'തെളിഞ്ഞ' ഫോണിന്റെ വിലയും തെളിഞ്ഞു; നത്തിങ് 2 ന് എന്നെന്നേക്കുമായി വില കുറഞ്ഞു
സുതാര്യമായ ഡിസൈൻ അവതരിപ്പിച്ച് സ്മാർട്ട്ഫോൺ പ്രേമികളുടെ മനസിൽ കുടിയേറിയ നത്തിങ് തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണിന്റെ വിലയിൽ വൻ കുറവ് വരുത്തി വീണ്ടും അതിശയിപ്പിച്ചിരിക്കുന്നു. യഥാർഥ ലോഞ്ച് വിലയെക്കാൾ കുറഞ്ഞ വിലയിൽ ഉപയോക്താക്കൾക്ക് നത്തിങ് ഫോൺ 2 ( Nothing Phone 2) ഇനി വാങ്ങാം.
ആകർഷകമായ ഡിസൈൻ നത്തിങ്ങിന്റെ വേറിട്ട സവിശേഷതയാണ്. എങ്കിലും കാഴ്ചയിലുള്ള ഈ ഭംഗികൊണ്ട് മാത്രമല്ല, മികച്ച ഫീച്ചറുകൾ അവതരിപ്പിക്കുന്നു എന്നതുകൊണ്ടുകൂടിയാണ് നത്തിങ് ഫോണുകൾ ആളുകൾ ഇഷ്ടപ്പെടുന്നത്. ആ നിലയ്ക്ക് നത്തിങ് 1 മോഡലിനെക്കാൾ നവീകരിക്കപ്പെട്ട് എത്തിയ നത്തിങ് ഫോൺ 2വിന് മൂല്യം ഏറെ കൂടുതലാണ്.

ലണ്ടൻ ആസ്ഥാനമായുള്ള നത്തിങ് തങ്ങളുടെ ഏറ്റവും പുതിയ നത്തിങ് ഫോൺ 2 മോഡൽ 8ജിബി റാം + 128ജിബി ഇന്റേണൽ സ്റ്റോറേജ്, 12 ജിബി റാം + 256 ജിബി ഇന്റേണൽ സ്റ്റോറേജ്, 12 ജിബി റാം + 512 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ ആണ് അവതരിപ്പിച്ചിരിക്കുന്നത്.
ഈ മൂന്ന് വേരിയന്റുകളുടെ വിലയിലും ഇപ്പോൾ 5000 രൂപ വീതം കുറവ് വരുത്തിയിരിക്കുന്നു. നേരത്തെ ഓഫർ സെയിലുകളുടെ സമയത്ത് നത്തിങ് ഫോൺ 2വിന് 5000 രൂപ ഡിസ്കൗണ്ട് ലഭ്യമാക്കിയിരുന്നു. എന്നാൽ ഓഫർ കഴിയുന്നതോടെ ഈ ഡിസ്കൗണ്ട് പിൻവലിക്കുമായിരുന്നു. എന്നാൽ ഇപ്പോൾ 5000 രൂപ നിരന്തരമായിട്ടാണ് കുറച്ചിരിക്കുന്നത്.

അതായത് ഓഫർ സീസൺ അല്ലെങ്കിലും നത്തിങ് ഫോൺ 2 വേരിയന്റുകൾ വാങ്ങാൻ ഇനി മുൻപ് ഉണ്ടായിരുന്ന ലോഞ്ച് വിലയെക്കാൾ 5000 രൂപ കുറച്ചുള്ള വില നൽകിയാൽ മതി. എന്നെന്നേക്കുമായിട്ടാണ് വിലയിൽ 5000 രൂപ കുറവ് വരുത്തിയിരിക്കുന്നത്. ഇത് പ്രകാരം നത്തിങ് 2 വിന്റെ 8GB/128GB മോഡലിന് ഇനി 39,999 രൂപയാണ് പ്രാരംഭവില.
അതേപോലെ നത്തിങ് 2 വിന്റെ 12GB/256GB വേരിയന്റിന് 44,999 രൂപയും 12GB/512GB വേരിയന്റിന് 49,999 രൂപയും ആണ് വില. 5000 രൂപ കുറച്ച ശേഷമുള്ള വിലയാണ് ഇത്. മുൻപ് ഈ മോഡലുകൾക്ക് യഥാക്രമം, 49,999 രൂപയും 54,999 രൂപയും ആയിരുന്നു വില.
ഈ പുതിയ വിലയിൽ നത്തിങ് ഫോൺ 2 വാങ്ങുന്നത് ഉപയോക്താക്കൾക്ക് തികച്ചും മാന്യമായ ഡീൽ ആയിരിക്കും. നൽകുന്ന തുകയ്ക്ക് തക്ക മൂല്യം തിരിച്ചു നൽകുന്ന വിധത്തിൽ ഫീച്ചറുകളോടെയാണ് നത്തിങ് ഫോൺ 2 എത്തുന്നത് എന്നതാണ് അതിന് കാരണം. ഫ്ലിപ്പ്കാർട്ടിലും തെരഞ്ഞെടുത്ത ഔട്ട്ലെറ്റുകളിലും നത്തിങ് ഫോൺ 2 ലഭ്യമാണ്.

നിലവിലെ വിലക്കുറവിന് പുറമേ ഇ-കൊമേഴ്സ് സൈറ്റ് നൽകുന്ന ബാങ്ക് ഓഫറുകളും ഡിസ്കൗണ്ടുകളും കൂടി പ്രയോജനപ്പെടുത്തിയാൽ കൂടുതൽ ലാഭത്തിൽ നത്തിങ് ഫോൺ 2 സ്വന്തമാക്കാം. കുറഞ്ഞ വിലയ്ക്ക് കിട്ടാവുന്നതിൽവച്ച് ഏറ്റവും മികച്ച ഒരു പ്രീമിയം സ്മാർട്ട്ഫോണാണ് നത്തിങ് ഫോൺ 2 എന്ന് വേണമെങ്കിൽ പറയാം.
6.7-ഇഞ്ച് ഫുൾ-എച്ച്‌ഡി+ (1,080x2,412 പിക്‌സൽ) LTPO OLED ഡിസ്‌പ്ലേ, 120Hz വരെ അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാമ്പിൾ റേറ്റ്, SGS ലോ ബ്ലൂ ലൈറ്റ്, HDR10+ സർട്ടിഫിക്കേഷൻ എന്നിവയോടെയാണ് നത്തിങ് 2 എത്തുന്നത്. ക്വാൽക്കോമിന്റെ 4nm സ്‌നാപ്ഡ്രാഗൺ 8+ ജെൻ 1 ചിപ്സെറ്റാണ് ഈ ഫോണിന്റെ കരുത്ത്.
ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള നത്തിങ്ഒഎസ് 2.0-ലാണ് പ്രവർത്തനം. 50എംപിയുടെ പ്രധാന ക്യാമറയും 50-മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറയും അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. 32 മെഗാപിക്സലിന്റേതാണ് ഫ്രണ്ട് ക്യാമറ. 45W ഫാസ്റ്റ്ചാർജിംഗിനെ പിന്തുണയ്ക്കുന്ന 4,700mAh ബാറ്ററിയാണ് ഇതിൽ നൽകിയിരിക്കുന്നത്.
5G, 4G LTE, ബ്ലൂടൂത്ത് 5.3, NFC, GPS/A-GPS, NavIC, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. പുതിയ ഹാൻഡ്‌സെറ്റിലും കമ്പനിയുടെ തനതായ ഗ്ലിഫ് ഇന്റർഫേസ് ഫീച്ചർ ചെയ്യുന്നു, പിൻ പാനലിൽ എൽഇഡി സ്ട്രിപ്പുകളും രണ്ട് ആംബിയന്റ് ലൈറ്റ് സെൻസറുകളും ഇടംപിടിച്ചിട്ടുണ്ട്.


Click it and Unblock the Notifications








