നോക്കിയ 5.4 ഡിസൈൻ മറ്റ് വിശദാംശങ്ങൾ വെളിപ്പെടുത്തി ലീക്കുകൾ: പ്രതീക്ഷിക്കുന്ന വില, സവിശേഷതകൾ
നോക്കിയ 5.4 എന്ന് വിളിക്കുന്ന പുതിയ മിഡ് റേഞ്ച് സ്മാർട്ട്‌ഫോൺ അവതരിപ്പിക്കുവാനൊരുങ്ങി നോക്കിയ. വരാനിരിക്കുന്ന ഈ സ്മാർട്ട്ഫോണിനെക്കുറിച്ച് ധാരാളം ലീക്കുകളും അഭ്യൂഹങ്ങളും ഉണ്ടായിരുന്നു. ഇപ്പോൾ, ഈ പുതിയ നോക്കിയ ഫോണിൻറെ പൂർണ്ണ സവിശേഷതകൾ ഓൺലൈനിൽ ചോർന്നു. നോക്കിയ 5.4 ഒരു 4 ജി സ്മാർട്ട്‌ഫോണായിരിക്കുമെന്ന് മൈസ്‌മാർട്ട്‌പ്രൈസിൽ നിന്നുള്ള റിപ്പോർട്ട് വ്യക്തമാക്കി. പുതിയ രൂപകൽപ്പനയുള്ള ബ്രാൻഡിൽ നിന്ന് അടുത്തിടെ അവതരിപ്പിച്ച ചില ഡിവൈസുകളുമായി ഈ ഹാൻഡ്‌സെറ്റിന് സാമ്യമുണ്ടായിരിക്കും.

നോക്കിയ 5.4 സവിശേഷതകൾ
നോക്കിയ 5.4 സ്മാർട്ഫോണിന് 1520 x 720 റെസല്യൂഷനോടുകൂടിയ 720 പിക്‌സൽ ഡിസ്പ്ലേ ഉണ്ടായിരിക്കും. ഈ ഹാൻഡ്‌സെറ്റിന് 15,000 രൂപയാണ് വില വരുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഈ ഹാൻഡ്‌സെറ്റിന് ആൻഡ്രോയിഡ് 11 അപ്‌ഡേറ്റ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 4 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ക്വാൽകോം സ്‌നാപ്ഡ്രാഗൺ 662 ഒക്ടാ-കോർ പ്രോസസറാണ് ഈ സ്മാർട്ട്‌ഫോണിന്റെ കരുത്ത്.

രണ്ട് സ്ലോട്ടുകളിലും 4 ജി എൽടിഇ, വോൾടിഇ എന്നിവയ്ക്കുള്ള സപ്പോർട്ടുമായി ഡ്യുവൽ സിം കാർഡ് സ്ലോട്ടുകൾ ഡിവൈസ് വാഗ്ദാനം ചെയ്യുന്നു. കൂടുതൽ സ്റ്റോറേജിനായി നോക്കിയ 5.4 ന് മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് ഉണ്ടായിരിക്കാം. നോക്കിയ 5.4 ലെ ക്യാമറ സെറ്റപ്പിൽ 48 എംപി പ്രൈമറി സെൻസറും 5 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസും 2 എംപി ഡെപ്ത് സെൻസറും 2 എംപി മാക്രോ സെൻസറും ഉണ്ടായിരിക്കും. 1080 പിക്‌സൽ വീഡിയോ റെക്കോർഡിംഗ് ശേഷിക്ക് സപ്പോർട്ടുള്ള 12 എംപി സെൽഫി ക്യാമറ മുൻവശത്ത് ഉണ്ടായിരിക്കും.

യുഎസ്ബി ടൈപ്പ്-സി പോർട്ടും 3.5 എംഎം ഹെഡ്‌ഫോൺ ജാക്കും വരുന്ന 4,000 എംഎഎച്ച് ബാറ്ററിയാണ് നോക്കിയ 5.4 ന് ചാർജ് നൽകുന്നത്. 182 ഗ്രാം ഭാരം വരുന്ന ഈ ഡിവൈസ് നീല, പർപ്പിൾ നിറങ്ങളിൽ ലഭ്യമായേക്കും. ഈ ഹാൻഡ്‌സെറ്റിന് പിന്നിൽ ഫിംഗർപ്രിന്റ് സെൻസർ ഉണ്ടാകും. ഒപ്പം ലോഞ്ച് തീയതി മുതൽ 24 മാസത്തേക്ക് ഫോണിന് സോഫ്റ്റ്വെയർ സപ്പോർട്ട് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








