ഇന്ത്യക്കാർക്ക് നോക്കിയയുടെ സമ്മാനം, ഒന്നല്ല, രണ്ട്! നോക്കിയ 130 മ്യൂസിക്, നോക്കിയ 150 ഫോണുകളെത്തി
ഇന്ത്യക്കാർക്കായി പുത്തൻ രണ്ട് 'സമ്മാനങ്ങൾ' അവതരിപ്പിച്ച് നോക്കിയ. സ്മാർട്ട്ഫോണിനൊപ്പം ഫീച്ചർ ഫോണും ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. അത് കൂടാതെ, സ്മാർട്ട്ഫോൺ ഉപയോഗിക്കാൻ ആഗ്രഹമില്ലാത്തതിനാൽ ഫീച്ചർ ഫോണുകൾ ഉപയോഗിക്കുന്ന ഒരു ചെറിയ വിഭാഗം ആളുകളും ഉണ്ട്. ഇവരെ കണക്കിലെടുത്താണ് നോക്കിയ പുത്തൻ ഫോണുകൾ അവതരിപ്പിച്ചിരിക്കുന്നത്.
നോക്കിയ 130 മ്യൂസിക്, നോക്കിയ 150 എന്നീ ഫീച്ചർ ഫോണുകളാണ് ഇന്ത്യയിൽ കഴിഞ്ഞ ദിവസം നോക്കിയ അവതരിപ്പിച്ചത്. ഫീച്ചർ ഫോണുകളുടെ നിർമാണത്തിൽ പാരമ്പര്യവും പ്രൗഡിയും പേറുന്ന നോക്കിയയിൽ നിന്നുള്ള ഈ ഫീച്ചർ ഫോണുകൾ കാലത്തിനൊത്ത ഒരുപാട് മാറ്റങ്ങളുമായി, എന്നാൽ ഫീച്ചർ ഫോണുകളുടെ എല്ലാ തനിമയും നിലനിർത്തിയാണെത്തുന്നത്.

ഉപയോഗിക്കാനുള്ള സൗകര്യം എന്നതിനൊപ്പം ദൃഡതയും ഗുണമേന്മയും കുറഞ്ഞ വിലയും പുതിയ നോക്കിയ 130 മ്യൂസിക്, നോക്കിയ 150 ഫോണുകളെ ശ്രദ്ധേയമാക്കുന്നു. എഫ്എം റേഡിയോ, സ്റ്റോറേജ് വിപുലീകരിക്കാനുള്ള ഓപ്ഷൻ എന്നിങ്ങനെ മെച്ചപ്പെടുത്തിയ ഫീച്ചറുകളുമായാണ് നോക്കിയ ബ്രാൻഡ് ഫോണുകൾ നിർമിക്കാൻ അവകാശമുള്ള എച്ച്എംഡി കമ്പനി ഈ ഫോണുകൾ അവതരിപ്പിച്ചിരിക്കുന്നത്.
നോക്കിയ 130 മ്യൂസിക് സവിശേഷതകൾ: പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ മ്യൂസിക് ആസ്വാദനത്തിന് മുൻതൂക്കം നൽകിയുള്ള ഫീച്ചറുകളുമായാണ് എച്ച്എംഡി നോക്കിയ 130 മ്യൂസിക് അവതരിപ്പിച്ചിരിക്കുന്നത്. ലൗഡ് സ്പീക്കർ, MP3 പ്ലെയർ, 32GB വരെയുള്ള മൈക്രോഎസ്ഡി കാർഡ്, വയർഡ്- വയർലെസ് മോഡുകളിൽ പ്രവർത്തിക്കുന്ന എഫ്എം റേഡിയോ എന്നിവ ഈ ഫോണിലുണ്ട്.
സ്റ്റാൻഡേർഡ് 2.4 ഇഞ്ച് ക്യുവിജിഎ ഡിസ്‌പ്ലേ, ടക്‌ടൈൽ കീപാഡ്, മൈക്രോ യുഎസ്ബി 1.1 പോർട്ട്, നോർമൽ 3.5 എംഎം ഓഡിയോ ജാക്ക് എന്നിവയൊക്കെ നോക്കിയ 130 മ്യൂസിക്കിൽ ഉണ്ട്. ഡാർക്ക് ബ്ലൂ, പർപ്പിൾ, ലൈറ്റ് ഗോൾഡ് എന്നിങ്ങനെ മൂന്ന് കളർ വേരിയന്റുകളിൽ ഈ ഫോൺ ലഭ്യമാണ്.
1,450എംഎഎച്ച് ബാറ്ററിയാണ് നോക്കിയ 130 മ്യൂസിക്ക് മോഡലിലുള്ളത്. ഇത് 34 ദിവസത്തെ സ്റ്റാൻഡ്‌ബൈ വാഗ്ദാനം ചെയ്യുന്നു. 2000 കോൺടാക്റ്റുകളും 500 എസ്എംഎസുകളും ഇതിൽ സൂക്ഷിക്കാം. 4MB ഇന്റേണൽ സ്റ്റോറേജ് ഇതിലുണ്ട്. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് 32 ജിബി വരെ വികസിപ്പിക്കാം. നോക്കിയ സീരീസ് 30+ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ആണ് പ്രവർത്തനം.
നോക്കിയ 150 ഫീച്ചർ ഫോണിന്റെ സവിശേഷതകൾ: മികച്ച ബാറ്ററി ബാക്കപ് ആണ് ഈ ഫോണിന്റെ പ്രധാന സവിശേഷതകളിലൊന്ന്. 1450 mAh ബാറ്ററി ഇതിൽ ഉൾക്കൊള്ളുന്നു. സ്പ്ലാഷ് പ്രൂഫ് ഡിസൈനാണ് എടുത്തുപറയേണ്ട മറ്റൊരു ഫീച്ചർ. IP52 ഡസ്റ്റ് ആൻഡ് സ്പ്ലാഷ് പ്രൂഫ് റേറ്റിംഗ് ആണ് ഈ ഫോണിനുള്ളത്.

നോക്കിയ 150 പോളികാർബണേറ്റ് ഡിസൈൻ വാഗ്ദാനം ചെയ്യുന്നു. മെറ്റാലിക് നാവിഗേഷൻ കീ ഏരിയയും ടക്‌റ്റൈൽ കീപാഡുമായാണ് ഈ ഫീച്ചർ ഫോൺ എത്തുന്നത്. ഫ്ലാഷോടുകൂടിയ വിജിഎ പിൻ ക്യാമറയും 240x320 പിക്സൽ റെസല്യൂഷനുള്ള 2.4 ഇഞ്ച് ക്യുവിജിഎ ഡിസ്പ്ലേയും ഈ നോക്കിയ ഫോണിലുണ്ട്.
നോക്കിയ 150 ഫോണും 4MB ഇന്റേണൽ സ്റ്റോറേജ് പായ്ക്ക് ചെയ്യുന്നു, സ്റ്റോറേജ് 32GB വരെ വികസിപ്പിക്കാം. വയർലെസ് എഫ്എം റേഡിയോ, എംപി3 പ്ലെയർ എന്നിവയും ഇതിലുണ്ട്. ചാർക്കോൾ, സിയാൻ, റെഡ് കളർ ഓപ്ഷനുകളിൽ ഈ നോക്കിയ 150 ഫീച്ചർ ഫോൺ ലഭ്യമാകും.
വിലയും ലഭ്യതയും: നോക്കിയ 130 മ്യൂസിക് മോഡലിന്റെ ഡാർക്ക് ബ്ലൂ കളർ വേരിയന്റിന് 1,849 രൂപയും പർപ്പിൾ, ലൈറ്റ് ഗോൾഡ് കളർ ഓപ്ഷനുകൾ 1,949 രൂപയുമാണ് വില. നോക്കിയ 150 മോഡലിന് 2,699 രൂപയാണ് വില. അംഗീകൃത റീട്ടെയിൽ സ്റ്റോറുകളിൽ നിന്നും Nokia.com-ൽ നിന്നും ഉപഭോക്താക്കൾക്ക് ഈ ഫോണുകൾ വാങ്ങാം.


Click it and Unblock the Notifications








