എച്ച്എംഡിയുടെ ആദ്യ സ്മാർട്ട്ഫോണിൽ 108MP ക്യാമറ, കളറും അടിപൊളി! നോക്കിയയുടെ കഥ കഴിഞ്ഞതുതന്നെ
നോക്കിയ സ്മാർട്ട്ഫോണുകൾ നിർമിച്ചുവരുന്ന എച്ച്എംഡി ഗ്ലോബൽ തങ്ങളുടെ സ്വന്തം സ്മാർട്ട്ഫോണിന്റെ ചിത്രങ്ങളും ടീസറും പുറത്തുവിട്ടു. നിലവിൽ നോക്കിയ ബ്രാൻഡ് നെയിമിലാണ് എച്ച്എംഡി ഫോണുകൾ ഇറക്കുന്നത്. എന്നാൽ എച്ച്എംഡി എന്ന തങ്ങളുടെ സ്വന്തം ബ്രാൻഡ് പേരിലുള്ള സ്മാർട്ട്ഫോൺ കമ്പനി പുറത്തിറക്കാൻ പോകുകയാണ് എന്ന് കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു.
ഇതിന് പിന്നാലെ അടുത്തിടെ നോക്കിയയുടെ പേരിൽ ഉണ്ടായിരുന്ന ട്വിറ്റർ അക്കൗണ്ട് അടക്കം എച്ച്എംഡി ഗ്ലോബൽ പേര് മാറ്റി തങ്ങളുടെ സ്മാർട്ട്ഫോൺ ബ്രാൻഡിന്റേതാക്കിയിരുന്നു. ഇപ്പോൾ എച്ച്എംഡി സ്മാർട്ട്ഫോണിനായി വെബ്സൈറ്റും സോഷ്യൽ മീഡിയ അക്കൗണ്ടുകളും എച്ച്എംഡി സ്വന്തമാക്കിയിരിക്കുന്നു. അതേസമയം, എച്ച്എംഡി ഇപ്പോഴും നോക്കിയ സ്മാർട്ട്ഫോണുകൾ നിർമിക്കുകയും പുറത്തിറക്കുകയും ചെയ്യുന്നുമുണ്ട്.

എന്നാൽ, എച്ച്എംഡി ബ്രാൻഡ് സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങുന്നതിന് പിന്നാലെ നോക്കിയ സ്മാർട്ട്ഫോണുകളുടെ നിർമാണം പതിയെ നിർത്തലാക്കാൻ സാധ്യതയുണ്ട് എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. സ്മാർട്ട്ഫോൺ പ്രേമികളെ സംബന്ധിച്ചിടത്തോളം നോക്കിയ എന്നത് ഒരു നൊസ്റ്റാൾജിക് പേരാണ്. മറ്റ് പല പ്രമുഖ ബ്രാൻഡുകളെയും പോലെ നോക്കിയയും എച്ച്എംഡി സ്മാർട്ട്ഫോണിന്റെ വരവോടെ ചരിത്രമായി മാറുമോ എന്ന് കണ്ടറിയണം.
എച്ച്എംഡി തങ്ങളുടെ ആദ്യ സ്മാർട്ട്ഫോണിന്റെ വിവരങ്ങൾ ഓരോന്നായി പുറത്തുവിട്ടുകൊണ്ട് സ്മാർട്ട്ഫോൺ ആരാധകരിൽ ആവേശം നിറച്ചുകൊണ്ടിരിക്കുകയാണ്. വരാൻ പോകുന്ന എച്ച്എംഡി ഫോണിൻ്റെ ഡിസൈൻ കാണിക്കുന്ന ഒരു ടീസർ വീഡിയോയും ഇപ്പോൾ കമ്പനി പോസ്റ്റ് ചെയ്തിട്ടുണ്ട്. ലൂമിയ പോലുള്ള ഡിസൈനും പിങ്ക് നിറവുമുള്ള ഒരു സ്മാർട്ട്ഫോണാണ് ടീസറിൽ ഉള്ളത്.

മുമ്പത്തെ നീല നിറത്തിലുള്ള എച്ച്എംഡി സ്മാർട്ട്ഫോണിന്റെ ചിത്രങ്ങളും വെളിയിൽ വന്നിരുന്നു. കളറിനും ഡിസൈനും അപ്പുറം, ഫോണിന്റെ പ്രധാന ഫീച്ചറുകളിലൊന്നായ ക്യാമറയെക്കുറിച്ചുള്ള ചില വിവരങ്ങളും ഇപ്പോൾ പുറത്തുവന്നിരിക്കുന്നു. 108MP ക്യാമറയായിരിക്കും എച്ച്എംഡി സ്മാർട്ട്ഫോണിലുണ്ടാകുക എന്ന് ടീസർ ചിത്രങ്ങളിലെ പിൻ പാനലിലെ ക്യാമറ മൊഡ്യൂളിലെ എഴുത്ത് വ്യക്തമാക്കുന്നു.
അതിനിടെ, വരാൻ പോകുന്ന എച്ച്എംഡി സ്മാർട്ട്ഫോണുകളുടെ കോഡ്നെയിം @evleaks ലീക്ക് റിപ്പോർട്ടായി പുറത്തുവിട്ടിട്ടുണ്ട്. Pulse, Legend, Pulse+, Legend Plus, Pulse Pro, Legend Pro എന്നിവയാണ് ആ കോഡ്നെയിമുകൾ. ഫെബ്രുവരി അവസാനം ബാഴ്‌സലോണയിൽ നടക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസിൽ (MWC 2024) പുതിയ HMD ഫോണുകൾ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
അതായത് എച്ച്എംഡി സ്മാർട്ട്ഫോണുകൾ ആളുകളുടെ കൈകളിലേക്ക് എത്താൻ ഇനി അധികം കാത്തിരിക്കേണ്ടിവരില്ല. എച്ച്എംഡി ഇപ്പോൾ ആരംഭിച്ചിരിക്കുന്ന വെബ്സൈറ്റിൽ വരാൻ പോകുന്ന സ്മാർട്ട്ഫോണിന്റെ ടീസർ ലഭ്യമാക്കിയിട്ടുണ്ട്. കമ്പനിയുടെ ഇതുവരെയുള്ള യാത്രയെക്കുറിച്ചുള്ള വിവരങ്ങളും വെബ്സൈറ്റിൽ വിശദീകരിക്കുന്നു. ആളുകൾക്ക് ദീർഘനാൾ ഉപയോഗിക്കാൻ കഴിയുന്ന വിധത്തിലുള്ള സ്മാർട്ട്ഫോണുകൾ നിർമിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം എന്ന് കമ്പനി പറയുന്നു.

ആകർഷകമായ ഡിസൈനും 108MP ക്യാമറയുമൊക്കെയായി എത്തുന്ന എച്ച്എംഡിയുടെ ആദ്യ സ്മാർട്ട്ഫോൺ മാന്യമായ വിലയിൽ ഇടത്തരക്കാർക്ക് വാങ്ങാൻ അനുയോജ്യമായ വിലയിലാകും എത്തുക എന്ന് പ്രതീക്ഷിക്കപ്പെടുന്നു. നിരവധി ബ്രാൻഡുകൾ ശക്തമായ മത്സരം കാഴ്ചവയ്ക്കുന്ന ഒരു മേഖലയിൽ വിജയിക്കണമെങ്കിൽ വില ഒരു നിർണായക ഘടകം തന്നെയാണ്.
നിലവിൽ കമ്പനിയുടെ പക്കലുള്ള നോക്കിയ ഫോണുകൾ വിപണി കണ്ടെത്താൻ ഏറെ പാടുപെടുന്നുണ്ട്. സാംസങ്, ആപ്പിൾ, ചൈനീസ് ബ്രാൻഡുകൾ തുടങ്ങിയ എതിരാളികളിൽ നിന്ന് കടുത്ത മത്സരമാണ് നോക്കിയ നേരിടുന്നത്. ക്ലീൻ യൂസർ എക്സ്പീരിയൻസ്, 5G, ഈസി റിപ്പയറബിലിറ്റി എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാകും തങ്ങൾ ഫോൺ പുറത്തിറക്കുന്നതെന്ന് എച്ച്എംഡി വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ എച്ച്എംഡി ഫോണുകൾ ഉപയോക്താക്കൾ ഏറ്റെടുത്തേക്കും.


Click it and Unblock the Notifications








