നോക്കിയ ലൂമിയ 510: 11,000 രൂപയ്ക്ക് ഇന്ത്യയില്‍ ഇറങ്ങി. വാങ്ങിയാലോ?

Posted By: Super

നോക്കിയ ലൂമിയ 510: 11,000 രൂപയ്ക്ക് ഇന്ത്യയില്‍ ഇറങ്ങി. വാങ്ങിയാലോ?

ഇന്നലെ ഡെല്‍ഹിയില്‍ നടന്ന പത്രസമ്മേളനത്തില്‍ വച്ച് നോക്കിയ, ലൂമിയ ശ്രേണിയിലെ വിലകുറഞ്ഞ മോഡലായ ലൂമിയ 510 ഇന്ത്യയില്‍  പുറത്തിറക്കി. 11000 രൂപയ്ക്ക് വിപണിയിലെത്തുന്ന ഈ വിന്‍ഡോസ് അടിസ്ഥാനമായ സ്മാര്‍ട്ട്‌ഫോണിന്റെ ഡിസൈനും, സവിശേഷതകളും, വിലയും,റിലീസിംഗ് തീയതിയുമെല്ലാം ഓണ്‍ലൈന്‍ ലോകത്ത് ഇതിനോടകം വാര്‍ത്തകളായിരുന്നു. ഇപ്പോഴിതാ എല്ലാം യാഥാര്‍ഥ്യമാക്കിക്കൊണ്ട് നോക്കിയ ലൂമിയ 510 പുറത്തിറങ്ങിയിരിക്കുന്നു.

ഇതുവരെ വിപണിയിലെ ഏറ്റവും വിലകുറഞ്ഞതായിരുന്ന ലൂമിയ 610നെ പിന്തള്ളിക്കൊണ്ടാണ് നോക്കിയ, ലൂമിയ 510 പുറത്തിറക്കിയിരിയ്ക്കുന്നത്. ' കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കളുടെ ഇടയിലേയ്ക്ക് കൂടുതല്‍ വിന്‍ഡോസ്‌ഫോണുകള്‍ എത്തിയ്ക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ലൂമിയ 510ലൂടെ ഞങ്ങള്‍ക്ക് വിന്‍ഡോസ് ഫോണിന്റെ അനുഭവം ജനങ്ങള്‍ക്ക് നല്‍കാന്‍ സാധിയ്ക്കും.' ലോഞ്ച് വേളയില്‍ സംസാരിച്ച നോക്കിയ സ്മാര്‍ട്ട് ഡിവൈസസ് എക്‌സിക്യുട്ടീവ് വൈസ് പ്രസിഡണ്ട്, ജോ ഹാര്‍ലോ പറഞ്ഞു.

800X480 പിക്‌സല്‍സ് റെസല്യൂഷനുള്ള 4 ഇഞ്ച് WVGA കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേയാണ് ലൂമിയ 510ല്‍ ഉപയോഗിച്ചിരിയ്ക്കുന്നത്. കൂടാതെ 800 MHz സിംഗിള്‍ കോര്‍ പ്രൊസസ്സര്‍, അപ്‌ഗ്രേഡ് ചെയ്യാവുന്ന വിന്‍ഡോസ് 7.5 മാംഗോ ഓ എസ്, 4 ജി ബി ആന്തരികമെമ്മറി,256 എംബി റാം, 7 ജിബി സ്‌കൈഡ്രൈവ് സ്‌റ്റോറേജ്, 5 എം പി പിന്‍ ക്യാമറ,ബ്ലൂടൂത്ത്, വൈ-ഫൈ, 3ജി,യു എസ് ബി തുടങ്ങിയവയാണ് ലൂമിയ 510ല്‍ ഉള്‍പ്പെട്ടിരിയ്ക്കുന്ന പ്രധാന സവിശേഷതകള്‍.

6.2 മണിയ്ക്കൂര്‍ ടോക് ടൈം അവകാശപ്പെടുന്ന 1300 mAh ബാറ്ററിയാണ് ഇതിലുള്ളത്. പക്ഷെ ബാഹ്യ മെമ്മറിയുടെയും, മുന്‍ക്യാമറയുടെയും അഭാവം എടുത്തറിയാന്‍ കഴിയുന്നുണ്ട് ഈ മോഡലില്‍. ഈ കുറവുകളൊഴിച്ചാല്‍ നോക്കിയ നല്‍കുന്ന ആപ്ലിക്കേഷനുകളും,മൂന്ന് മാസത്തെ ഫ്രീ മ്യൂസിക്ക് സര്‍വീസും,മികച്ച ക്യാമറയും, കുറഞ്ഞ വിലയുമെല്ലാം ലൂമിയ 510നെ  കൊള്ളാവുന്ന ഒരു ഓപ്ഷനാക്കുന്നു. മാത്രമല്ല വിന്‍ഡോസ് പ്ലാറ്റ്‌ഫോമിന്റെ അനുഭവവും ഇതിന്റെ പ്രത്യേകതയാണ്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot