഡ് കോര്‍ സാംസംഗ് എക്‌സിനോസ് പ്രോസസര്‍, 4.8 ഇഞ്ച് സ്‌ക്രീന്‍, 8 എംപി, 4 എംപി ക്യാമറകള്‍ എന്നിവയാണ് ഇതില്‍ പ്രതീക്ഷിക്കുന്ന ചില സവിശേഷതകള്‍. ഈ മാസമോ അല്ലെങ്കില്‍ ജൂലൈയ്ക്കുള്ളിലോ എസ്3യെ കമ്പനി അവതരിപ്പിക്കും. കാരണം ജൂലൈ 27ന് ആരംഭിക്കുന്ന സമ്മര്‍ ഒളിമ്പിക്‌സില്‍ എസ്3 അനുബന്ധ പരസ്യങ്ങള്‍ കൊണ്ടുവരാനാണ് സാംസംഗിന്റെ പദ്ധതിയത്രെ.

ഐപാഡ് 3 ഈ മാസം 7നാകും ആപ്പിള്‍ അവതരിപ്പിക്കുക. സാന്‍ഫ്രാന്‍സിസ്‌കോയില്‍ സംഘടിപ്പിക്കുന്ന പരിപാടിയുടെ ക്ഷണപത്രത്തില്‍ ഐപാഡ് സ്‌ക്രീന്‍ ചിത്രം നല്‍കിയതാണ് ഇതിന് സാധ്യത ഉയര്‍ത്തുന്നത്. ഹൈ ഡെഫനിഷന്‍ റെറ്റിന ഡിസ്‌പ്ലെ, വേഗതയേറിയ പ്രോസസര്‍ എന്നിവ സഹിതമാകും ഐപാഡ് 2വിന്റെ പിന്‍ഗാമി എത്തുക.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot