ഈ കൊടുങ്കാറ്റിൽ കുറേ വാഴകൾ ഒടിയും! മാസ് കാട്ടാൻ വിവോ X ഫോൾഡ് 3, X ഫോൾഡ് 3 പ്രോ ഫോണുകളെത്തി
ഏറ്റവും പുതിയ ക്വാൽക്കോം സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റുള്ള ഫോൾഡബിൾ സ്മാർട്ട്ഫോൺ എന്ന പ്രത്യേകതയുമായി വിവോ X ഫോൾഡ് 3 പ്രോയും സ്നാപ്ഡ്രാഗൺ 8 ജെൻ 2 ചിപ്സെറ്റ് കരുത്തുമായി വിവോ X ഫോൾഡ് 3യും ചൈനയിൽ ലോഞ്ച് ചെയ്തു.
ഫോൾഡബിൾ സ്മാർട്ട്ഫോണുകൾ സ്മാർട്ട്ഫോൺ വിപണിയിൽ പതിയെ ശ്രദ്ധ പിടിച്ചുപറ്റിക്കൊണ്ടിരിക്കുന്ന സമയത്താണ് ഈ മേഖലയിലും തങ്ങളുടെ സാന്നിധ്യവും കരുത്തും ഉറപ്പിക്കാൻ ലക്ഷ്യമിട്ട് മികച്ച ചിപ്സെറ്റുകൾ നൽകി പെർഫോമൻസ് മികവ് വാഗ്ദാനം ചെയ്യുന്ന രണ്ട് സ്മാർട്ട്ഫോണുകൾ വിവോ പുറത്തിറക്കിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. കാഴ്ചയിലും ഇവ മനോഹരമാണ്.

ഇപ്പോൾ ലോഞ്ച് ചെയ്തിരിക്കുന്ന പുതിയ വിവോ ഫോൾഡബിൾ ഫോണുകളിൽ വിവോ എക്സ് ഫോൾഡ് 3 ഇന്ത്യയിലും അവതരിപ്പിക്കും എന്ന് 91 മൊബൈൽസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത് "വ്യവസായത്തിലെ ഏറ്റവും സ്ലിം ആയിട്ടുള്ള ഫോൾഡബിൾ സ്മാർട്ട്ഫോൺ ആയിരിക്കും. എക്സ് ഫോൾഡ് 3 പ്രോ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമോ എന്നതിൽ വ്യക്തതയായിട്ടില്ല.
നിലവിലുള്ള ചിപ്സെറ്റുകളിൽ ഏറ്റവും കരുത്തനായ സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റുള്ള ഫോൾഡബിൾ ഫോൺ എന്ന നിലയിൽ വിവോ എക്സ് ഫോൾഡ് 3 പ്രോയും ഇന്ത്യയിൽ ലോഞ്ച് ചെയ്തേക്കാം. ഇത് ഇപ്പോൾ ലോഞ്ച് കഴിഞ്ഞതേ ഉള്ളൂ എന്നതിനാൽ, മറ്റ് വിപണികളിൽ അവതരിപ്പിക്കുന്നത് സംബന്ധിച്ച വിവരങ്ങൾ വരും ദിവസങ്ങളിലാകും വ്യക്തമാകുക.

ചിപ്സെറ്റുകൾ വ്യത്യസ്തമാണെങ്കിലും വൃത്താകൃതിയിലുള്ള പിൻ ക്യാമറ ഹൗസിംഗ്, ഒരു കാർബൺ ഫൈബർ ഹിഞ്ച്, ഒരു അലേർട്ട് സ്ലൈഡർ, ഡിസ്പ്ലേ തുടങ്ങിയവയുടെ കാര്യത്തിൽ വിവോ എക്സ് ഫോൾഡ് 3, എക്സ് ഫോൾഡ് 3 പ്രോ എന്നിവ സമാന ഫീച്ചറുകൾ തന്നെയാണ് വാഗ്ദാനം ചെയ്യുന്നത്.
500,000 മടക്കുകളെ നേരിടാൻ സാധിക്കുമെന്ന TÜV റൈൻലാൻഡ് സാക്ഷ്യപ്പെടുത്തലോടെയാണ് ഈ രണ്ട് വിവോ ഫോൾഡബിൾ ഫോണുകളും എത്തിയിരിക്കുന്നത്. കൂടാതെ മുൻഗാമിയായ ഫോൾഡ് 2നെ അപേക്ഷിച്ച് വീഴ്ചകളെ പ്രതിരോധിക്കാനുള്ള ഈ ഫോണുകളുടെ ശേഷിയും വർധിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഫോൾഡബിൾ ഡിസ്‌പ്ലേയിൽ യുടിജിയ്‌ക്കൊപ്പം ഒരു ഇംപാക്ട്-റെസിസ്റ്റൻ്റ് ഫിലിമും ഉൾപ്പെടുന്നു.
വിവോ X ഫോൾഡ് 3 (vivo X Fold3), വിവോ X ഫോൾഡ് 3 പ്രോ (vivo X Fold3 Pr) എന്നിവയുടെ പ്രധാന ഫീച്ചറുകൾ: അകത്തെ സ്ക്രീൻ: 8.03 ഇഞ്ച് (2480×2200) റെസല്യൂഷൻ, പുറത്തെ സ്ക്രീൻ: 6.53 ഇഞ്ച് (2748×1172) റെസല്യൂഷൻ, അമോലെഡ് LTPO 120Hz റിഫ്രഷ് റേറ്റ് ഡിസ്പ്ലേകൾ.

രണ്ട് X ഫോൾഡ്3 മോഡലുകളും 14.98 ഗ്രാം മാത്രം ഭാരമുള്ള ഒരു കനംകുറഞ്ഞ കാർബൺ ഫൈബർ ഹിഞ്ച് അവതരിപ്പിക്കുന്നു. റെയിൻലാൻഡ് ഫോൾഡിംഗ് വേറി-ഫ്രീ സർട്ടിഫിക്കേഷനും ഇവയ്ക്കുണ്ട്. അൾട്രാ തിൻ ഡിസ്പ്ലേ, SGS ഗോൾഡ് ലേബൽ ഫൈവ്-സ്റ്റാർ ഗ്ലാസ് ഡ്രോപ്പ് റെസിസ്റ്റൻസ്, UTG സൂപ്പർ ടഫ് ഗ്ലാസ് എന്നിവയാണ് ഡിസൈനുമായി ബന്ധപ്പെട്ടുള്ള ഇവയുടെ പ്രധാന ഫീച്ചറുകൾ.
UFS4.0 സ്റ്റോറേജും LPDDR5X റാമും ഈ ഫോണുകൾ വാഗ്ദാനം ചെയ്യുന്നു. എക്‌സ് ഫോൾഡ് 3 പ്രോ 16GB/512GB, 16GB/1TB, എന്നീ രണ്ട് കോൺഫിഗറേഷനുകളിൽ വരുന്നു. എക്സ് ഫോൾഡ് 3 12GB/256GB, 16GB/1TB കോൺഫിഗറേഷനുകളിലാണ് എത്തുന്നത്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള OriginOS 4ൽ ആണ് ഈ സ്മാർട്ട്ഫോണുകളുടെ പ്രവർത്തനം.
50MP അൾട്രാ സെൻസിംഗ് മെയിൻ ക്യാമറ f/1.68 ലെൻസ് ഉള്ള OIS, 64MP 3x ടെലിഫോട്ടോ (f/2.57), 50MP അൾട്രാ വൈഡ് ലെൻസ് (f/2.0) എന്നിവയടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് വിവോ എക്സ് ഫോൾഡ് 3 പ്രോയിൽ നൽകിയിരിക്കുന്നത്. ഇതോടൊപ്പം V3 ഇമേജിംഗ് ചിപ്പും ഈ മോഡലിന്റെ പ്രത്യേകതയാണ്.

വിവോ എക്സ് ഫോൾഡ് 3 സ്മാർട്ട്ഫോണും ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തോടെയാണ് എത്തുന്നത്. OIS ഉള്ള 50MP പ്രധാന ക്യാമറ f/1.75 ലെൻസ്, 50MP അൾട്രാ വൈഡ് ലെൻസ് (f/2.0), 50MP പോർട്രെയ്റ്റ് ക്യാമറ (f/1.85) എന്നിവയാണ് ഇതിൽ നൽകിയിരിക്കുന്നത്. ഈ രണ്ട് ഫോണുകളിലെയും സെൽഫി ക്യാമറകൾ 32MP ആണ്.
100W വയർഡ്, 50W വയർലെസ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5,700mAh ബാറ്ററിയാണ് പ്രോ മോഡലിൽ ഉള്ളത്. അതേസമയം, ഫോൾഡ് 3യിൽ 80W വയർഡ് ചാർജിംഗിനെ മാത്രം പിന്തുണയ്ക്കുന്ന 5,500mAh ബാറ്ററിയാണ് നൽകിയിരിക്കുന്നത്. ഈ രണ്ട് ഫോണുകളും ഡ്യുവൽ സിം 5G കണക്റ്റിവിറ്റിയോടെയാണ് എത്തുന്നത്.

പ്രോ മോഡലിൽ USB 3.2 Gen2, സ്റ്റീരിയോ സ്പീക്കറുകൾ, വയർലെസ് ലോസ്‌ലെസ് ഹൈ-ഫൈ ഓഡിയോ, രണ്ട് 3D അൾട്രാസോണിക് ഫിംഗർപ്രിൻ്റ് റീഡറുകൾ എന്നിവ ഉൾപ്പെടുന്നു. എക്സ് ഫോൾഡ് 3 സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് റീഡർ ആണ് അവതരിപ്പിക്കുന്നത്. കൂടാതെ ഇതിൽ IPX4 വാട്ടർ റെസിസ്റ്റൻസ് ഉണ്ട്, അതേസമയം പ്രോ മോഡൽ IPX8 റേറ്റിങ്ങോടെയാണ് എത്തുന്നത്.
എക്ലിപ്സ് ബ്ലാക്ക്, സോളാർ വൈറ്റ് നിറങ്ങളിലാണ് ഈ ഫോണുകൾ എത്തിയിരിക്കുന്നത്. വിവോ എക്സ് ഫോൾഡ് 3 പ്രോയുടെ 16GB/512GB വേരിയന്റിന് 9,999 യുവാൻ (ഏകദേശം 1,17,025 രൂപ.) ആണ് വില. 16GB/1TB വേരിയന്റിന് 10,999 യുവാൻ (ഏകദേശം 1,28,730 രൂപ.) നൽകണം.
വിവോ എക്സ് ഫോൾഡ് 3യുടെ 12GB/256GB വേരിയന്റിന് 6,999 യുവാൻ (ഏകദേശം 81,920 രൂപ) ആണ് വില. അതേപോലെ 16GB/256GB മോഡൽ 7,499 യുവാൻ (ഏകദേശം 87,770 രൂപ.), 16GB/512GB വേരിയന്റ് 7,999 യുവാൻ (ഏകദേശം 93,620 രൂപ.), 16GB/1TB വേരിയന്റ് 8,999 യുവാൻ (ഏകദേശം 1,03,880 രൂപ) വിലകളിലെത്തുന്നു.


Click it and Unblock the Notifications








