7,500mAh ബാറ്ററി, 108എംപി ക്യാമറ; ഈ നോക്കിയ 5ജിഫോൺ വേണ്ടെന്നുവയ്ക്കാൻ നിങ്ങൾക്കാകുമോ...
സ്മാർട്ട്ഫോൺ വിപണിയിൽ പഴയ പ്രതാപം തിരിച്ചുപിടിക്കാനും ഇന്ത്യൻ വിപണിയിൽ ആധിപത്യം ഉറപ്പിക്കാനുമായി കഴിഞ്ഞ കുറച്ചുനാളുകളായി നോക്കിയ ശ്രമിക്കുന്നു. ചെറുതും വലുതുമായ വമ്പൻ ബ്രാൻഡുകൾ മാറ്റുരയ്ക്കുന്ന ഇന്ത്യൻ വിപണിയിൽ ശ്രദ്ധ നേടണമെങ്കിൽ അസാധാരണ മികവ് പുറത്തെടുത്തേ മതിയാകൂ എന്ന് നോക്കിയ്ക്ക് നല്ലപോലെ അറിയാം.
ഏതൊരു സ്മാർട്ട്ഫോൺ പ്രേമിയുടെയും ശ്രദ്ധ പിടിച്ചുപറ്റും വിധം ഒരു കിടിലൻ സ്മാർട്ട്ഫോൺ അണിയറയിൽ തയാറാക്കിക്കൊണ്ടിരിക്കുകയാണ് നോക്കിയ. നോക്കിയ മാജിക് മാക്സ് എന്ന് പേരിട്ടിരിക്കുന്ന ഈ ഫോൺ ആഗോള തലത്തിൽ തന്നെ സ്മാർട്ട്ഫോൺ വിപണിയിൽ ഒരു കലക്ക് കലക്കും എന്നാണ് റിപ്പോർട്ടുകൾ വന്നുകൊണ്ടിരിക്കുന്നത്.

2023 ഓഗസ്റ്റ് 24 ന് എച്ച്എംടി ഗ്ലോബൽ തങ്ങളുടെ നോക്കിയ മാജിക് മാക്സ് ആഗോള തലത്തിൽ ലോഞ്ച് ചെയ്യും എന്ന് ഏറ്റവുമൊടുവിൽ പുറത്തുവന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പേരിലുള്ള മാജിക് ഈ നോക്കിയ ഫോണിന്റെ പ്രവർത്തനത്തിലും ഫീച്ചറുകളിലും കാണാൻ സാധിക്കും എന്നാണ് പറയപ്പടുന്നത്.
നോക്കിയ മാജിക് മാക്സിന്റെ ലോഞ്ചോടെ ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണി ഒരു സ്മാർട്ട്ഫോൺ വിപ്ലവത്തിന് സാക്ഷിയാകാൻ പോകുന്നു എന്ന് വിശേഷിപ്പിക്കുന്നിടം വരെ എത്തിയിരിക്കുന്നു കാര്യങ്ങൾ. ആരെയും ആകർഷിക്കുന്ന വ്യത്യസ്തതയാർന്ന കളർ വേരിയന്റുകൾ അവതരിപ്പിച്ച് ആരാധകരുടെ കണ്ണിലൂടെ മനസിലേക്ക് കയറിപ്പറ്റി, അവിടെ നിന്ന് പോക്കറ്റിലേക്ക് എത്താനുള്ള മാജിക്കുമായാണ് നോക്കിയ മാജിക് മാക്സ് എത്തുക.
നോക്കിയ മാജിക് മാക്സ് സവിശേഷതകൾ: നോക്കിയ നിരയിലെ പ്രീമിയം സ്മാർട്ട്ഫോൺ ആകും മാജിക് മാക്സ്. അതിശയിപ്പിക്കുന്ന സ്പെസിഫിക്കേഷനുകളുമായി എത്തുന്നു എന്നതാണ് നോക്കിയ മാജിക് മാക്സിനെ വാർത്തകളിലെ താരമാക്കുന്നത്. ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 പ്രോസസറാണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്.
ഇതിന്റെ 4nm ഒക്ടാ കോർ ചിപ്സെറ്റ് വീഡിയോ എഡിറ്റിംഗ് മുതൽ ഗെയിമിംഗ് വരെയുള്ള എല്ലാ ജോലികളും എളുപ്പത്തിൽ കൈകാര്യം ചെയ്യും. 8 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജും ഈ ഫോണിൽ നോക്കിയ വാഗ്ദാനം ചെയ്യുന്നു. 5G, 4G വോൾട്ട്, യുഎസ്ബി ടൈപ്പ്-സി, ജിപിഎസ്, ബ്ലൂടൂത്ത് v5.2 എന്നിവയുൾപ്പെടെയുള്ള കണക്റ്റിവിറ്റി പിന്തുണയും ഇതിലുണ്ട്.
അതിനാൽത്തന്നെ പ്രവർത്തനത്തിന്റെ കാര്യത്തിൽ ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകളോ പോരായ്മയോ പേടിക്കേണ്ടതില്ല. ഫുൾ എച്ച്‌ഡി+ 1080 x 2400 പിക്‌സൽ റെസല്യൂഷനുള്ള 6.7 ഇഞ്ച് ഒഎൽഇഡി ഡിസ്‌പ്ലേയാണ് നോക്കിയ മാജിക് മാക്സിലുള്ളത്. 20:9 ആസ്പെക്ട് റേഷ്യോ, 393 പിപിഐ പിക്സൽ ഡെൻസിറ്റി, സെൽഫിക്കായി ഒരു പഞ്ച്-ഹോൾ കട്ട് ഔട്ട് തുടങ്ങിയ ഫീച്ചറുകളും ഇതിൽ ഇടംപിടിച്ചിരിക്കുന്നു.
ഇതിലെ 120Hz റിഫ്രഷ് റേറ്റ് സുഗമമായ സ്ക്രോളിങ് ഉറപ്പാക്കുന്നു. കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് സംരക്ഷണം, സുരക്ഷയ്ക്കായി ഓൺ-സ്‌ക്രീൻ ഫിംഗർപ്രിന്റ് സെൻസർ, ഫേസ് അൺലോക്ക് എന്നിവയുടെ പിന്തുണയുണ്ട്. സ്റ്റോക്ക് ആൻഡ്രോയിഡ് യുഐ ഉള്ള ആൻഡ്രോയിഡ് 13 ഒഎസിലാണ് നോക്കിയ മാജിക് മാക്സിന്റെ പ്രവർത്തനം.
108 എംപി മെയിൻ സെൻസർ + 16എംപി അൾട്രാ വൈഡ് ലെൻസ് + 5എംപി മാക്രോ സെൻസർ എന്നിവ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. 108MP സെൻസറിന് 30fps-ൽ 4k വീഡിയോകൾ റെക്കോർഡ് ചെയ്യാൻ കഴിയും. കൂടാതെ ഒഐഎസ് പിന്തുണയുമുണ്ട്. മികച്ച സെൽഫിക്കും വീഡിയോകോളുകൾക്കുമായി 64 എംപി ഫ്രണ്ട് ക്യാമറയുമുണ്ട്.

ഏറ്റവും കരുത്തുറ്റ ബാറ്ററിയും അതിന് ചേർന്ന ഫാസ്റ്റ് ചാർജിങ് പിന്തുണയുമായണ് നോക്കിയ മാജിക് മാക്സിനെ ശ്രദ്ധേയമാക്കുന്ന മറ്റൊരു പ്രധാന ഘടകം. മറ്റ് പ്രമുഖ ബ്രാൻഡുകളുടെ സ്മാർട്ട്ഫോണുകളിലുള്ളതിനെക്കാൾ മികച്ച 7,500mAh ബാറ്ററിയുമായാണ് മാജിക് മാക്സ് എത്തുന്നത്. ഇതോടൊപ്പം 120W ഫാസ്റ്റ് ചാർജിംഗ് പിന്തുണയും ഉണ്ട് എന്നത് കൂടുതൽ മികവ് നൽകുന്നു.
നോക്കിയ മാജിക് മാക്സ് 49,000 രൂപ വിലയിൽ ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതേസമയം, ഈ ഫോൺ ഓഗസ്റ്റ് 24 ന് ആഗോള തലത്തിൽ ലോഞ്ച് ചെയ്യുമെന്നത് ഓൺലൈനിൽ വന്ന ലീക്ക് റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയുള്ള വിവരമാണ്. യഥാർഥ തീയതി കമ്പനി ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എങ്കിലും ഉടൻ തന്നെ ലോഞ്ച് പ്രതീക്ഷിക്കാം.


Click it and Unblock the Notifications








