നോക്കിയയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഫോൺ എത്തുന്നു!
കേൾക്കുന്ന വാർത്തകളെല്ലാം നേരാണെങ്കിൽ ഒരുപക്ഷെ നോക്കിയയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും അധികം സവിശേഷതകൾ നിറഞ്ഞ ഫോണായിരിക്കും വരാൻ പോകുന്ന നോക്കിയ 9. ഈയടുത്തിടെ ഓൺലൈനിൽ പുറത്തായ ഫോണിന്റെ യഥാർത്ഥ ചിത്രങ്ങളും സവിശേഷതകളും എല്ലാം തന്നെ സൂചിപ്പിക്കുന്നതും അത് തന്നെയാണ്. അതിൽ എടുത്തുപറയേണ്ട ഏറ്റവും വലിയ സവിശേഷത പിറകിലെ അഞ്ചു ക്യാമറകൾ തന്നെയാണ് എന്നതിൽ യാതൊരു സംശയവുമില്ല.

അഞ്ചു ക്യാമറകൾ, അതും മനോഹരമായ ഡിസൈനിൽ
പിറകിൽ അഞ്ചു ക്യാമറകൾ എന്ന സവിശേഷതയുമായി എത്തുന്ന നോക്കിയയുടെ വരാനിരിക്കുന്ന നോക്കിയ 9 എന്ന മോഡൽ ഈ ക്യാമറ സവിശേഷതകൾ കൊണ്ട് തന്നെ ഇപ്പോൾ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. ഫോണുമായി ബന്ധപ്പെട്ടു പുറത്തുവന്ന വാർത്തകളും ചിത്രങ്ങളുമാണ് ഇത്തരമൊരു ക്യാമറ സെറ്റപ്പ് ഫോണിൽ ഉള്ളതിനെ കുറിച്ച് വിരൽ ചൂണ്ടുന്നത്. നിലവിലെ നോക്കിയയുടെ ഏറ്റവും വലിയ ഫോണായ നോക്കിയ 8 Sirocco യുടെ പിൻഗാമിയായിട്ടാണ് ഈ ഫോൺ എത്തുക.

ക്യാമറയെ കുറിച്ച് പറയുമ്പോൾ
പുറത്തായ നോക്കിയയുടെ യഥാർത്ഥ ചിത്രങ്ങൾ സൂചിപ്പിക്കുന്നത് വരാനിരിക്കുന്ന മോഡൽ ഒരു പെന്റാ ക്യാമറ സെറ്റപ്പിൽ (5 ക്യാമറകൾ) ആയിരിക്കും എന്നതാണ്. ഒപ്പം എൽഇഡി ഫ്ലാഷും Zeiss ലോഗോയും ഉണ്ടാകും. ഈ അഞ്ചു ക്യാമറകളും വൃത്തത്തിൽ ആണ് ഫോണിന്റെ പിറകിൽ സ്ഥിതിചെയ്യുന്നത്. ഇതിന് പുറമെ ഒരു അധിക സെൻസർ കൂടെ നമുക്ക് ചിത്രത്തിൽ കാണാം. അതൊരു ലേസർ ഓട്ടോ ഫോക്കസ് സെൻസർ ആകാനാണ് സാധ്യത.

ഫോണിന്റെ പ്രധാന സവിശേഷതകൾ
പുറത്തായ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നോക്കിയ 9 എത്തുന്നത് 5.9 ഇഞ്ച് QHD OLED ഡിസ്പ്ളേയോടെയായിരിക്കും. 2.5D കോർണിങ് ഗൊറില്ല ഗ്ളാസ് കർവ്ഡ് ഡിസ്പ്ളേ സംരക്ഷണവും ഫോണിനുണ്ടാകും. പ്രോസസറിന്റെ കാര്യത്തിൽ Snapdragon 845 ആയിരിക്കും എന്നത് ഉറപ്പാണ്. എന്നാൽ ഒരുപക്ഷെ Snapdragon 855ൽ എത്തുവാനുള്ള സാധ്യതയും തള്ളിക്കളയാൻ പറ്റില്ല.

മറ്റു സവിശേഷതകൾ
മെമ്മറിയുടെ കാര്യത്തിൽ 6 ജിബി അല്ലെങ്കിൽ 8 ജിബി റാം, 64 ജിബി അല്ലെങ്കിൽ 128 ജിബി ഇന്റെർണൽ മെമ്മറി എന്നിവയും പ്രതീക്ഷിക്കാം. അതുപോലെ ബാറ്ററിയുടെ കാര്യത്തിൽ നിലവിലുള്ള നോക്കിയ ബാറ്ററികളേക്കാൾ ഏറെ ഉയർന്ന കരുത്തുള്ള ഒരു ബാറ്ററിയായിരിക്കും ഫോണിനുണ്ടാവുക. 2019ൽ ആയിരിക്കും ഫോൺ വിപണിയിൽ എത്തുക.


Click it and Unblock the Notifications