കൺതുറന്ന് കൺനിറച്ച് കാണുക... മോനേ ജാഡ ഐറ്റം! 3 പുതിയ ഫീച്ചർ ഫോണുകളുമായി നോക്കിയ ഈസ് ബാക്ക്
സ്മാർട്ട്ഫോണുകളുടെ ലോകത്ത് നോക്കിയയ്ക്ക് ആരാധകർ അൽപ്പം കുറവാണ്. എന്നാൽ സ്മാർട്ട്ഫോൺ ഉപയോഗിക്കാത്ത, ഫീച്ചർ ഫോണുകൾ ഉപയോഗിക്കാൻ താൽപര്യപ്പെടുന്ന ഒരുപാട് ആളുകളുണ്ട്. ഈ ഫീച്ചർ ഫോണുകൾക്കിടയിൽ ഇപ്പോഴും രാജാവ് നോക്കിയ (Nokia) തന്നെയാണ്. ഇക്കാര്യം ഒന്നുകൂടി ഊട്ടിയുറപ്പിച്ചുകൊണ്ട് മൂന്ന് പുതിയ ഫീച്ചർ ഫോണുകളാണ് നോക്കിയ ഒറ്റയടിക്ക് പുറത്തിറക്കിയിരിക്കുന്നത്.
ഫീച്ചർ ഫോണുകൾ എന്ന സ്വഭാവം നിലനിർത്തിക്കൊണ്ടുതന്നെ പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തി മെച്ചപ്പെടുത്തിയ മൂന്ന് പുതിയ സ്മാർട്ട്ഫോണുകൾ നോക്കിയ തങ്ങളുടെ ഔദ്യോഗിക അന്താരാഷ്ട്ര സൈറ്റിൽ ലിസ്റ്റ് ചെയ്തു. നോക്കിയ 230 (2024), നോക്കിയ 6310 (2024), നോക്കിയ 5310 (2024) എന്നിവയാണ് ആഗോളതലത്തിൽ നോക്കിയ പുതിയതായി പുറത്തിറക്കിയിരിക്കുന്നത്.

നോക്കിയയുടെ ബ്രാൻഡ് ലൈസൻസിയായ എച്ച്എംഡി ഗ്ലോബൽ സ്വന്തം ബ്രാൻഡിന്റെ പേരിൽ തന്നെ സ്മാർട്ട്ഫോൺ പുറത്തിറക്കാൻ തുടങ്ങുകയാണ്. ഇതോടെ നോക്കിയയുടെ കഥ തീരും എന്ന് നിരവധി റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ പഴയ നോക്കിയ പ്രേമികളുടെ അത്തരം ആശങ്കകൾ ഇല്ലാതാക്കുകയും നോക്കിയ ഫോണുകളുടെ തിരിച്ചുവരവ് അടയാളപ്പെടുത്താനും ഈ ഫോണുകൾക്ക് കഴിഞ്ഞിട്ടുണ്ട്.
മുൻ മോഡലുകളിൽ കണ്ടിട്ടുള്ള പരിചിതമായ ഡിസൈനുകളിൽ തന്നെയാണ് പുതിയ നോക്കിയ ഫോണുകളും എത്തിയിരിക്കുന്നത്. മുൻപ് അവതരിപ്പിച്ചിട്ടുള്ള മോഡലുകളുടെ പുതിയ വേരിയന്റാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത് എന്ന് പറയാം. അതിനാലാണ് അവയുടെ പേരിനൊപ്പം ബ്രായ്ക്കറ്റിൽ വർഷവും ഇടംപിടിച്ചിരിക്കുന്നത്. ഈ ഫോണുകളുടെ ഇന്ത്യൻ ലോഞ്ച് തീയതി വരും ആഴ്ചകളിലേ പുറത്തുവരൂ.
Nokia 230 (2024) ന്റെ പ്രധാന ഫീച്ചറുകൾ: 2.8 ഇഞ്ച് (320 x 240 പിക്സലുകൾ) QVGA ഡിസ്പ്ലേയാണ് ഇതിലുള്ളത്. യൂണിസോക് 6531F പ്രോസസർ, 8എംബി റാം, 16എംബി ഇൻ്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 32ജിബി വരെ സ്റ്റോറേജ് വികസിപ്പിക്കാനുള്ള സൗകര്യം ഡ്യുവൽ സിം ഓപ്ഷൻ എന്നിവ ഈ ഫീച്ചർ ഫോണിലുണ്ട്.
സീരീസ് 30+ ഒഎസിൽ ആണ് നോക്കിയ നോക്കിയ 230 (2024) പ്രവർത്തിക്കുന്നത്. LED ഫ്ലാഷോടു കൂടിയ 2MP ഫിക്സഡ് ഫോക്കസ് റിയർ ക്യാമറ, എൽഇഡി ഫ്ലാഷോടു കൂടിയ 2എംപി ഫിക്സഡ് ഫോക്കസ് ഫ്രണ്ട് ക്യാമറ എന്നിവയും ഇതിലുണ്ട്. 2G (900/1800), ബ്ലൂടൂത്ത് 5.0, യുഎസ്ബി ടൈപ്പ്-സി, 1450mAh ബാറ്ററി എന്നിവയാണിതിലെ മറ്റ് പ്രധാന ഫീച്ചറുകൾ.
Nokia 6310 (2024) ന്റെ പ്രധാന ഫീച്ചറുകൾ: 2.8 ഇഞ്ച് (320 x 240 പിക്സലുകൾ) QVGA ഡിസ്പ്ലേ, യൂണിസോക് 6531F പ്രോസസർ, 8എംബി റാം, 16എംബി ഇൻ്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി കാർഡ് സൗകര്യം, ഡ്യുവൽ സിം, സീരീസ് 30+ ഒഎസ് എന്നിവ ഇതിലുണ്ട്.

LED ഫ്ലാഷോടുകൂടിയ 0.3MP VGA പിൻ ക്യാമറ (ടോർച്ച്), 3.5എംഎം ഓഡിയോ ജാക്ക്, എഫ്എം റേഡിയോ (വയർഡ് & വയർലെസ് ഡ്യുവൽ മോഡ്), എംപി3 പ്ലെയർ, 2G (900/1800), ബ്ലൂടൂത്ത് 5.0, യുഎസ്ബി ടൈപ്പ്-സി, 1450mAh ബാറ്ററി എന്നിവയാണ് നോക്കിയ-6310 (2024) ന്റെ മറ്റ് പ്രധാന ഫീച്ചറുകൾ. ഇതിന്റെ ആദ്യ മോഡൽ 2021ൽ പുറത്തിറങ്ങിയിരുന്നു.
Nokia 5310 (2024)-ന്റെ പ്രധാന ഫീച്ചറുകൾ: 2.8 ഇഞ്ച് (320 x 240 പിക്സലുകൾ) QVGA ഡിസ്പ്ലേ, യൂണിസോക്ക് 6531F പ്രോസസർ, 8എംബി റാം, 16എംബി ഇൻ്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് 32ജിബി വരെ വികസിപ്പിക്കാനുള്ള സൗകര്യം, സീരീസ് 30+, എൽഇഡി ഫ്ലാഷോടു കൂടിയ വിജിഎ റിയർ ക്യാമറ എന്നിവ ഇതിലുണ്ട്.
ഡ്യുവൽ സിം, 3.5 എംഎം ഓഡിയോ ജാക്ക്, എഫ്എം റേഡിയോ (വയർഡ്/വയർലെസ്), ഡ്യുവൽ ഫ്രണ്ട് ഫേസിംഗ് സ്പീക്കറുകൾ, 2G ( 900/1800 ), ബ്ലൂടൂത്ത് 5.0, യുഎസ്ബി ടൈപ്പ്-സി, 1450mAh ബാറ്ററി എന്നിവയൊക്കെയാണ് നോക്കിയ 5310 ( 2024) -ന്റെ മറ്റ് ഫീച്ചറുകൾ.

ഈ മൂന്ന് നോക്കിയ ഫീച്ചർ ഫോണുകളും 27 ദിവസം വരെ സ്റ്റാൻഡ്‌ബൈ ടൈം വാഗ്ദാനം ചെയ്യുന്നു. കൂടാതെ ഇതിലുള്ളത് റിമൂവബിൾ ബാറ്ററികളാണ്. നോക്കിയ 6310(2024) ബ്ലാക്ക്, ഗ്രീൻ നിറങ്ങളിലും നോക്കിയ 230 (2024) ബ്ലാക്ക്, വൈറ്റ് നിറങ്ങളിലും നോക്കിയ 5310 (2024) ബ്ലാക്ക് വിത്ത് റെഡ്, വൈറ്റ് വിത്ത് റെഡ് നിറങ്ങളിലും ലഭ്യമാകും.
ഈ മൂന്ന് പുതിയ നോക്കിയ ഫോണുകളും കമ്പനിയുടെ ആഗോള വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ ഇവയുടെ വില വിവരങ്ങൾ ലഭ്യമല്ല. ഇന്ത്യയിൽ ഇവ എപ്പോൾ ലഭ്യമാകും എന്ന വിവരവും പുറത്തുവന്നിട്ടില്ല. അധികം വൈകാതെ തന്നെ വിലയും ഇന്ത്യൻ ലോഞ്ചിന്റെ തീയതിയും പുറത്തുവരും എന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








