ആഹാ, അന്തസ്, ആപ്പിൾ കണ്ട് പഠിക്കണം ഇത്! നത്തിങ് CMF 2 പ്രോ ബോക്സിൽ ഒരു 'സമ്മാനം' ഉണ്ട്
പ്രീമിയം സ്മാർട്ട്ഫോൺ ബ്രാൻഡുകളെ മറ്റ് ബ്രാൻഡുകൾ കോപ്പിയടിക്കാറുണ്ട്. എന്നാൽ ഈ കോപ്പിയടികൊണ്ട് നാട്ടുകാർക്ക് ഗുണം ഉണ്ടാകുമെങ്കിൽ അത് നല്ലകാര്യമാണ്. എന്നാൽ എന്തോ വലിയ സംഭവമാണ് എന്ന് കാണിക്കാൻ നടത്തുന്ന ചില കോപ്പിയടികൾ അംഗീകരിക്കാൻ പറ്റുന്നതല്ല. ആപ്പിൾ തങ്ങളുടെ സ്മാർട്ട്ഫോണിനൊപ്പം ചാർജർ സൗജന്യമായി നൽകാറില്ല. അത് പണം കൊടുത്ത് പ്രത്യേകം വാങ്ങേണ്ടതുണ്ട്. ഈ ഒരു ശൈലി പിന്നീട് പല സ്മാർട്ട്ഫോൺ ബ്രാൻഡുകളും പിന്തുടരാറുണ്ട്. ഇത് യഥാർഥത്തിൽ സാധാരണക്കാരായ വരിക്കാരെ നിരാശപ്പെടുത്തുന്ന ഒന്നാണ്. ചാർജറിന് പ്രത്യേകം വില നൽകേണ്ടിവരുന്നത് അന്യായമാണ് എന്നാണ് ഭൂരിഭാഗം സ്മാർട്ട്ഫോൺ ഉപയോക്താക്കളുടെയും അഭിപ്രായം.
പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ നത്തിങ്ങിന്റെ സബ് ബ്രാൻഡായ സിഎംഎഫ് തങ്ങളുടെ രണ്ടാമത്തെ സ്മാർട്ട്ഫോൺ ഇന്ത്യയിൽ ഉൾപ്പെടെ ലോഞ്ച് ചെയ്യാൻ തയാറെടുക്കുകയാണ്. ഈ ഘട്ടത്തിൽ ആരാധകർക്ക് സന്തോഷം പകരുന്ന ഒരു വാർത്ത എത്തിയിരിക്കുന്നു. വരാനിരിക്കുന്ന CMF ഫോൺ 2 പ്രോയുടെ ബോക്സിൽ ഒരു ചാർജറും ഉൾപ്പെടുന്നു എന്നതാണ് ആ സന്തോഷ വാർത്ത.

നത്തിങ് ഇന്ത്യ മേധാവി അകിസ് ഇവാഞ്ചലിഡിസ് (Akis Evangelidis) ആണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. "ദയവായി ബോക്സിൽ ഒരു ചാർജർ നൽകുക, നത്തിങ്ങിന് മാത്രമേ അത് ചെയ്യാൻ കഴിയൂ. ഞങ്ങൾക്ക് അത് ശരിക്കും ആവശ്യമാണ്" എന്ന് ഒരു സ്മാർട്ട്ഫോൺ ആരാധകർ ട്വിറ്ററിൽ കമന്റ് ചെയ്തിരുന്നു. ഈ കമന്റിന്റെ മറുപടിയായാണ് CMF 2 പ്രോയിൽ ചാർജർ ഉള്ളകാര്യം ഇവാഞ്ചലിഡിസ് സ്ഥിരീകരിച്ചത്.
ചാർജിംഗ് അഡാപ്റ്ററിനായി ഒരു പ്രത്യേക സ്ലോട്ട് കാണിക്കുന്ന നത്തിങ് സിഎംഎഫ് 2 പ്രോ 5ജിയുടെ ബോക്സിന്റെ ചിത്രം ഉൾക്കൊള്ളുന്ന ഒരു പോസ്റ്റ് സഹിതമാണ് ഇവാഞ്ചലിഡിസ് ഇക്കാര്യം ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. ആപ്പിളിനെക്കൂടാതെ സാംസങ്ങും തങ്ങളുടെ സ്മാർട്ട്‌ഫോൺ പാക്കേജിംഗിൽ നിന്ന് ചാർജറുകൾ ഒഴിവാക്കുന്നത് പതിവാണ്.

എന്നാൽ നത്തിങ് സിഎംഎഫ് 2 പ്രോയുടെ കാര്യത്തിൽ ഉപയോക്താക്കൾക്ക് ആ പേടി വേണ്ട എന്ന് ഉറപ്പായിരിക്കുന്നു. ഏപ്രിൽ 28 ന് വൈകുന്നേരം 6.30 ന് ആണ് സിഎംഎഫ് 2 പ്രോയുടെ ഇന്ത്യൻ ലോഞ്ച് നടക്കുക. ലോഞ്ചിന് ശേഷം ഫ്ലിപ്പ്കാർട്ട് വഴി ഈ ഫോൺ വിൽപ്പനയ്ക്ക് ലഭ്യമാകും.
സിഎംഎഫിന്റെ ആദ്യ മോഡലായ CMF ഫോൺ 1 ന്റെ പിൻഗാമിയായിട്ടാണ് സിഎംഎഫ് ഫോൺ 2 പ്രോ മോഡലിന്റെ വരവ്. ഇന്ത്യയിൽ 20000 രൂപയിൽ താഴെ വിലയിലാകും ഈ പ്രോ ഫോൺ എത്തുക എന്നാണ് ലീക്ക് റിപ്പോർട്ടുകൾ പറയുന്നത്. കാരണം നത്തിങ് അടുത്തിടെ തങ്ങളുടെ 3എ സീരീസ് അവതരിപ്പിച്ചിരുന്നു. അത് 22999 രൂപ പ്രാരംഭ വിലയിലാണ് എത്തിയത്.
സിഎംഎഫ് ഫോൺ 2 പ്രോ സ്മാർട്ട്ഫോണിന്റെ ഫീച്ചറുകൾ നത്തിങ് പുറത്തുവിട്ടിട്ടില്ല. എങ്കിലും ലീക്ക് റിപ്പോർട്ടുകൾ പറയുന്നത് ഏറ്റവും പുതിയ ഡൈമെൻസിറ്റി 7400 ചിപ്സെറ്റ് കരുത്തിലാണ് ഈ ഫോൺ എത്തുക എന്നാണ്. സിഎംഎഫ് ഫോൺ 2 പ്രോയുടെ പ്രധാന ആകർഷണം അതിന്റെ ഡിസൈനും ക്യാമറയുമാകാമെന്ന് ടീസറുകൾ സൂചിപ്പിക്കുന്നു.

റിമൂവ് ചെയ്യാവുന്ന ബാക്ക് കവർ ഡിസൈൻ തന്നെയാണ് സിഎംഎഫ് 2 പ്രോ മോഡലിൽ ഉള്ളത്. എന്നാൽ ഇത് ഒരു പുതിയ ഫിനിഷിൽ ലഭ്യമാകും, നത്തിങ് ഫോൺ 2 പ്രോയുടെ ടീസറിൽ രണ്ട് വലിയ സർക്കിളുകളും, ചാരനിറത്തിലുള്ള ഒരു ചെറിയ സർക്കിളും, ഓറഞ്ച് നിറത്തിലുള്ള ഒരു സർക്കിളും കാണിക്കുന്നു. ഫോണിന്റെ ട്രിപ്പിൾ റിയർ ക്യാമറകളെക്കുറിച്ചുള്ള സൂചനയാണ് ഇത് എന്നാണ് ചില ഓൺലൈൻ റിപ്പോർട്ടുകളിൽ ഇതിനെ വ്യാഖ്യാനിച്ചിരിക്കുന്നത്. കൂടുതൽ ഫീച്ചറുകൾ വരുംദിവസങ്ങളിൽ വ്യക്തമാകും.


Click it and Unblock the Notifications








