രണ്ട് പുതിയ ലൂമിയ സ്മാര്‍ട്‌ഫോണുകള്‍ ഓഗസ്റ്റില്‍ ഇന്ത്യയിലേക്ക്

Posted By: Staff

രണ്ട് പുതിയ ലൂമിയ സ്മാര്‍ട്‌ഫോണുകള്‍ ഓഗസ്റ്റില്‍ ഇന്ത്യയിലേക്ക്

നോക്കിയ ലൂമിയയുടെ 610, 900 മോഡലുകള്‍ ഓഗസ്റ്റില്‍ ഇന്ത്യന്‍ വിപണിയില്‍ പ്രതീക്ഷിക്കാമെന്ന് റിപ്പോര്‍ട്ട്. ഇവ രണ്ടും വിന്‍ഡോസ് അധിഷ്ഠിത ഫോണുകളാണെങ്കിലും ലൂമിയ 610 എന്‍ട്രി ലെവല്‍ സ്മാര്‍ട്‌ഫോണ്‍ വിഭാഗത്തിലാണ് ഉള്‍പ്പെടുക. ലൂമിയ 900 ഹൈ എന്‍ഡ് ശ്രേണിയിലേക്കാണ്  പ്രതീക്ഷിക്കുന്നത്.

ലൂമിയ 610, 900 എന്നിവ ജൂലൈ അവസാനത്തിലോ ഓഗസ്റ്റിന്റെ മധ്യത്തിലോ ഇന്ത്യന്‍ വിപണിയിലേക്ക് കൊണ്ടുവരുന്നതാണെന്ന് ഒരു വെബ്‌സൈറ്റിന്  നല്‍കിയ അഭിമുഖത്തില്‍ നോക്കിയയുടെ സ്മാര്‍ട് ഡിവൈസസ് തലവനും  ഡയറക്ടറുമായ വിപുല്‍ മല്‍ഹോത്രയാണ് പറഞ്ഞത്.

എല്‍ടിഇ നെറ്റ്‌വര്‍ക്കിലെത്തുന്ന ആദ്യ നോക്കിയ-വിന്‍ഡോസ് ഫോണെന്ന സ്ഥാനം ലൂമിയ 900നുണ്ട്. എടി&ടി നെറ്റ്‌വര്‍ക്ക് വഴി യുഎസ്എയില്‍ ഇത്  വില്പനക്കുണ്ട്. നോക്കിയ എന്‍9, ലൂമിയ 800 ഡിസൈനുകളെ ലൂമിയ 900 ഫോണിലും ഉള്‍പ്പെടുത്താന്‍ കമ്പനി ശ്രമിച്ചിട്ടുണ്ട്. 4.3 ഇഞ്ച് അമോലെഡ്  ക്ലിയര്‍ബ്ലാക്ക് ഡിസ്‌പ്ലെയാണ് ഇതിനുള്ളത്.

സിംഗിള്‍ കോര്‍ 1.4 ജിഗാഹെര്‍ട്‌സ് ക്വാള്‍കോം എപിക്യു8055 മൊബൈല്‍ പ്രോസസര്‍, എംഡിഎം9200 ചിപ്, 512 എംബി റാം എന്നിവയാണ് ഇതിലെ പ്രത്യേകതകള്‍. 14.5 ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജ് സൗകര്യത്തോടെയാണ് ഫോണ്‍ എത്തുന്നതെങ്കിലും അത് വിപുലപ്പെടുത്താന്‍ ഇതില്‍ സംവിധാനമില്ല. അതായത്  മെമ്മറി കാര്‍ഡ് സ്ലോട്ട് ഇല്ലാതെയാണ് ഈ ഫോണിനെ നോക്കിയ പരിചയപ്പെടുത്തുന്നത്. ഫോണിലെ ഒരു പ്രധാന പോരായ്മയും ഇതാണ്.

ക്വാഡ്-ബാന്‍ഡ് ജിഎസ്എം/ഡബ്ല്യുസിഡിഎംഎ നെറ്റ്‌വര്‍ക്കുകളെ ലൂമിയ 900 പിന്തുണക്കും. 8 മെഗാപിക്‌സല്‍ ക്യാമറയും വീഡിയോ റെക്കോര്‍ഡിംഗിനായി മറ്റൊരു ക്യാമറയും ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വൈഫൈ, ബ്ലൂടൂത്ത്, പ്രോക്‌സിമിറ്റി സെന്‍സര്‍, മാഗ്നറ്റോമീറ്റര്‍ സെന്‍സര്‍, 3ഡി ആക്‌സലറോമീറ്റര്‍, ജിപിഎസ്, ലൈറ്റ് സെന്‍സര്‍ എന്നിവയാണ് ഇതിലെ മറ്റ് സൗകര്യങ്ങള്‍.

2ജി, 3ജി നെറ്റ്‌വര്‍ക്കുകളിലായി 7 മണിക്കൂറോളം ടോക്ക്‌ടൈം വാഗ്ദാനം ചെയ്യുന്ന 1830mAh ബാറ്ററിയാണ് ഇതിലുള്ളത്. 60 മണിക്കൂര്‍ വരെ സംഗീതം ആസ്വദിക്കാനും 6.5 മണിക്കൂറോളം വീഡിയോ കാണാനും ഈ ബാറ്ററി സഹായിക്കുമെന്നാണ് അവകാശവാദം.

800 മെഗാഹെര്‍ട്‌സ് പ്രോസസറിലാണ് ലൂമിയ 610 എത്തുക. 256എംബി റാം, 8ജിബി ഇന്‍ബില്‍റ്റ് മെമ്മറി, 5 മെഗാപിക്‌സല്‍ ക്യാമറ സൗകര്യങ്ങളും ഇതിലുണ്ട്. നോക്കിയ മ്യൂസിക്, നോക്കിയ മാപ്‌സ്, നോക്കിയ ഡ്രൈവ് എന്നീ ആപ്ലിക്കേഷനുകളും ഈ വിന്‍ഡോസ് ഫോണില്‍ പ്രീലോഡ് ചെയ്തിട്ടുണ്ട്. വെള്ള, കറുപ്പ്, മജന്ത, സിയാന്‍ നിറങ്ങളിലാണ് ലൂമിയ 610 ലഭിക്കുക.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot