നോക്കിയ കുത്തക തിരിച്ചു പിടിക്കാനുള്ള തയ്യാറെടുപ്പില്‍

Posted By:

നോക്കിയ കുത്തക തിരിച്ചു പിടിക്കാനുള്ള തയ്യാറെടുപ്പില്‍

സാംസംഗ്, എല്‍ജി തുടങ്ങിയ കമ്പനികളില്‍ നിന്നുള്ള ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളുടെ കുത്തൊഴുക്കില്‍ നോക്കിയയുടെ ബിസിനസിന് അല്‍പം ഇടിവ് സംഭവിച്ചിരുന്നു.  ഈ ഒരു ക്ഷാണം മാറ്റാനുള്ള പരിപാടിയിലാണ് നോക്കിയ ഇപ്പോള്‍.  പഴയ വിജയിച്ച ഹാന്‍ഡ്‌സെറ്റുകള്‍ക്ക് പിന്‍ഗാമികളെ അവതരിപ്പിച്ചു കൊണ്ടാണ് നോക്കിയ തിരിച്ചു വരവ് നടത്തുന്നത്.

ഏറെ സ്വീകാര്യത നേടിയ നോക്കിയ എന്‍8ന്റെ പുതിയ വേര്‍ഷന്റെ പണിപ്പുരയിലാണ് ഇപ്പോള്‍ നോക്കിയ.  നോക്കിയ 803 എന്നു പേരിട്ടിരിക്കുന്ന ഈ പുതിയ ഫോണ്‍ ആര്‍എം 807 എന്നും അറിയപ്പെടും.

അതേ സമയം ഈ പുതിയ നോക്കിയ ഹാന്‍ഡ്‌സെറ്റ് നോക്കിയ എന്‍8ന്റെ പിന്‍ഗാമിയാണ് എന്ന് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.  എന്നാല്‍ ലഭ്യമായ ചിത്രത്തില്‍ നിന്നും ഇവ രണ്ടു തമ്മില്‍ സാമ്യം കാണുന്നു എന്നതിനാലാണ് ഇങ്ങനെയൊരു വാര്‍ത്ത പ്രചരിച്ചത്.

എന്നാല്‍ ഈ വാര്‍ത്ത ഉറപ്പിക്കാന്‍ പാകത്തിന് ഈ പുതിയ ഫോണിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും ഇപ്പോള്‍ ലഭ്യമല്ല.  ഈ പുതിയ ഫോണിന്റെ ഫീച്ചറുകളെയും സ്‌പെസിഫിക്കേഷനുകളെയും കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാനിരിക്കുന്നേയുള്ളൂ.  എന്നാല്‍ താഴെ പറയുന്ന ചില കാര്യങ്ങള്‍ യൂസര്‍ മാന്വലിലൂടെ പുറത്തായിട്ടുണ്ട്

  • എന്‍എഫ്‌സി സൗകര്യം

  • എച്ച്ഡിഎംഐ ഔട്ട്പുട്ട്

  • ഡിഎല്‍എന്‍എ
നോക്കിയ 803 ഹാന്‍ഡ്‌സെറ്റിലെ ക്യാമറ ഒപ്റ്റിക്കല്‍ സൂം, നോക്കിയ എന്‍8നേക്കാള്‍ വലിയ സെന്‍സര്‍ എന്നീ സൗകര്യമുള്ളതായിരിക്കും എന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.  ഡബ്ല്യുവിജിഎ റെസൊലൂഷന്‍, ഗോറില്ല ഗ്ലാസിന്റെ സംരക്ഷണം എന്നിവയുള്ള 3.5 ഇഞ്ച് ഡിസ്‌പ്ലേയായിതിക്കും ഈ പുതിയ നോക്കിയ ഫോണിന് എന്നും കേള്‍ക്കുന്നുണ്ട്.

1 ജിഗാഹെര്‍ഡ്‌സ് പ്രോസസ്സര്‍, 512 എംബി റാം എന്നിവയും നോക്കിയ 803 ഫോണില്‍ പ്രതീക്ഷിക്കപ്പെടുന്നുണ്ട്.  അതുപോലെ ഇത് പ്രവര്‍ത്തിക്കുക വിന്‍ഡോസ് ഓപറേറ്റിംഗ് സിസ്റ്റത്തിലായിരിക്കും എന്നു വാര്‍ത്ത പരക്കുമ്പോള്‍ തന്നെ ഇത് സിംബിയന്‍ പ്ലാറ്റ്‌ഫോമിലായിരിക്കും പ്രവര്‍ത്തിക്കുക എന്നും ശ്രുതിയുണ്ട്.

ഏതായാലും കാണാനുള്ള പൂരം പറഞ്ഞറിയിക്കണോ.  നമുക്ക് കാത്തിരിക്കാം നോക്കിയ 803യെ കുറിച്ചുള്ള നോക്കിയയുടെ ഔദ്യോഗിക പ്രഖ്യാപനത്തിനായി.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot