നത്തിങ് ഫോൺ 2 ജൂൺ 29 മുതൽ പ്രീ ഓഡർ ചെയ്യാം; 2000 രൂപ നൽകി ബുക്ക് ചെയ്യുന്നവർക്ക് കിടിലൻ ഓഫറുകൾ
നത്തിങ് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന നത്തിങ് ഫോൺ 2 ജൂലൈ 11 ന് ലോഞ്ച് നിശ്ചയിച്ചിരിക്കുകയാണ്. ഇതിന് മുന്നോടിയായി ജൂൺ 29 മുതൽ ഫ്ലിപ്പ്കാർട്ടിൽ ഫോണിന്റെ പ്രീ ഓഡർ ആരംഭിക്കും. ഇത് സംബന്ധിച്ച വിശദാംശങ്ങൾ ഇപ്പോൾ നത്തിങ് ഫ്ലിപ്പ്കാർട്ട് പേജിൽ ദൃശ്യമാണ്.
പുറത്തിറങ്ങാൻ പോകുന്ന നത്തിങ് ഫോൺ 2 മുൻകൂർ ബുക്ക് ചെയ്യുന്നതിനായി ഉപയോക്താക്കൾ 2000 രൂപ അഡ്വാൻസ് ഡെപ്പോസിറ്റ് നടത്തേണ്ടതുണ്ട്. ഈ തുക കഴിച്ചുള്ള ബാക്കി തുക ഫോൺ വാങ്ങുമ്പോൾ നൽകിയാൽ മതിയാകും. ഇങ്ങനെ 2000 രൂപ അടച്ച് ഫോൺ ബുക്ക് ചെയ്യുന്നവർക്കായി നിരവധി ഓഫറുകളും ഒരുക്കിയിട്ടുണ്ട്.

ആക്‌സസറികളിൽ 50 ശതമാനം കിഴിവും (എംആർപി അടിസ്ഥാനമാക്കി) പ്രമുഖ ബാങ്കുകളുടെ തൽക്ഷണ ക്യാഷ്ബാക്ക് ഓഫറുകളുമാണ് മുൻകൂർ ഓഡർ നൽകുന്നവർക്ക് ലഭ്യമാകുക. അതോടൊപ്പം ഫോൺ ലോഞ്ച് ചെയ്യുന്ന ജൂലൈ 11 ന് ബുക്ക് ചെയ്യുന്നവരെക്കാൾ മുൻപ്, മുൻകൂർ ഫോൺ ഓഡർ ചെയ്തവർക്ക് ഫോൺ ലഭ്യമാക്കും. അതായത് മുൻകൂർ ബുക്കിങ്ങിലൂടെ ഫോണിന്റെ ഡെലിവറി നേരത്തെ ഉറപ്പാക്കാം.
നത്തിങ് ഫോൺ 2 മുൻകൂർ ബുക്കിങ് നടത്തുന്നവർ ജൂലൈ 11നും ( രാത്രി 9 മണി മുതൽ ) ജൂലൈ 20 (രാത്രി 11:59 വരെ) നും ഇടയിൽ ഫ്ലിപ്പ്കാർട്ട് ഓർഡർ പേജിലെത്തി ഓർഡർ ഉറപ്പിക്കേണ്ടതുണ്ട്. അതേസമയം ഫോണിന്റെ വില നത്തിങ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ക്വാൽക്കോം സ്നാപ്ഡ്രാഗൺ 8+ ചിപ്സെറ്റ് കരുത്തിൽ എത്തുന്നതിനാൽ നത്തിങ് ഫോൺ 2 ന് ആദ്യ നത്തിങ് ഫോണിനെക്കാൾ വില ഉണ്ടാകും എന്നുറപ്പാണ്. ഏകദേശം 40000 രൂപയ്ക്കടുത്ത് വിലയിൽ നത്തിങ് ഫോൺ 2 ഇന്ത്യയിൽ അവതരിപ്പിക്കപ്പെടാനാണ് സാധ്യത കൂടുതൽ എന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്.
നത്തിങ്ങിന്റെ ഡിസൈൻ ഏത് രൂപത്തിൽ ആയിരിക്കും എന്നാണ് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. ആദ്യവരവിൽത്തന്നെ വ്യത്യസ്തമായ രൂപത്തിൽ എത്തിയ നത്തിങ് ഫോൺ 1 ഏവരുടെയും ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. ഇപ്പോൾ രണ്ടാമത്തെ നത്തിങ് ഫോൺ ഇറങ്ങാൻ പോകുമ്പോൾ അതിനാൽത്തന്നെ ആരാധകർ ആകാംക്ഷയിലാണ്. എങ്കിലും ആദ്യ നത്തിങ് ഫോണിൽനിന്ന് വലിയ വ്യത്യാസങ്ങൾ നത്തിങ് 2വിൽ ഉണ്ടാകില്ലെന്നാണ് റിപ്പോട്ടുകൾ വന്നത്.
നത്തിങ് 2 സംബന്ധിച്ച കൂടുതൽ വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല. എങ്കിലും നത്തിങ് 2 വിന് രണ്ട് സ്റ്റോറേജ് വേരിയന്റുകൾ ഉണ്ടാകുമെന്ന് ചില ലീക്ക് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിൽ ആദ്യത്തേത് 256 ജിബി സ്റ്റോറേജ് ഉള്ള വേരിയന്റും രണ്ടാമത്തേത് 512 ജിബി ഇന്റേണൽ സ്റ്റോറേജുള്ള വേരിയന്റും ആണെന്നാണ് ഡീലാബ്സ് നേരത്തെ വെളിപ്പെടുത്തിയത്.

നത്തിങ് ഫോൺ 1 ൽ 4,500mAh ബാറ്ററിയാണ് ഉണ്ടായിരുന്നത്. എന്നാൽ നത്തിങ് 2വിൽ ഇത് 4,700mAh ആയി ഉയരും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. കൂടാതെ വയർലെസ് ചാർജിങ് പിന്തുണയും പ്രതീക്ഷിക്കുന്നുണ്ട്. യൂറോപ്യൻ വിപണിയിൽ നത്തിങ് ഫോൺ 2ന്റെ 512 ജിബി സ്റ്റോറേജ് മോഡലിന് 849 യൂറോ (ഏകദേശം 76,380 രൂപ) ആയിരിക്കുമെന്ന് ലീക്ക് റിപ്പോർട്ട് സൂചിപ്പിക്കുന്നു.
എന്നാൽ ഇന്ത്യയിലെ വില സംബന്ധിച്ച് കൃത്യമായ റിപ്പോർട്ടുകൾ പുറത്തുവന്നിട്ടില്ല. പുതിയ നത്തിങ് ഫോൺ വിപണിയിലെ മുൻനിര മുൻനിര സ്മാർട്ട്ഫോണുകളുമായി മത്സരിക്കുമെന്ന് കമ്പനി സിഇഒ കാൾ പെയ് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ഇത് പെർഫോമൻസിന്റെ കാര്യത്തിലാണോ വിലയുടെ കാര്യത്തിലാണോയെന്ന് വ്യക്തമല്ല. ഫോൺ വാങ്ങണമെന്ന് ഉറപ്പിച്ച് കാത്തിരിക്കുന്നവർക്ക് പ്രീഓഡർ ബുക്കിങ് ഉപയോഗപ്പെടുത്താവുന്നതാണ്. ഈ തുക റീഫണ്ടബിൾ ആണ്.


Click it and Unblock the Notifications








