മോട്ടോ എഡ്ജ് 30 പ്രോ സ്മാർട്ട്ഫോൺ ഫെബ്രുവരി 24ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും?
മോട്ടറോള സ്മാർട്ട്ഫോണുകൾക്ക് വലിയ ആരാധക വൃന്ദം എക്കാലവും ഉണ്ടാകാറുണ്ട്. വലിയ ആവേശത്തോടെയാണ് അവർ മോട്ടറോള സ്മാർട്ട്ഫോണുകളുടെ ലോഞ്ച് കാത്തിരിക്കുന്നതും. ഇന്ത്യയിലെ മോട്ടറോള ഫാൻസ് ആവേശത്തോടെ കാത്തിരിക്കുന്ന ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ ആണ് മോട്ടറോള എഡ്ജ് 30 പ്രോ. ഫെബ്രുവരി മാസം തന്നെ എഡ്ജ് 30 പ്രോ ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ് നേരത്തെ പുറത്ത് വന്ന റിപ്പോർട്ടുകൾ. ഈ റിപ്പോർട്ടുകൾ ശരി വയ്ക്കുന്ന ടീസർ പുറത്ത് വിട്ടിരിക്കുകയാണ് മോട്ടറോള കമ്പനി. ആഴ്ചകൾക്ക് മുമ്പ് ചൈനയിൽ ലോഞ്ച് ചെയ്ത എഡ്ജ് എക്സ് 30യുടെ റീബ്രാൻഡഡ് പതിപ്പായിരിക്കും മോട്ടോ എഡ്ജ് 30 പ്രോ എന്ന പേരിൽ ഇന്ത്യയിൽ അവതരിപ്പിക്കുകയെന്നാണ് കരുതുന്നത്.

മോട്ടോ എഡ്ജ് 30 പ്രോ ഇന്ത്യയിലേക്ക്
ഫെബ്രുവരി 24നാണ് പുതിയ മോട്ടറോള എഡ്ജ് സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കുക. മോട്ടറോള ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലാണ് പുതിയ സ്മാർട്ട്ഫോൺ ലോഞ്ചും ഡേറ്റും ടീസ് ചെയ്തിരിക്കുന്നത്. ഒരു നഗരത്തിന്റെ പശ്ചാത്തലത്തിൽ സ്മാർട്ട്ഫോൺ സ്ക്രീൻ ഫീച്ചർ ചെയ്യുന്നതാണ് മോട്ടറോള ഇന്ത്യ പുറത്ത് വിട്ട ടീസർ. 'ഫൈൻഡ് യുവർ എഡ്ജ്' എന്നൊരു ക്യാപ്ഷനും നൽകിയിരിക്കുന്നു. എഡ്ജ് സീരീസിൽ പുതിയൊരു സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കുന്നു എന്നതിന്റെ സൂചനയായി ഇതിനെ കണക്കാക്കാം. സ്മാർട്ട്ഫോണിന്റെ പേരോ മറ്റ് വിശദാംശങ്ങളോ മോട്ടറോള നൽകിയിട്ടില്ല. നിലവിൽ ഈ സീരീസിൽ പുറത്തിറങ്ങാൻ ഇരിക്കുന്ന മോട്ടോ എഡ്ജ് 30 പ്രോയുമായി കാഴ്ചയിലെ സാമ്യം ടീസറിലെ സ്മാർട്ട്ഫോണിനുണ്ട്. ഔദ്യോഗികമായി സ്ഥിരീകരിച്ചില്ലെങ്കിലും ഫെബ്രുവരി 24ന് ഇന്ത്യയിൽ ലോഞ്ചിന് ഒരുങ്ങുന്നത് മോട്ടോ എഡ്ജ് 30 പ്രോ ആണെന്ന് ഉറപ്പിക്കാവുന്നതാണ്.

മോട്ടോ എഡ്ജ് 30 പ്രോ പ്രതീക്ഷിക്കാവുന്ന ഫീച്ചറുകൾ
എഡ്ജ് 30 പ്രോ മോട്ടറോളയുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ ആണ്. സ്നാപ്പ്ഡ്രാഗണിന്റെ മുൻനിര ചിപ്പ്സെറ്റായ സ്നാപ്പ്ഡ്രാഗൺ 8 ജെൻ1 പ്രോസസർ ഫീച്ചർ ചെയ്യുന്ന ആദ്യ മോട്ടറോള സ്മാർട്ട്ഫോൺ കൂടിയാണ് എഡ്ജ് 30 പ്രോ. സ്മാർട്ട്ഫോൺ മറ്റൊരു പേരിലായിരിക്കും ആഗോള തലത്തിൽ അരങ്ങേറ്റം കുറിക്കുകയെന്ന് ചില റിപ്പോർട്ടുകൾ നേരത്തെ സൂചിപ്പിച്ചിരുന്നു. സ്മാർട്ട്‌ഫോണിന്റെ ചൈനീസ് വേരിയന്റായ മോട്ടോ എഡ്ജ് എക്സ് 30 കറുപ്പ് വെളുപ്പ് എന്നിങ്ങനെ രണ്ട് നിറങ്ങളിലാണ് വിപണിയിൽ എത്തിയത്. എന്നാൽ ആഗോള വേരിയന്റ് പല നിറങ്ങളിൽ ലോഞ്ച് ചെയ്യാനും സാധ്യതയുണ്ട്.

മോട്ടോ എഡ്ജ് എക്സ് 30യുടെ റീബ്രാൻഡഡ് വേർഷനാണ് എഡ്ജ് 30 പ്രോ എന്ന് വിലയിരുത്തപ്പെടുന്നു. ഇതിനാൽ തന്നെ മോട്ടോ എഡ്ജ് 30 പ്രോയുടെ ഫീച്ചറുകളും ഊഹിക്കാവുന്നതേ ഉള്ളൂ. 6.7 ഇഞ്ച് ഒഎൽഇഡി ഫുൾഎച്ച്ഡി പ്ലസ് ഡിസ്‌പ്ലേ മോട്ടോ എഡ്ജ് 30 പ്രോ ഫീച്ചർ ചെയ്യും. 2400 × 1080 പിക്സൽ റെസല്യൂഷൻ നൽകുന്നു എന്നതാണ് മോട്ടോ എഡ്ജ് 30 പ്രോ ഡിസ്പ്ലേയുടെ ആദ്യ സവിശേഷത. 144 ഹെർട്സിന്റെ ഉയർന്ന റിഫ്രഷ് റേറ്റും മോട്ടോ എഡ്ജ് 30 പ്രോ ഡിസ്പ്ലേ ഫീച്ചർ ചെയ്യും. 576 ഹെർട്സ് ടച്ച് സാംപ്ലിങ് റേറ്റും മോട്ടോ എഡ്ജ് 30 പ്രോയുടെ പ്രത്യേകതയാണ്. എച്ച്ഡിആർ10 പ്ലസ്, ഡിസിഐ-പി3 കളർ ഗാമറ്റ് എന്നിവയ്ക്കും സപ്പോർട്ട് ലഭിക്കുന്നു. മോട്ടോ എഡ്ജ് 30 പ്രോ ഡിസ്പ്ലേയിൽ പഞ്ച് ഹോൾ കട്ട്ഔട്ടും ഇൻ ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഉൾപ്പെടുത്തും.

ഇന്ത്യൻ വിപണിയിലേക്കെത്തുന്ന മോട്ടറോളയുടെ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത് സ്നാപ്ഡ്രാഗൺ 8 ജെൻ 1 ചിപ്പ്സെറ്റാണ്. 12 ജിബി വരെ റാമും 256 ജിബി വരെയുള്ള സ്റ്റോറേജ് ഓപ്ഷനുകളും മോട്ടോ എഡ്ജ് 30 പ്രോയിൽ പ്രതീക്ഷിക്കാം. മൈയുഐ 3.0 ക്ലീൻ സ്റ്റോക്ക് യുഐയിൽ ആണ് മോട്ടോ എഡ്ജ് എക്സ് 30 പ്രവർത്തിക്കുന്നത് ( ആൻഡ്രോയിഡ് 12 ഒസ് ബേസ്ഡ് ). ഇതേ ഒഎസ് സജ്ജീകരണം തന്നെയാകും മോട്ടോ എഡ്ജ് 30 പ്രോയിലും കാണുക.

മോട്ടോ എഡ്ജ് എക്സ് 30 പിൻ വശത്ത് ട്രിപ്പിൾ ക്യാമറ സെറ്റപ്പ് ആണ് ഫീച്ചർ ചെയ്യുന്നത്. ഡ്യുവൽ 50 എംപി ഒവി50എ40 സെൻസറാണ് ട്രിപ്പിൾ ക്യാമറ സെറ്റപ്പിലെ പ്രൈമറി സെൻസർ. 5 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസും 2 എംപി തേർഡ് സെൻസറും ഈ ട്രിപ്പിൾ ക്യാമറ സെറ്റപ്പിൽ ഉൾപ്പെടുന്നു. മുൻ വശത്ത്, സെൽഫികൾ പകർത്താൻ 60 മെഗാപിക്സലിന്റെ ശേഷി കൂടിയ ക്യാമറയും മോട്ടോ എഡ്ജ് എക്സ് 30 സ്മാർട്ട്ഫോണിൽ കമ്പനി ലഭ്യമാക്കിയിട്ടുണ്ട്. 5000 എംഎഎച്ച് ബാറ്ററിയാണ് മോട്ടോ എഡ്ജ് എക്സ് 30 സ്മാർട്ട്‌ഫോണിൽ ഉള്ളത്. 68 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും മോട്ടോ എഡ്ജ് എക്സ് 30 ഫീച്ചർ ചെയ്യുന്നു. ഈ ഫീച്ചറുകൾ എല്ലാം ഇന്ത്യൻ വിപണിയിലേക്കെത്തുന്ന ഡിവൈസിലും കാണാൻ കഴിയുമെന്നാണ് വിലയിരുത്തൽ.

ഇന്ത്യയിൽ ഫോണിന്റെ വില എത്രയാകുമെന്ന് യൂസേഴ്സ് ആലോചിക്കുന്നുണ്ടാവും. മോട്ടോ എഡ്ജ് എക്സ് 30 യുടെ 8 ജിബി റാം / 128 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റിന് ചൈനയിൽ 3,199 യുവാൻ ( ഏകദേശം 38,000 രൂപ ) വില നൽകണം. 8 ജിബി റാം / 256 ജിബി ഇന്റേണൽ സ്റ്റോറേജ് മോഡലിന് 3,399 യുവാൻ ( ഏകദേശം 40,300 രൂപ ) നൽകുകയും വേണം.

12 ജിബി റാം / 256 ജിബി സ്റ്റോറേജ് മോഡലിന് 3,599 യുവാൻ ( ഏകദേശം 42,700 രൂപ ) വിലയാണ് ഇട്ടിരിക്കുന്നത്. മോട്ടോ എഡ്ജ് എക്സ് 30യുടെ സ്പെഷ്യൽ എഡിഷൻ 12ജിബി റാം / 256 ജിബി സ്റ്റോറേജ് വേരിയന്റിന് 3,999 യുവാൻ (ഏകദേശം 47,500 രൂപ) ആണ് മോട്ടറോള വിലയിട്ടിരിക്കുന്നത്. എങ്കിലും പുതിയ ഡിവൈസിന് ഇന്ത്യയിൽ എത്ര രൂപ വിലയീടാക്കും എന്നതടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വന്നിട്ടില്ല.


Click it and Unblock the Notifications








