വിലയിൽ പിടിച്ച് കയറാൻ നോക്കിയ; സി12 ന് ഇന്ത്യയിൽ വില 5999 രൂപ!
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ തരംഗമാകാനുള്ള തയാറെടുപ്പോടെ നോക്കിയ തങ്ങളുടെ ബജറ്റ് റേഞ്ചിലുള്ള സ്മാർട്ട്ഫോൺ സി12 സ്മാർട്ട്ഫോൺ ഇന്ത്യയിൽ ഔദ്യോഗികമായി പുറത്തിറക്കി. 5,999 രൂപ വിലയിലാണ് സി12 എത്തുന്നത്. മാർച്ച് 17 മുതൽ ആമസോണിലൂടെ മാത്രമാണ് നോക്കിയ സി12 സ്മാർട്ട്ഫോൺ ഇന്ത്യക്കാർക്ക് സ്വന്തമാക്കാൻ സാധിക്കുക.
സാധാരണക്കാരനായ ഒരു ഉപയോക്താവിന്റെ മൊബൈൽ ആവശ്യങ്ങൾ എല്ലാം നിറവേറ്റാൻ സാധിക്കുന്ന എല്ലാ ഫീച്ചറുകളും ഈ നോക്കിയ സ്മാർട്ട്ഫോൺ ഉറപ്പ് നൽകുന്നുണ്ട്. ആൻഡ്രോയിഡ് 12 ഗോ എഡിഷൻ അടിസ്ഥാനമാക്കിയാണ് ഈ സ്മാർട്ട്ഫോണിന്റെ പ്രവർത്തനം. ഈ വർഷം ജനുവരിയിൽ യൂറോപ്പിൽ ആണ് സി12 ആദ്യം പുറത്തിറങ്ങിയത്.

തുടർന്ന് രണ്ട് മാസത്തിനിപ്പുറം സി12 ഇന്ത്യയിലേക്ക് എത്തുമ്പോൾ കുറഞ്ഞ വിലയാണ് ഈ സ്മാർട്ട്ഫോണിനെ വിപണിയിലെ ശ്രദ്ധാകേന്ദ്രമാക്കി മാറ്റിയിരിക്കുന്നത്. കുറഞ്ഞ തുകയ്ക്ക് മികച്ച ഫീച്ചറുകളോടുകൂടി നോക്കിയ പോലെ ഒരു ബ്രാൻഡിന്റെ സ്മാർട്ട്ഫോൺ എത്തുന്നു എന്നത് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഏറെ ആഹ്ലാദത്തിന് വക നൽകുന്ന വാർത്തയാണ്.
ഇപ്പോൾ ഇന്ത്യയിൽ എത്തിയിരിക്കുന്ന നോക്കിയ സി 12 സ്മാർട്ട്ഫോൺ, 2021 ൽ അവതരിപ്പിച്ച നോക്കിയ സി10 ന്റെ പരിഷ്കരിച്ച പതിപ്പാണ്. ചാർക്കോൾ, ഡാർക്ക് സിയാൻ, ലൈറ്റ് മിന്റ് നിറങ്ങളിലാണ് ഈ ഹാൻഡ്സെറ്റ് കമ്പനി പുറത്തിറക്കുന്നത്. ഒരു വർഷത്തെ റീപ്ലേസ്‌മെന്റ് ഗ്യാരണ്ടിയോടെയാണ് സി12 എത്തിയിരിക്കുന്നത്.
ഒക്ടാ-കോർ യുണിസോക്ക് 9863 എ1 പ്രോസസർ കരുത്തുമായാണ് നോക്കിയ സി 12 എത്തുന്നത്. 2 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജും ഈ സ്മാർട്ട്ഫോണിൽ നോക്കിയ നൽകിയിരിക്കുന്നു. കൂടാതെ 256 ജിബി വരെ അധിക സ്റ്റോറേജ് വിപുലീകരണത്തിനായി ഒരു പ്രത്യേക മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും നൽകിയിട്ടുണ്ട്.

60Hz റിഫ്രഷ് റേറ്റ് ഉള്ള 6.3 ഇഞ്ച് HD+ റെസല്യൂഷൻ ഡിസ്‌പ്ലേ ആണ് ഈ നോക്കിയ സ്മാർട്ട്ഫോണിന്റെ പ്രധാന സവിശേഷതകളിലൊന്ന്. ഫേസ് അൺലോക്ക് സപ്പോർട്ടിനൊപ്പം പോർട്രെയിറ്റ് മോഡ്, നൈറ്റ് മോഡ് തുടങ്ങിയ ഫീച്ചറുകൾക്ക് പിന്തുണ നൽകുന്ന 5 എംപി സെൽഫി ക്യാമറയാണ് സി12 ലുള്ളത്.
എൽഇഡി ഫ്ലാഷോടുകൂടിയ 8 മെഗാപിക്സൽ ഫിക്സഡ് ഫോക്കസ് റിയർ ക്യാമറയാണ് നോക്കിയ സി12 ന്റെ ബായ്ക്കിൽ നൽകിയിരിക്കുന്നത്. നൈറ്റ് മോഡ്, പോർട്രെയിറ്റ് മോഡ്, ഓട്ടോ എച്ച്ഡിആർ, ടൈംലാപ്‌സ് തുടങ്ങിയ ഫീച്ചറുകളും പൊടിയും വെള്ളവും പ്രതിരോധിക്കാൻ IP52 റേറ്റിങ്ങും ഈ നോക്കിയ സ്മാർട്ട്ഫോണിൽ ഉണ്ട്.

5വാട്ട് ചാർജിംഗിനുള്ള പിന്തുണയോടെ 3,000 എംഎഎച്ച് ബാറ്ററി, വയർഡ്-വയർലെസ് എഫ്എം റേഡിയോയെ പിന്തുണ എന്നിവയാണ് മറ്റ് സവിശേഷതകൾ. വൈ-ഫൈ 802.11 b/g/n, ബ്ലൂടൂത്ത് 5.2 എന്നിവയുടെ പിന്തുണയുമുണ്ട്. മറ്റ് കണക്റ്റിവിറ്റി ഓപ്ഷനുകളിൽ മൈക്രോ-യുഎസ്ബി പോർട്ടും 3.5 എംഎം ഹെഡ്‌ഫോൺ ജാക്കും ഉൾപ്പെടുന്നു.
ഈ ഹാൻഡ്സെറ്റിന് 2 വർഷം വരെ സുരക്ഷാ അപ്‌ഡേറ്റുകൾ നൽകുമെന്നും കമ്പനി പറയുന്നു. എന്നാൽ ആൻഡ്രോയിഡ് ഒഎസ് അപ്‌ഡേറ്റിനെക്കുറിച്ച് ഒരു വിവരവുമില്ല. 5,999 രൂപ എന്ന വിലയ്ക്ക് നൽകാവുന്ന ഏതാണ്ട് എല്ലാ ഫീച്ചറുകളും അതിലേറെയും നോക്കിയ സി12 ൽ നൽകിയിട്ടുണ്ട് എന്നാണ് വിലയിരുത്തൽ.
5ജി സ്മാർട്ട്ഫോണുകളിലേക്ക് ഇന്ത്യ മാറുന്ന ഈ സമയത്ത് ഒരു 4ജി ഫോണിലൂടെ ഇന്ത്യൻ മൊബൈൽ വിപണിയിൽ തരംഗമുണ്ടാക്കാൻ നോക്കിയയ്ക്ക് സാധിക്കുമോ എന്ന് സംശയിക്കുന്നവരുണ്ട്. എന്നാൽ 5ജി ആവശ്യമില്ലാത്ത, അത്യാവശ്യത്തിന് ഒരു ഫോൺ ആഗ്രഹിക്കുന്ന സാധാരണക്കാർക്കുള്ള മികച്ച ഓപ്ഷൻ എന്ന നിലയിലാണ് കമ്പനി സി12 ഇന്ത്യയിൽ അവതരിപ്പിക്കുന്നത്.


Click it and Unblock the Notifications








