ഡിസ്പ്ലേ മുകളിലേക്ക് നീങ്ങി വലുതാകും, താഴേക്ക് നീങ്ങി ചെറുതാകും; അസാധാരണ സ്മാർട്ട്ഫോണുമായി മോട്ടറോള
മനോഹരമായൊരു ഡിസ്പ്ലേ. നോക്കി നിൽക്കേ മുകളിലേക്ക് പതിയെ തെന്നി നീങ്ങി ആ ഡിസ്പ്ലേ വലുതാകുന്നു. പിന്നീട് പതിയെ താഴേക്ക് നിരങ്ങി നീങ്ങി ചെറുതാകുകയും ചെയ്യുന്നു. കാണുമ്പോൾ ഒരു മാജിക് കാണുന്നപോലുള്ള അനുഭവം സമ്മാനിക്കുന്ന ഒരു അസാധാരണ ഫോണുമായി ഏവരിലും അമ്പരപ്പും അദ്ഭുതവും ആകാംക്ഷയും സൃഷ്ടിച്ചിരിക്കുകയാണ് മോട്ടറോള.
മടക്കാൻ സാധിക്കുന്ന ഫോണുകൾ നാം മുമ്പ് കണ്ടിട്ടുണ്ട്. മുകളിലേക്ക് നിരക്കി നീക്കാവുന്ന ഫോണും നാം മുൻപ് കണ്ടിട്ടുണ്ട്. എന്നാൽ ഇതുവരെ കണ്ടതിൽ നിന്നെല്ലാം വ്യത്യസ്തമാണ് മോട്ടറോള അവതരിപ്പിച്ച ഈ സ്മാർട്ട്ഫോൺ. റിസർ(Rizr)എന്നാണ് ഈ റോളബിൽ സ്മാർട്ട്ഫോണിന് മോട്ടറോള നൽകിയിരിക്കുന്ന പേര്.

ഇപ്പോൾ ബാഴ്സലോണയിൽ നടന്നുകൊണ്ടിരിക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസ്(MWC) 2023 ൽ ആണ് മോട്ടറോള തങ്ങളുടെ ഈ പരീക്ഷണ ഫോൺ പ്രദർശിപ്പിച്ചിരിക്കുന്നത്. വിസ്മയിപ്പിക്കുന്ന സ്മാർട്ട്ഫോണുകളുടെ ഒരു പറുദീസയാണ് മൊബൈൽ വേൾഡ് കോൺഗ്രസ്. പ്രമുഖ സ്മാർട്ട്ഫോൺ നിർമാതാക്കളെല്ലാം തങ്ങളുടെ ഏറ്റവും മികച്ചതുമായ സ്മാർട്ട്ഫോണുകൾ ഇവിടെ പ്രദർശിപ്പിക്കുന്നു.
ലോകം ആകാംക്ഷയോടെ കാത്തിരുന്ന ഷവോമി 13 പ്രോയും 13 സീരീസിലെ മറ്റു ഫോണുകളും ആഗോള തലത്തിൽ അവതരിപ്പിക്കപ്പെട്ടത് എംഡബ്ലുസിയോട് അനുബന്ധിച്ചായിരുന്നു. അതോടൊപ്പം വൺപ്ലസിന്റെ വിസ്മയിപ്പിക്കുന്ന ലിക്വിഡ്-കൂൾഡ് ഫോണും ഇതേ വേദിയിൽ അവതരിപ്പിക്കപ്പെട്ടിരുന്നു. തങ്ങൾ നടത്തുന്ന വേറിട്ട പരീക്ഷണങ്ങളും ചിന്തകളും പങ്കുവയ്ക്കാനുള്ള കമ്പനികളുടെ വേദിയായി എംഡബ്ലുസി മാറുന്നു.
അതിനാൽ തന്നെ അമ്പരപ്പിക്കുന്നതും വിസ്മയിപ്പിക്കുന്നതുമായ കാഴ്ചകളാൽ സമ്പന്നമാണ് ബാഴ്സലോണയിലെ മൊബൈൽ വേൾഡ് കോൺഗ്രസിന്റെ വേദി. സ്മാർട്ട്ഫോൺ ലോകത്ത് വരാൻ പോകുന്ന മാറ്റങ്ങളെക്കുറിച്ചുള്ള സൂചനകളും നിലവിലുള്ള ട്രെൻഡുകളുമൊക്കെ ഇവിടെനിന്ന് അറിയാൻ സാധിക്കും. മോട്ടറോളയും 'റിസറി'ലൂടെ തങ്ങളുടെ റോളബിൾ ഡിസ്പ്ലേ കൺസെപ്റ്റ് ഇവിടെ വ്യക്തമാക്കിയിരിക്കുകയാണ്.

പണ്ടുണ്ടായിരുന്ന സ്ലൈഡിങ് സ്മാർട്ട്ഫോണുകളുടെ ഒരു പുനരുജ്ജീവനമാണ് റിസർ എന്ന് പറയാം. മോട്ടറോളയുടെ Rizr Z3 എന്ന പഴയ കീപാഡ് ഫോണിനെ റോളബിൾ ഡിസ്പ്ലേ നൽകി പുനരുജ്ജീവിപ്പിക്കുകയാണ് മോട്ടറോള ഇവിടെ ചെയ്തിരിക്കുന്നത്. 15:9 ആസ്പെക്ട് റേഷ്യോ ഉള്ള 5 ഇഞ്ച് POLED ഡിസ്‌പ്ലേയാണ് പുതിയ റിസറിനുള്ളത്.
ഈ സ്മാർട്ട്ഫോണിന്റെ ഉപകരണത്തിന്റെ പവർ ബട്ടണിൽ രണ്ട് തവണ ടാപ്പ് ചെയ്യുമ്പോൾ ഡിസ്‌പ്ലേയുടെ ഭാഗം മുന്നിലേക്ക് നീങ്ങുകയും 22:9 ആസ്പെക്ട് റേഷ്യോയുള്ള സ്‌ക്രീൻ 6.5 ഇഞ്ചായി വികസിക്കുകയും ചെയ്യുന്നു. മോട്ടറൈസ്ഡ് സിസ്റ്റം ഡിസ്‌പ്ലേ റോൾ ചെയ്യാൻ ഏകദേശം മൂന്ന് സെക്കൻഡ് ആണ് എടുക്കുക.
ഡിസ്പ്ലേ വലുതാകുന്നതിന് അനുസരിച്ച് ഹോം സ്‌ക്രീനിലെ ഐക്കണുകളും വിന്യസിക്കപ്പെടുന്നു. യാതൊരു അരോചകവും തോന്നിപ്പിക്കാതെ മനോഹരമായി ഈ മാറ്റം നടക്കുന്നു എന്നതാണ് ശ്രദ്ധേയം. വീണ്ടും ടാപ് ചെയ്യുമ്പോൾ ഡിസ്പ്ലേ പഴയപടിയാകുകയും ചെയ്യുന്നു. ഒട്ടേറെ സവിശേഷതകളുള്ള ഈ റിസർ സ്മാർട്ട്ഫോൺ ഡിസ്പ്ലേ വിവിധ സാഹചര്യങ്ങൾക്ക് അനുസരിച്ച് മാറുകയും ചെയ്യും.

ഉദാഹരണത്തിന്, നിങ്ങൾ ഒരു യൂട്യൂബ് വീഡിയോ ഹോറിസോണ്ടൽ മോഡിൽ കാണുകയാണെങ്കിൽ, ഫോൺ സ്വയമേവ അത് തിരിച്ചറിഞ്ഞ് ആസ്പെക്ട് റേഷ്യോയുമായി പൊരുത്തപ്പെടുന്നതിന് അതിന്റെ ഡിസ്പ്ലേ നീട്ടുന്നു. അതുപോലെ, ജിമെയിലിൽ ഒരു ഇ-മെയിൽ ടൈപ്പുചെയ്യുമ്പോൾ കീബോർഡിന് കൂടുതൽ ഇടം നൽകുന്നതിന് ഫോണിന് അതിന്റെ ഡിസ്പ്ലേ നീട്ടാൻ കഴിയും.
ഇത്രയൊക്കെ പ്രത്യേകതകൾ ഉണ്ടെങ്കിലും ഈ സ്മാർട്ട്ഫോൺ ഉപയോക്താക്കളിലേക്ക് എത്തും എന്നതിന് ഉറപ്പില്ല. കാരണം ഇതൊരു ഒരു കൺസെപ്റ്റ് സ്മാർട്ട്‌ഫോൺ മാത്രമാണ്. അതായത് ഭാവിയിലേക്കായി നടത്തുന്ന പരീക്ഷണങ്ങളുടെ ഒരു ഭാഗം മാത്രമാണ് ഈ സ്മാർട്ട്ഫോൺ. ഈ സാങ്കേതികവിദ്യ പൂർണവിജയമാണ് എന്ന വിലയിരുത്തലിലേക്ക് എത്തിയാൽ മോട്ടറോള ഒരു പക്ഷേ അത് വിപണിയിൽ അവതരിപ്പിച്ചേക്കാം.
മടക്കാവുന്ന സ്‌മാർട്ട്‌ഫോണുകൾക്ക് ശേഷമുള്ള അടുത്ത പ്രധാന മാറ്റം റോളബിൾ സ്മാർട്ട്ഫോണുകളാകാം എന്ന് എംഡബ്ലുസി സൂചന നൽകുന്നു. മോട്ടറോള റിസറിലൂടെ അതിലേക്ക് ഒരു മുഴം മുന്നേ യാത്ര തുടങ്ങിയിരിക്കുന്നു എന്നാണിവിടെ വ്യക്തമാകുന്നത്. പ്രധാന ഡിസ്‌പ്ലേ കോംപാക്റ്റ് ആയി നിലനിർത്തിക്കൊണ്ട് സ്റ്റാൻഡേർഡ് ഫോണുകളായി പ്രവർത്തിക്കാൻ റോളബിൾ സ്മാർട്ട്ഫോണുകൾക്ക് സാധിക്കും. ആവശ്യമുള്ളപ്പോൾ നിങ്ങൾക്ക് വലിയ ഡിസ്‌പ്ലേയിലേക്ക് മാറുകയും ചെയ്യാം.


Click it and Unblock the Notifications