999 രൂപയ്ക്ക് ഒരു ജിയോ ഭാരത് ഫോൺ കൂടി? പുതിയ ജിയോ ഫോണിന് BIS സർട്ടിഫിക്കറ്റ് ലഭിച്ചു
റിലയൻസ് ജിയോ തങ്ങളുടെ ജിയോ ഭാരത് സീരീസിൽ പുതിയൊരു സ്മാർട്ട്ഫോൺ കൂടി പുറത്തിറക്കാൻ തയാറെടുക്കുന്നതായി സൂചന. ജിയോ ഭാരത് വി2, ജിയോ ഭാരത് ബി1 എന്നിവയ്‌ക്കൊപ്പം പുതിയൊരു സീരീസിലേക്ക് ജിയോ ഫോൺ നിര വ്യാപിപ്പിക്കാൻ റിലയൻസ് തയാറെടുക്കുന്നതായി 91 മൊബൈൽസ് റിപ്പോർട്ട് ചെയ്തു.
വരാൻ പോകുന്ന ജിയോ ഫോണിന്റെ പേര് വ്യക്തമല്ല. എന്നാൽ JBB121B1 എന്ന മോഡൽ നമ്പറിൽ BIS സർട്ടിഫിക്കേഷനിൽ ഒരു ജിയോ ഫോൺ കണ്ടെത്തി. ഇത് ഭാരത് സീരീസിന് കീഴിൽ ജിയോ അടുത്തതായി അവതരിപ്പിക്കാൻ പോകുന്ന സ്മാർട്ട്ഫോൺ ആണ് എന്നാണ് കരുതപ്പെടുന്നത്. ഇത് ജിയോഭാരത് ബി2 ആയിരിക്കാം.

2ജി മുക്തഭാരതം എന്ന ലക്ഷ്യത്തോടെ 999 രൂപ വിലയിൽ ജിയോ നേരത്തെ ജിയോ ഭാരത് ഫോണുകൾ (Jio Bharat phone) പ്രഖ്യാപിച്ചിരുന്നു. ഈ ഫോണുകൾ താങ്ങാനാകുന്ന നിരയിലാണ് എത്തിയത് എന്നതിനാൽ തന്നെ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സാധാരണക്കാരിലേക്ക് കുറഞ്ഞ വിലയിൽ ഇന്റർനെറ്റ് ഫോൺ എത്തിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ജിയോ പറയുന്നു.
ജിയോ ഭാരത് ഫോണിന് പുറമേ, ഏതാനും മാസം മുൻപ് നടന്ന, ഇന്ത്യൻ മൊബൈൽ കോൺഗ്രസ് 2023ൽ ജിയോ തങ്ങളുടെ ഏറ്റവും പുതിയ 4ജി ഫീച്ചർ ഫോണായ ജിയോ പ്രൈമ ( Jio Prima)യും അവതരിപ്പിച്ചിരുന്നു. ഫീച്ചർ ഫോണാണെങ്കിലും സ്മാർട്ട്ഫോണുകളിലേതിന് സമാനമായ ആപ്പുകളുടെ സാന്നിധ്യമാണ് ജിയോ ഫോൺ പ്രൈമയെ ശ്രദ്ധേയമാക്കിയത്.

ജിയോയുടെ പ്രൈമ ഫോണും സാധാരണ ഫീച്ചർ ഫോണുകളും തമ്മിൽ ചെറിയ വ്യത്യാസങ്ങളുണ്ട്. ഫീച്ചർ ഫോണുകളിൽ സാധാരണയായി കാണാത്ത വാട്സ്ആപ്പ്, യൂട്യൂബ് അടക്കമുള്ള ആപ്പുകൾ വാഗ്ദാനം ചെയ്യുന്നു എന്നതാണ് മറ്റ് ഫീച്ചർ ഫോണുകളിൽ നിന്ന് ജിയോ പ്രൈമ 4ജിയെ വേറിട്ട് നിർത്തുന്നത്. ജിയോ പ്രൈമയിലൂടെ 4ജി ഫീച്ചർ ഫോണുകളുടെ നിലവാരം അടുത്ത ഘട്ടത്തിലേക്ക് ജിയോ മെച്ചെപ്പെടുത്തി.
ഇപ്പോൾ പുറത്തിറക്കാൻ പോകുന്ന ഫോണിന്റെ വിശദാംശങ്ങൾ ഒന്നും ലഭ്യമായിട്ടില്ല. ചെറിയ ചില പരിഷ്കരണങ്ങളുമായി, മുൻപ് പുറത്തിറക്കിയ ജിയോ ഭാരത് ഫീച്ചർ ഫോണുകളിലേതിന് സമാനമായ ഫീച്ചറുകളുമായിട്ടാകും ഈ ഫോൺ എത്തുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പ്രവർത്തനത്തിൽ മറ്റ് ഫീച്ചർ ഫോണുകൾ പോലെ തന്നെയാണെങ്കിലും ജിയോഭാരത് ഫീച്ചർ ഫോണുകൾ 4ജി ഫോണുകളാണ്.
ജിയോ ഭാരത് ഫീച്ചർ ഫോണുകളുടെ സ്‌ക്രീനിന് താഴെ കീപാഡും ഭാരത് ബ്രാൻഡിംഗും ഉണ്ട്. ഇന്ത്യയിൽ എവിടെയും അൺലിമിറ്റഡ് കോളുകൾ ചെയ്യാനും ഫോട്ടോകൾ എടുക്കാനും ജിയോപേ ( JioPay ) ഉപയോഗിച്ച് യുപിഐ പേയ്‌മെന്റുകൾ നടത്താനും ജിയോഭാരത് ഫീച്ചർ ഫോൺ ഉപയോക്താക്കൾക്ക് സാധിക്കും. കൂടാതെ ഡിജിറ്റൽ പേയ്‌മെൻ്റുക്കായി QR-സ്കാനർ അടക്കമുള്ള പിന്തുണയും ഉണ്ട്.

ജിയോസിനിമ, ജിയോ സാവൻ, എന്നീ ജിയോ സേവനങ്ങളുടെയും എഫ്എം റേഡിയോയുടെയും പിന്തുണ ഉൾപ്പെടെ ധാരാളം എൻർടെയ്ൻമെന്റ് ഓപ്ഷനുകളും ജിയോ ഭാരത് ഫീച്ചർ ഫോണുകളിലുണ്ട്. ജിയോ ഭാരത് ഫോണുകൾക്കായി പ്രത്യേക റീച്ചാർജ് ഓപ്ഷനുകൾ ജിയോ അവതരിപ്പിച്ചിട്ടുണ്ട് എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. ഇതുവഴി ജിയോ ഫീച്ചർ ഫോൺ ഉപയോക്താക്കൾക്ക് താങ്ങാനാകുന്ന നിരക്കിൽ ടെലിക്കോം സേവനങ്ങൾ ലഭ്യമാകുന്നു.
ലോകം 5ജി വിപ്ലവത്തിന്റെ കൊടുമുടിയിൽ നിൽക്കുമ്പോഴും രാജ്യത്ത് 250 ദശലക്ഷം മൊബൈൽ ഫോൺ ഉപയോക്താക്കൾ 2ജി യുഗത്തിൽ കുടുങ്ങിക്കിടക്കുന്നു, അവർക്ക് ഇന്റർനെറ്റിന്റെ അടിസ്ഥാന സവിശേഷതകളിലേക്ക് പ്രവേശിക്കാൻ കഴിയുന്നില്ല. ജിയോ ഭാരത് ഫോണുകളിലൂടെ ഇത്തരം ആളുകളെ ശാക്തീകരിക്കാനാണ് തങ്ങൾ ശ്രമിക്കുന്നത് എന്നാണ് ജിയോ പറയുന്നത്.


Click it and Unblock the Notifications








