24 ദിവസത്തേക്ക് ചാർജ് നിൽക്കും; ഐഫോണൊക്കെ ഈ നോക്കിയ ഫോണിനെക്കാൾ 24 മടങ്ങ് പിന്നിൽ!
പണ്ട് പണ്ട്, വാട്സ്ആപ്പും ഇൻസ്റ്റഗ്രാമും വരുന്നതിന് മുമ്പ്, 4ജിക്കും 5ജിക്കും മുമ്പ്, ടച്ച് സ്ക്രീനും റിഫ്രഷ് റേറ്റുമൊക്കെ വരുന്നതിനും മുമ്പ്, നമ്മുടെ നാട്ടിൽ മൊബൈൽ ഫോണുകൾ ഉണ്ടായിരുന്നു. അന്ന് മൊബൈൽ എന്ന് പറഞ്ഞാൽ അതിന് ഒരു പര്യായപദം മാത്രമേ ഭൂരിഭാഗം പേർക്കും അറിയുമായിരുന്നുള്ളൂ. അതാണ് നോക്കിയ!.
അന്ന്, ഒരു കുഞ്ഞ് സ്ക്രീനിൽ, അരണ്ട വെളിച്ചത്തോടെ, ഒരു ട്യൂണിന്റെ അകമ്പടിയോടെ രണ്ട് കൈകൾ കൂടിച്ചേർന്നാൽ മൊബൈൽ ടെലിക്കോം സേവനങ്ങളുടെ വലിയ ലോകത്തേക്കാണ് നാം എത്തിപ്പെട്ടിരുന്നത്. അതെ, നമ്മുടെ നാട്ടിലെ ഭൂരിഭാഗം ആളുകളെയും തുടക്കകാലത്ത് മൊബൈൽ ടെലിക്കോം സേവനങ്ങളിലേക്ക് കൈകോർത്തുപിടിച്ചത് നോക്കിയയുടെ ആ 'കൈകൾ' ആയിരുന്നു.

MOST READ: വീട്ടിൽ ഇനി 5ജി ഡാറ്റാ പൂരം! എക്സ്ട്രീം എയർഫൈബർ പുറത്തിറക്കി എയർടെൽ! ഇന്ത്യയിലെ ആദ്യ 5ജി എഫ്ഡബ്ലുഎ
നോക്കിയ പുറത്തിറക്കിയിരുന്ന ഓരോ ഫോണിനും വളരെ വിലയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. മികച്ച ഗുണനിലവാരമായിരുന്നു ഈ നോക്കിയ മൊബൈൽ ഫോണുകളുടെ ഏറ്റവും വലിയ പ്രത്യേകത. ടെക്നോളജി വളർന്നതോടെ സാധാരണ മൊബൈൽ സ്മാർട്ട്ഫോണുകൾക്ക് വഴിമാറി. എങ്കിലും ഇന്നും പണ്ടത്തെ നോക്കിയ ഫോൺ ഉപയോഗിച്ചപ്പോഴത്തെ അനുഭവത്തെ ഏറെ സ്പെഷ്യൽ ആയാണ് പലരും കാണുന്നത്.
അതിന് ഒരേയൊരു കാരണമേ ഉണ്ടാകൂ, അവയുടെ ഗുണമേന്മതന്നെ. ഇന്നത്തെ തൊട്ടാവാടികളല്ല, തീയിൽക്കുരുത്ത കരുത്തന്മാരായിരുന്നു അന്നത്തെ നോക്കിയ ഫോണുകൾ. എന്നാൽ ആൻഡ്രോയിഡുകളുടെ വരവും സ്മാർട്ട്ഫോണുകളുടെ ടെക്നോളജികളിലുണ്ടായ വളർച്ചയുമൊക്കെ പഴയ നോക്കിയ ഫോണുകളെ ഭൂതകാലത്തിന്റെ ഗൃഹാതുര അടയാളങ്ങൾ മാത്രമാക്കി മാറ്റി. കാലത്തിനനുസരിച്ച് മാറ്റങ്ങൾ അവതരിപ്പിക്കാൻ കഴിയാഞ്ഞ നോക്കിയ ഒതുക്കപ്പെടുകയും പുതിയ ബ്രാൻഡുകൾ കളംനിറയുകയും ചെയ്തു.
ഇന്ന് ഫോൺ എന്നാൽ ഭൂരിഭാഗം പേർക്കും സ്മാർട്ട്ഫോണാണ്. അവിടെ ആപ്പിൾ ഐഫോൺ, സാംസങ്, ഷവോമി, ഓപ്പോ, റെഡ്മി, വൺപ്ലസ്, നത്തിങ്, ഐക്യൂ, റിയൽമി തുടങ്ങി ചെറുതും വലുതുമായ നിരവധി ബ്രാൻഡുകളും സബ് ബ്രാൻഡുകളുമൊക്കെ അടക്കിവാഴുന്നു. ആയിരത്തിൽ ഒരുവനായി നോക്കിയയും ഈ പേരുകൾക്കൊപ്പം നിലകൊള്ളുന്നു.
പഴയ പ്രതാപമൊക്കെ നഷ്ടപ്പെട്ടെങ്കിലും നോക്കിയ ഇപ്പോഴും സ്മാർട്ട്ഫോണുകളും ഫീച്ചർ ഫോണുകളും പുറത്തിറക്കുന്നു. പുത്തൻ പരീക്ഷണങ്ങളുമായി നഷ്ടപ്രതാപം തിരിച്ചുപിടിക്കാനുള്ള പരീക്ഷണങ്ങൾ അടുത്തകാലത്തായി നോക്കിയ ശക്തിപ്പെടുത്തിയിട്ടുണ്ട്. അതിന്റെ ഭാഗമായി പഴയ വിജയ ഫോർമുലകൾ ഫലപ്രദമായി ഉപയോഗപ്പെടുത്താനുള്ള നീക്കങ്ങളും നടക്കുന്നു. ഒരു ഫീനിക്സ് പക്ഷിയെപ്പോലെ പറന്നുയരാൻ കൊതിക്കുന്ന കമ്പനി അടുത്തിടെ പുറത്തിറക്കിയ മോഡലുകളിലൊന്നാണ് നോക്കിയ 150.
ആൻഡ്രോയിഡ് സ്മാർട്ട്ഫോണിന്റെ മാസ് പ്രകടനമൊന്നും ഇവിടെ പ്രതീക്ഷിക്കരുത്. ഇതൊരു സാധാരണ ഫീച്ചർ ഫോൺ ആണ്. സ്മാർട്ട്ഫോണുകളുടെ പ്രളയത്തിനിടയിലും കീപാഡ് ഒക്കെയുള്ള സാധാരണ ഫീച്ചർ ഫോണുകൾ ഉപയോഗിക്കുന്ന ചെറിയൊരു വിഭാഗം ആളുകളും ഉണ്ട്. അവർക്കായാണ് നോക്കിയ 150 പുറത്തിറക്കിയിരിക്കുന്നത്. പഴയ നോക്കിയ ഫോണുകളുടെ ഗുണമേന്മ ഈ 150 മോഡലിൽ കൊണ്ടുവരാൻ കമ്പനി പ്രത്യേകം ശ്രദ്ധിച്ചിരിക്കുന്നു.
1450mAh ബാറ്ററിയാണ് നോക്കിയ 150യിൽ ഉള്ളത്. ഒറ്റത്തവണ ചാർജ് ചെയ്താൽ 24 ദിവസം വരെ നിലനിൽക്കും എന്നതാണ് ഈ നോക്കിയ 150 യുടെ ഏറ്റവും വലിയ പ്രത്യേകത. ഇക്കാര്യത്തിൽ മൊബൈൽ രംഗത്തെ വമ്പനായ ഐഫോൺ പോലും നോക്കിയ 150 യുടെ 24 മടങ്ങ് പിന്നിലേ വരൂ എന്ന് പറയാം.
ഈ സ്മാർട്ട്ഫോൺ പ്രളയത്തിനിടയിലും ഫീച്ചർ ഫോണുകൾക്ക് ആവശ്യക്കാരേറെയുണ്ട്. സ്മാർട്ട്ഫോൺ ദിവസവും ഒരു തവണയെങ്കിലും ചാർജ് ചെയ്യേണ്ടിവരുന്നു. എന്നാൽ സ്മാർട്ട്ഫോൺ ഉള്ളപ്പോൾ തന്നെ കോളിങ് ആവശ്യങ്ങൾക്കായി ഒരു സെക്കൻഡറി ഫോൺ ഉപയോഗിക്കുന്നവർ ഏറെയാണ്. അങ്ങനെയുള്ള ആളുകൾക്ക് വാങ്ങാൻ ഏറ്റവും അനുയോജ്യമായ ഫീച്ചർ ഫോണുകളിലൊന്നാണ് നോക്കിയ 150.

കാലത്തിനൊത്ത മാറ്റങ്ങൾ ഈ ഫീച്ചർ ഫോണിൽ നോക്കിയ അവതരിപ്പിച്ചിട്ടുണ്ട്. 2.4 ഇഞ്ച് ത്രീ-കളർ സ്‌ക്രീൻ, സീരീസ് 30+ ഓപ്പറേറ്റിംഗ് സിസ്റ്റം, നീക്കം ചെയ്യാവുന്ന 1450mAh ബാറ്ററി, മീഡിയടെക്കിന്റെ ഭാരം കുറഞ്ഞ ARM ചിപ്സെറ്റ്, 4 MB സ്റ്റോറേജ്, ഒരു മൈക്രോ എസ്ഡി സ്ലോട്ട്, 3.5 mm ഹെഡ്‌ഫോൺ ജാക്ക് എന്നീ ഫീച്ചറുകൾ ഇതിലിടം പിടിച്ചിരിക്കുന്നു.
FM റേഡിയോ, 0.3 മെഗാപിക്സൽ VGA ക്യാമറ, IP52 സർട്ടിഫിക്കേഷൻ, 12-കീ കീബോർഡ്, നാല് നാവിഗേഷൻ കീകൾ, ബ്ലൂടൂത്ത്, MP3 പ്ലെയർ എന്നിവയും ഈ നോക്കിയ ഫോൺ വാഗ്ദാനം ചെയ്യുന്നു. പഴയ നോക്കിയ ഫോൺ ഉപയോഗിച്ചിട്ടുള്ളവരുടെ ഏറ്റവും പ്രധാന വിനോദമായിരുന്ന ക്ലാസിക്ക് സ്നേക്ക് ഗെയിമിനും ഈ ഫോണിൽ നോക്കിയ ഇടംകൊടുത്തിരിക്കുന്നു.
ഫീച്ചർ ഫോണുകളുടെ വിഭാഗത്തിൽ ഗാഭീര്യമുള്ള ഫീച്ചറുകളുടെ തലക്കനവുമായി എത്തുന്ന ഈ നോക്കിയ ഫോണിന് 91 ഗ്രാം മാത്രമാണ് ഭാരം. ആമസോണിൽ നോക്കിയ 150 ഫീച്ചർ ഫോണുകൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്. വെറും 2500 രൂപയിൽ താഴെ വിലയിൽ ഈ ഫോൺ സ്വന്തമാക്കാൻ സാധിക്കും.


Click it and Unblock the Notifications








