ഒറ്റനോട്ടത്തിൽ ആരും തിരിച്ചറിയുന്ന ഗ്ലാമറുമായി നത്തിങ് ഫോൺ (2) എത്തുന്നു; തീയതി പുറത്തുവിട്ടു
ഇന്ത്യയിലെ സ്മാർട്ട്ഫോൺ പ്രേമികളിൽ ആവേശവും അഭിമാനവും ഉണർത്തിക്കൊണ്ട് നത്തിങ് ഫോൺ (2) എത്തുന്ന തീയതി കമ്പനി ഔദ്യോഗികമായി പുറത്തുവിട്ടു. ജൂലൈ 11 ന് രാത്രി 8.30 ആണ് സ്മാർട്ട്ഫോൺ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന നിമിഷം എന്നാണ് നത്തിങ് സ്ഥിരീകരിച്ചിരിക്കുന്നത്. അന്ന് ഇന്ത്യയിലും ആഗോളതലത്തിലും ഫോൺ അവതരിപ്പിക്കപ്പെടും.
കാൾ പേയുടെ നേതൃത്വത്തിലുള്ള ടെക് കമ്പനിയായ നത്തിങ് പുറത്തിറക്കുന്ന രണ്ടാമത്തെ മാത്രം സ്മാർട്ട്ഫോൺ ആണ് നത്തിങ് (2). എങ്കിലും നത്തിങ് ഫോൺ (1) നേടിയ ജനശ്രദ്ധ, അടുത്തതായി ഇറങ്ങാൻ പോകുന്ന നത്തിങ് ഫോൺ (2) ന് വൻ വരവേൽപ്പ് ഒരുക്കുന്നതിൽ നിർണായക ഘടകമായിട്ടുണ്ട് എന്ന് പറയാം.

നത്തിങ് ഫോൺ (1) ന്റെ പിൻഗാമിയായി എത്തുന്ന നത്തിങ(2) ഫ്ലിപ്പ്കാർട്ടിലൂടെയാകും ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുക. ഇതിനോടകം തന്നെ ഫ്ലിപ്പ്കാർട്ടിൽ പ്രത്യക്ഷപ്പെട്ട നത്തിങ് ഫോൺ (2)വിന്റ ടീസർ ഈ വിവരം ഉറപ്പിക്കുന്നു. 'മെയ്‌ഡ് ഇൻ ഇന്ത്യ' എന്നാണ് നത്തിങ (2)വിനെ കമ്പനി വിശേഷിപ്പിക്കുന്നത്.
നത്തിങ് ഫോൺ (2) ഓൺലൈൻ ലോഞ്ച് ഇവന്റ് യൂട്യൂബിലും നത്തിങ്ങിന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലും തത്സമയ പ്രക്ഷേപണം ചെയ്യും. സ്‌നാപ്ഡ്രാഗൺ 8+ Gen 1 ചിപ്‌സെറ്റ് കരുത്തിലാണ് നത്തിങ് (2) എത്തുകയെന്ന് കമ്പനി ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്. ഏകദേശം 40,000 രൂപ വിലയിലാകും ഈ സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യുക.

വൺപ്ലസ് 11 ആർ, പിക്സൽ 7എ എന്നീ നിരയിൽ വരുന്ന സ്മാർട്ട്ഫോണുകളുമായിട്ടാകും നത്തിങ് ഫോൺ (2) മത്സരിക്കുക എന്നാണ് കരുതപ്പെടുന്നത്. വില സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നത്തിങ് നടത്തിയിട്ടില്ല. എങ്കിലും ലോഞ്ചിന് മുമ്പായി വരും ദിവസങ്ങളിൽ വിലയടക്കമുള്ള കൂടുതൽ വിവരങ്ങൾ കമ്പനി പുറത്തുവിടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
നത്തിങ് ഫോൺ (1) ഇന്ത്യയിൽ 32,999 രൂപ വിലയിലായിരുന്നു എത്തിയത്. പുതിയ നത്തിങ് ഫോണിന്റെ രൂപകൽപ്പന നത്തിങ് ഫോൺ(1) ന്റേതിന് സമാനമായിരിക്കും എന്നാണ് നത്തിങ് സിഇഒ കാൾ പേ അടുത്തിടെ നടത്തിയ ചില അഭിമുഖങ്ങൾ സൂചന നൽകുന്നത്. ടെക് കമ്മ്യൂണിറ്റിയിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങളും ഇതേ സൂചന തന്നെയാണ് നൽകിയിരിക്കുന്നത്.
നത്തിങ് ഫോണിന്റെ പിൻഭാഗത്തുള്ള എൽഇഡികളുള്ള ഗ്ലിഫ് ഇന്റർഫേസിനെ കുറിച്ച് ചോദിച്ചപ്പോൾ, വരാനിരിക്കുന്ന 5ജി ഫോൺ കൂടുതൽ കസ്റ്റമൈസേഷൻ ഓപ്ഷനുകളും മെച്ചപ്പെടുത്തിയ പ്രവർത്തനവും വാഗ്ദാനം ചെയ്യുമെന്ന് കാൾപേയ് പ്രതികരിച്ചു. ഔദ്യോഗിക ടീസറുകൾ അനുസരിച്ച്, നത്തിങ് ഫോൺ (2) പ്രധാനമായും അതിന്റെ മുൻഗാമിയുടെ അതേ രൂപഭാവം വഹിക്കും.
എന്നിരുന്നാലും, ഫോൺ പിടിക്കുന്നത് എളുപ്പമാക്കുന്ന വളഞ്ഞ മെറ്റൽ ഫ്രെയിമും കൂടുതൽ ഫംഗ്ഷനുകളുള്ള മെച്ചപ്പെട്ട ഗ്ലിഫ് ലൈറ്റിംഗ് ഇന്റർഫേസും ഫോണിലുണ്ടാകുമെന്ന് ലീക്ക് റിപ്പോർട്ടുകൾ പറയുന്നു. രൂപത്തിൽ നത്തിങ് ഫോൺ(1) നെ അനുസ്മരിപ്പിക്കുമെങ്കിലും പുതിയ നത്തിങ് 2വിൽ ഉപയോക്താക്കൾക്കുള്ള സോഫ്റ്റ്‌വെയർ അനുഭവം മെച്ചപ്പെടുത്തുന്നതിൽ കമ്പനി ഏറെ ശ്രദ്ധിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
നത്തിങ് ഫോൺ (1) അവതരിപ്പിക്കപ്പെട്ട പ്രദേശങ്ങൾക്കൊപ്പം ഇത്തവണ ആദ്യമായി യുഎസിലും നത്തിങ് 2 അവതരിപ്പിക്കപ്പെടും. അമതസമയം നത്തിങ് ഫോൺ (2) ഇന്ത്യയിൽ നിർമ്മിക്കുമെന്ന് പ്രഖ്യാപിക്കുന്നതിൽ തങ്ങൾ അഭിമാനിക്കുന്നതായി നത്തിങ് ഇന്ത്യയുടെ വിപിയും ജിഎമ്മുമായ മനു ശർമ്മ ഒരു ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.

നത്തിങ് ഫോണിന്റെ ഡിസൈനുകൾക്ക് ഹൈടെക് നിർമ്മാണ പ്രക്രിയകളും കൃത്യമായ എഞ്ചിനീയറിംഗും ആവശ്യമാണ്, നത്തിങ് സ്മാർട്ട്ഫോൺ നിർമാണം ഇന്ത്യയിലെ സ്മാർട്ട്‌ഫോൺ നിർമ്മാണ ശേഷി വർദ്ധിപ്പിക്കുന്നതിന് കാരണമായതായി നത്തിങ് ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയിൽ അവകാശപ്പെടുന്നു. 6.55 ഇഞ്ച് ഡിസ്‌പ്ലേയുള്ള മുൻഗാമിയേക്കാൾ 0.15 ഇഞ്ച് വലിയ ഡിസ്‌പ്ലേ നത്തിങ്(2)വിൽ ഉള്ളതായി ചില റിപ്പോർട്ടുകൾ വന്നിട്ടുണ്ടെങ്കിലും കമ്പനി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
മികച്ച ബിൽഡ് ക്വാളിറ്റിയും ഹാർഡ്‌വെയറുമുള്ള നത്തിങ് (1)നെക്കാൾ കൂടുതൽ പ്രീമിയം ആയിരിക്കും നത്തിങ് (2) എന്ന് കാൾ പേയ് മുമ്പ് സ്ഥിരീകരിച്ചിരുന്നു. ലോഞ്ച് തീയതി പുറത്തുവിട്ടെങ്കിലും നത്തിങ് (2) സംബന്ധിച്ച കൂടുതൽ വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല. ലോഞ്ച് അടുക്കുമ്പോൾ ഈ സ്മാർട്ട്‌ഫോണിനെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ കമ്പനി വെളിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.


Click it and Unblock the Notifications