വെറും ഫീച്ചർ ഫോൺ എന്ന് തള്ളിക്കളയേണ്ട, നോക്കിയയുടെ പുതിയ 'പിള്ളേർ' ജിയോയ്ക്ക് പണിയാകും!
ഇന്ത്യയിൽ പുതിയ രണ്ട് ഫീച്ചർ ഫോണുകൾ അവതരിപ്പിച്ച് നോക്കിയ. 110 4ജി, 110 2ജി എന്നിവയാണ് ഇന്ത്യയിൽ എത്തിയ പുത്തൻ നോക്കിയ ഫോണുകൾ. ഫീച്ചർ ഫോണുകളായാണ് ഇവ അവതരിപ്പിച്ചതെങ്കിലും സ്മാർട്ട് ഫോണുകളുടെ ചില സവിശേഷതകളും ഈ ഫോണുകളിൽ നോക്കിയ നൽകിയിട്ടുണ്ട്.
ഡാർക്ക് ഷേഡുകളിലാണ് നോക്കിയ 110 4ജി, നോക്കിയ 110 2ജി എന്നിവ അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് ഫോണുകളിലും ബിൽറ്റ്- ഇൻ യുപിഐ പേയ്‌മെന്റ് ആപ്പ് ഉണ്ട് എന്നതാണ് ഫോണുകളുടെ ഏറ്റവും വലിയ പ്രത്യേകത. ഈ സവിശേഷത തന്നെയാണ് മറ്റ് ഫീച്ചർ ഫോണുകളിൽ നിന്ന് ഈ ഫോണുകളെ വ്യത്യസ്തമാക്കുന്നത്. യുപിഐ ഓപ്ഷൻ വഴി ഉപയോക്താക്കൾക്ക് സ്കാൻ ചെയ്യാനും പണം അയക്കാനും സാധിക്കും.

രാജ്യത്തെ മറ്റ് ഫീച്ചർ ഫോണുകളെ ഡിജിറ്റൽ പേയ്മെന്റ് നിലവാരത്തിലേക്ക് ഉയർത്താൻ പുതിയ ഫോണിലൂടെ നോക്കിയക്ക് സാധിച്ചേക്കും. മിഡ്‌നൈറ്റ് ബ്ലൂ, ആർട്ടിക് പർപ്പിൾ എന്നീ നിറങ്ങളിൽ നോക്കിയ 110 4ജി ഉപഭോക്താക്കൾക്ക് ലഭ്യമാകും ചാർക്കോൾ, ക്ലൗഡി ബ്ലൂ എന്നീ നിറങ്ങളിൽ ആണ് നോക്കിയ 110 2ജി പുറത്തിറങ്ങുക. നോക്കിയ 110 4ജിയുടെ വില 2499 രൂപയും 110 2ജിയുടെ വില 1699 രൂപയുമാണ്.
ബിൽഡ് ക്വാളിറ്റിയും ഡിസൈനുമാണ് ഫോണുകളുടെ മറ്റ് ആകർഷണ ഘടകങ്ങൾ. ബിൽറ്റ്- ഇൻ റിയർ ക്യാമറ, എസ്ഡി കാർഡ് സ്ലോട്ട്, മ്യൂസിക് പ്ലെയർ, ഓട്ടോ-കോൾ റെക്കോർഡർ, ടോർച്ച്, ബ്ലൂടൂത്ത് 5.3 മൈക്രോ- യുഎസ്ബി പോർട്ട്, എന്നിവയാണ് മറ്റ് സവിശേഷതകൾ. രണ്ട് ഫോണുകളും ഇപ്പോൾ ഓൺലൈനിലും ഓഫ്‌ലൈനിലും ഉപഭോക്താക്കൾക്ക് ലഭ്യമാകും.
രണ്ട് ഫോണുകളും നാനോ ടെക്സ്ചർ ഡിസൈനോടുകൂടിയ പോളികാർബണേറ്റ് പ്ലാസ്റ്റിക് ബിൽഡാണുള്ളത്. ഇവക്ക് IP52 വാട്ടർ, ഡസ്റ്റ് റസിസ്റ്റൻസ് റേറ്റിങ്ങുള്ളവയാണ്. 1450mAh ആണ് 110 4ജിയുടെ ബാറ്ററി. 110 2ജിയുടേത് 1,000mAh ബാറ്ററിയാണ്. മൈക്രോ എസ്ഡി കാർഡ് വഴി ഫോണുകളുടെ സ്റ്റോറേജ് 32 ജിബി വരെ എക്സ്പാൻഡ് ചെയ്യാനും സാധിക്കും.
ഈ രണ്ട് ഫോണുകളും നോക്കിയയുടെ എസ്30+ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുക. 110 4ജി മോഡൽ ഫോണിന് 8 മണിക്കൂർ വരെ ടോക്ക് ടൈമും 12 ദിവസത്തെ സ്റ്റാൻഡ്‌ബൈ ടൈമും ഉണ്ടെന്നാണ് നോക്കിയ അവകാശപ്പെടുന്നത്. 84 ഗ്രാം ഭാരമാണ് ഈ ഹാൻഡ്സെറ്റിന് ഉള്ളത്. റിലയൻസ് ജിയോ ഭാരത് 4ജി ഫോൺ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നോക്കിയയുടെ പുതിയ ഫോണിന്റെ ലോഞ്ചിംഗ് എന്നത് ശ്രദ്ധേയമാണ്.
ഫീച്ചർ ഫോണുകളുടെ മാർക്കറ്റിൽ റിലയൻസ് ജിയോയും നോക്കിയയും തമ്മിൽ നടക്കുന്ന മത്സരം ഇതോടെ കനക്കാൻ സാധ്യതയുണ്ട്. ഇപ്പോഴും രാജ്യത്തിലെ വലിയൊരു വിഭാഗം ആളുകൾ ഫീച്ചർ ഫോൺ ഉപയോഗിക്കുന്നുണ്ട്. ഇവരെ ലക്ഷ്യം വെച്ചാണ് ഇരു കമ്പനികളുടേയും നീക്കം. 999 രൂപയാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ ജിയോ ഭാരത് 4ജി ഫോണിന്റെ വില.

ആദ്യഘട്ടത്തിൽ 10 ലക്ഷം ഫോണുകൾ പുറത്തിറക്കുമെന്നാണ് ജിയോ പ്രഖ്യാപിച്ചത്. ശനിയാഴ്ച മുതൽ ഫോണുകൾ വിൽപ്പനയ്ക്ക് എത്തുമെന്നും കമ്പനി അറിയിച്ചിരുന്നു. 2ജി മുക്ത് ഭാരത് എന്നതാണ് ജിയോയുടെ ലക്ഷ്യം. ജിയോ സിനിമ, ജിയോ പേ യുപിഐ അടക്കമുള്ള സേവനങ്ങളും ജിയോ ഭാരത് 4ജി ഫോണിൽ ലഭിക്കും. 0.3 മെഗാപിക്സൽ ക്യാമറയാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്.


Click it and Unblock the Notifications








