നത്തിങ് മാറ്റേഴ്സ്! സ്നാപ്ഡ്രാഗൺ 8 ജെൻ 1 കരുത്തുമായി നത്തിങ് ഫോൺ 2 എത്തി
ലോകമെമ്പാടുമുള്ള ആരാധകരുടെയും സ്മാർട്ട്ഫോൺ പ്രേമികളുടെയും കാത്തിരിപ്പിനും ആകാംക്ഷയ്ക്കും വിരാമമിട്ടുകൊണ്ട് നത്തിങ് തങ്ങളുടെ രണ്ടാം സ്മാർട്ട്ഫോൺ പുറത്തിറക്കി. നത്തിങ് ഫോൺ 2 എന്ന് പേരിട്ടിരിക്കുന്ന പുതിയ ഫോൺ മുൻഗാമിയെപ്പോലെതന്നെ കമ്പനിയുടെ തനതായ ഗ്ലിഫ് ഇന്റർഫേസ് ഫീച്ചറുമായാണ് എത്തിയിരിക്കുന്നത്. ഫീച്ചറുകളുടെ കാര്യത്തിൽ മുൻഗാമിയെക്കാൾ കേമനാണ് നത്തിങ് ഫോൺ 2.
നത്തിങ് ഫോൻ 1 ൽനിന്ന് വ്യത്യസ്തമായി, കരുത്തുറ്റ സ്‌നാപ്ഡ്രാഗൺ ചിപ്‌സെറ്റാണ് നത്തിങ് ഫോൺ 2 വിൽ കമ്പനി നൽകിയിരിക്കുന്നത്. ട്വീക്ക് ചെയ്‌ത ഗ്ലിഫ് ഇന്റർഫേസാണ് ഈ സ്‌മാർട്ട്‌ഫോണിനുള്ളത്. 50 മെഗാപിക്സൽ സെൻസറുകളുള്ള ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും മികച്ച ബാറ്ററിയും ഇതിലുണ്ട്.

നത്തിങ് ഫോൺ 2വിന്റെ പ്രധാന സവിശേഷതകൾ: 6.7-ഇഞ്ച് ഫുൾ-എച്ച്‌ഡി+ (1,080x2,412 പിക്‌സൽ) LTPO OLED ഡിസ്‌പ്ലേയാണ് നത്തിങ് ഫോൺ 2വിലുള്ളത്. 1Hz-നും 120Hz-നും ഇടയിലുള്ള അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാമ്പിൾ റേറ്റ്, SGS ലോ ബ്ലൂ ലൈറ്റ്, HDR10+ സർട്ടിഫിക്കേഷൻ, ഒപ്റ്റിക്കൽ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ എന്നിവയും ഇതിലുണ്ട്.
ക്വാൽക്കോമിന്റെ 4nm സ്‌നാപ്ഡ്രാഗൺ 8+ ജെൻ 1 ചിപ്സെറ്റാണ് നത്തിങ് ഫോൺ 2വിന്റെ കരുത്ത്. അഡ്രിനോ 730 ജിപിയു പിന്തുണയുമുണ്ട്. 12 ജിബി വരെ റാം, 512ജിബി വരെ ഇൻബിൽറ്റ് സ്റ്റോറേജും നത്തിങ് ഫോൺ 2വിൽ നൽകിയിരിക്കുന്നു. കൂടാതെ മൂന്ന് ഹൈ-ഡെഫനിഷൻ മൈക്രോഫോണുകളും ഡ്യുവൽ സ്റ്റീരിയോ സ്പീക്കർ സജ്ജീകരണവും ഇതിലുണ്ട്.
മികച്ച ക്യാമറ അനുഭവമാകും നത്തിങ് 2 നൽകുകയെന്ന് കമ്പനി സ്ഥാപകൻ കാൾ പെയ് പറയുന്നു. 50എംപിയുടെ രണ്ട് സെൻസറുകൾ അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് കമ്പനിയൊരുക്കിയിരിക്കുന്നത്. ഇതിൽ 50എംപിയുടെ പ്രധാന ക്യാമറ f/1.88 അപ്പേർച്ചറും ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനും(OIS), ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷനും(EIS) ഉള്ള 1/1.56-ഇഞ്ച് സോണി IMX890 സെൻസറുമായാണ് എത്തുന്നത്.
1/2.76-ഇഞ്ച് സാംസങ് ജെഎൻ1 സെൻസറോട് കൂടിയ 50-മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറയാണ് രണ്ടാമത്തേത്. 114-ഡിഗ്രി വ്യൂ ഫീൽഡ്, എഫ്/2.2 അപ്പർച്ചർ എന്നിവയുള്ള ഇത് ഒരു മാക്രോ ക്യാമറയായും (4cm) പ്രവർത്തിക്കുമെന്ന് കമ്പനി പറയുന്നു. ഏറ്റവും മികച്ച വീഡിയോ റെക്കോഡിങ് ഫീച്ചറുകളും ഇതിലുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
32 മെഗാപിക്സലിന്റേതാണ് ഫ്രണ്ട് ക്യാമറ. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള നത്തിങ്ഒഎസ് 2.0-ലാണ് പ്രവർത്തനം. നത്തിങ് ഫോൺ 1 പോലെ, പുതിയ ഹാൻഡ്‌സെറ്റിലും കമ്പനിയുടെ തനതായ ഗ്ലിഫ് ഇന്റർഫേസ് ഫീച്ചർ ചെയ്യുന്നു, പിൻ പാനലിൽ എൽഇഡി സ്ട്രിപ്പുകളും രണ്ട് ആംബിയന്റ് ലൈറ്റ് സെൻസറുകളും (മുന്നിലും പിന്നിലും) പുതിയ ഫോണിൽ ഇടംപിടിച്ചിട്ടുണ്ട്.
വൈഫൈ 6, 5G, 4G LTE, ബ്ലൂടൂത്ത് 5.3, NFC, GPS/A-GPS, NavIC, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. 45W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 4,700 mAh ബാറ്ററിയാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്. വെറും 20 മിനിറ്റിനുള്ളിൽ 0 മുതൽ 50 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു.
5W Qi വയർലെസ് ചാർജിംഗ് ഉപയോഗിച്ച് കേബിളില്ലാതെ 130 മിനിറ്റിനുള്ളിൽ ഫോൺ ചാർജ് ചെയ്യാം. 5W-ൽ റിവേഴ്സ് വയർലെസ് ചാർജിംഗും നത്തിങ് ഫോൺ 2 പിന്തുണയ്ക്കുന്നു. ജൂലൈ 21ന് ഉച്ചയ്ക്ക് 12 മുതൽ ഫോണിന്റെ വിൽപ്പന ഇന്ത്യയിൽ ആരംഭിക്കും. 8ജിബി റാം + 128ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റിന് 44,999 രൂപയാണ് വില.

12 ജിബി റാം + 256 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റിന് 49,999 രൂപയും 12 ജിബി റാം + 512 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റിന് 54,999 രൂപയുമാണ് വില. സ്ലേറ്റ് ഗ്രേ, വൈറ്റ് എന്നീ നിറങ്ങളിലാണ് നത്തിങ് ഫോൺ 2 ലഭ്യമാകുക.
ഫോൺ (2) ആക്‌സസറികളിൽ 1,299 രൂപ വിലയുള്ള കെയ്‌സും 999 രൂപ വിലയുള്ള സ്‌ക്രീൻ പ്രൊട്ടക്‌ടറും 2,499 രൂപ വിലയുള്ള പവർ അഡാപ്റ്ററും ഉൾപ്പെടുന്നു. വിൽപ്പന ആരംഭിക്കുന്നതിനോട് അനുബന്ധിച്ച് ആക്‌സിസ് ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാർഡുകളിൽ 3,000 രൂപയുടെ ഡിസ്കൗണ്ട് പരിമിതകാലത്തേക്ക് ലഭ്യമാകും.


Click it and Unblock the Notifications








