നോക്കിയ വിന്‍ഡോസ് 8 സ്മാര്‍ട്‌ഫോണും സെപ്തംബറില്‍?

Posted By: Super

നോക്കിയ വിന്‍ഡോസ് 8 സ്മാര്‍ട്‌ഫോണും സെപ്തംബറില്‍?

ഓഗസ്റ്റ്-സെപ്തംബര്‍ മാസങ്ങളിലായി സ്മാര്‍ട്‌ഫോണ്‍ വിപണി സുപ്രധാന മത്സരങ്ങള്‍ക്കാണ് വേദിയാകുന്നത്. ഈ രണ്ട് മാസങ്ങളിലായി സാംസംഗ്, ആപ്പിള്‍ എന്നീ പ്രമുഖര്‍ അവരുടെ ഏറ്റവും മികച്ച ഉത്പന്നങ്ങളുമായി എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ മുമ്പേ വന്നുകഴിഞ്ഞു. ഈ നിരയിലേക്കിതാ നോക്കിയയും എത്തുന്നതായി റിപ്പോര്‍ട്ടുകള്‍

സെപ്തംബര്‍ 5ന് ഹെല്‍സിങ്കിയില്‍ ആരംഭിക്കുന്ന നോക്കിയ വേള്‍ഡ് ഇവന്റില്‍ വെച്ച് വിന്‍ഡോസ് ഫോണ്‍ 8 ഉത്പന്നം അവതരിപ്പിക്കുമെന്നാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏതെല്ലാം സ്മാര്‍ട്‌ഫോണാണ് അവതരിപ്പിക്കുകയെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടില്‍ വ്യക്തമല്ല. എന്നാല്‍ ലൂമിയ 910, ലൂമിയ 920 മോഡലുകള്‍ വിന്‍ഡോസ് ഫോണ്‍ ഒഎസുമായി സെപ്തംബറില്‍ നോക്കിയ അവതരിപ്പിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ഇതിന് മുമ്പ് വന്നിരുന്നു.

കമ്പനിയുടെ ആര്‍ഡിഎ ഡെവലപര്‍ ടൂളില്‍ വെച്ച് നോക്കിയ ലൂമിയ 910 പുറത്തായതാണ്. 12 മെഗാപിക്‌സലാകും ഇതിലെ ക്യാമറയെന്നാണ് അഭ്യൂഹങ്ങള്‍. വിന്‍ഡോസ് പ്ലാറ്റ്‌ഫോമിലുള്ള ബെല്ലി 805, നോക്കിയ 510, ലൂമിയ 920, 950, 1001 എന്നീ ഫോണുകളുടെ പേരുകളും ആര്‍ഡിഎ പ്രോഗ്രാമില്‍ വെച്ച്  പുറത്തായിരുന്നു.

എല്ലാ വര്‍ഷങ്ങളിലും നടക്കുന്ന നോക്കിയ വേള്‍ഡ് പരിപാടിയില്‍ വെച്ചാണ് കമ്പനി ഇതു വരെ ഏറ്റവും പുതിയ ഉത്പന്നങ്ങളെ അവതരിപ്പിച്ചിരുന്നത്.  അതിനാല്‍ ഇത്തവണയും ഇതേ ചടങ്ങില്‍ വെച്ച് വിന്‍ഡോസ് 8 സ്മാര്‍ട്‌ഫോണുകള്‍ എത്തുമെന്നാണ് വിപണിയുടെ പ്രതീക്ഷ.

ഇത് യാഥാര്‍ത്ഥ്യമാകുന്നതോടെ ഐഫോണ്‍ 5ന്റെ അവതരണത്തിന് മുമ്പ് നോക്കിയ സ്മാര്‍ട്‌ഫോണുകളെ പരിചയപ്പെടാനാകും. സെപ്തംബര്‍ 12നായിരിക്കും ആപ്പിള്‍ ഐഫോണ്‍ 5 മോഡല്‍ ഇറക്കുകയെന്നാണ് ഇതുവരെയുള്ള അനുമാനം. ഈ മാസം 29നാണ് സാംസംഗിന്റെ ഗാലക്‌സി നോട്ട് 2 സ്മാര്‍ട്‌ഫോണ്‍ ഇറങ്ങുക. ഏകദേശം ഒരേ സമയത്തെത്തുന്ന ഈ മൂന്ന് സ്മാര്‍ട്‌ഫോണുകള്‍ തമ്മിലാകും ഇനി മത്സരങ്ങള്‍.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot