ഹിറ്റാകാൻ പോകുന്ന മറ്റൊരു 'നേര്'! നത്തിങ് ഫോൺ 2a ചിപ്സെറ്റ്, ഡിസ്പ്ലേ, ക്യാമറ ഡീറ്റെയിൽസ് ലീക്കായി
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലെ ശ്രദ്ധേയ ബ്രാൻഡുകളിൽ ഒന്നായ നത്തിങ് തങ്ങളുടെ മൂന്നാമത്തെ സ്മാർട്ട്ഫോൺ ഉടൻ പുറത്തിറക്കും എന്ന റിപ്പോർട്ടുകൾ സജീവമാകുന്നു. ബ്രിട്ടൻ ആസ്ഥാനമായുള്ള നത്തിങ് തങ്ങളുടെ മൂന്നാമത്തെ സ്മാർട്ട്ഫോൺ ആയി നത്തിങ് ഫോൺ 2എ (Nothing Phone 2a) പുറത്തിറക്കുമെന്ന് കഴിഞ്ഞ ആഴ്ചമുതൽ റിപ്പോർട്ടുകൾ വന്നിരുന്നു.
ഈ വർഷം ജൂലൈയിൽ നത്തിങ് പുറത്തിറക്കിയ നത്തിങ് ഫോൺ 2 സ്മാർട്ട്ഫോണിന്റെ കുറഞ്ഞ പതിപ്പ് ആയിരിക്കും വരാൻ പോകുന്ന നത്തിങ് 2എ എന്നാണ് വിവിധ റിപ്പോർട്ടുകൾ പറയുന്നത്. അടുത്ത വർഷം തുടക്കത്തിൽ, അതായത് 2024 ഫെബ്രുവരിയിൽ പുതിയ നത്തിങ് ഫോൺ 2എ അവതരിപ്പിക്കപ്പെടും എന്നാണ് റിപ്പോർട്ട്.

2024 ഫെബ്രുവരി 27 ന് ബാഴ്‌സലോണയിൽ മൊബൈൽ വേൾഡ് കോൺഗ്രസ് (MWC) നടക്കുന്നുണ്ട്. ഇതിനോട് അനുബന്ധിച്ച് നടക്കുന്ന 'നത്തിങ് ടു സീ' ഇവന്റിൽ പുതിയ നത്തിങ് ഫോൺ ലോഞ്ച് ചെയ്യും എന്നാണ് പറയപ്പെടുന്നത്. ഇത് നത്തിങ് ഫോൺ2എ ആയിരിക്കുമെന്നാണ് നിഗമനം. എന്നാൽ അന്ന് എന്തൊക്കെ ലോഞ്ചുകളാണ് ഉണ്ടാകുക എന്ന് കമ്പനി ഔദ്യോഗികമായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
വരാൻ പോകുന്ന ഫോൺ നത്തിങ് 3 ആയിരിക്കില്ല എന്ന് കമ്പനിയുടെ മുൻകാല രീതികൾ വച്ച് വിപണിയിലെ വിദഗ്ധർ വിലയിരുത്തുന്നു. നത്തിങ് 2 സ്മാർട്ട്ഫോണിന്റെ വില കുറഞ്ഞ പതിപ്പ് ആയിരിക്കും വരുക. അതിനാലാണ് വരുന്നത് നത്തിങ് 2എ ആണ് എന്ന് കരുതപ്പെടുന്നത്. ഈ ഫോണിന്റെ ഫീച്ചറുകൾ ഇപ്പോൾ ലീക്ക് റിപ്പോർട്ടുകളായി പുറത്തുവന്നിട്ടുണ്ട്.

ബീജിങ് ഓറിയന്റൽ ഇലക്ട്രോണിക്സും (BOE) വിഷൻഒഎക്സും ( Visionox) ചേർന്ന് നിർമ്മിച്ച rm692h5 എന്ന മോഡൽ നമ്പറുള്ള 6.7 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ പാനലുമായിട്ടാണ് നത്തിങ് ഫോൺ 2a വരുകയെന്ന് പ്രതീക്ഷിക്കുന്നതായി സ്മാർട്ട്പിക്സ് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇതിന് 1,084 x 2,412 പിക്സൽ റെസലൂഷനും 120Hz റിഫ്രഷ് റേറ്റും ഉണ്ടാകും.
മീഡിയടെക്കിന്റെ ഡൈമെൻസിറ്റി 7200 ആയിരിക്കും ചിപ്സെറ്റ് എന്ന് സ്മാർട്ട് പിക്സിന്റെ റിപ്പോർട്ടിൽ പറയുന്നു. ഡിസ്പ്ലേ, ചിപ്സെറ്റ് എന്നിവയെക്കുറിച്ച് മാത്രമല്ല, നത്തിങ് 2എയുടെ ക്യാമറ ഫീച്ചറുകളെപ്പറ്റിയും ചില ലീക്ക് റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. ഡ്യുവൽ റിയർ ക്യാമറ യൂണിറ്റാണ് ഈ ഫോണിൽ ഉണ്ടാകുക എന്നാണ് വിവരം.
ടിപ്‌സ്റ്റർ കമില (@Za_Raczke) പങ്കുവച്ച വിവരങ്ങൾ പ്രകാരം നത്തിങ് ഫോൺ 2a-യുടെ ഡ്യുവൽ റിയർ ക്യാമറ സിസ്റ്റത്തിൽ 50 മെഗാപിക്‌സൽ സാംസങ് S5KNG9 1/1.5 ഇഞ്ച് പ്രൈമറി സെൻസറും 50 മെഗാപിക്‌സൽ സാംസങ് S5KJN1 1/2.76 ഇഞ്ച് അൾട്രാവൈഡ് സെൻസറും ഉൾപ്പെടാൻ സാധ്യതയുണ്ട്.

ഒരു 32 മെഗാപിക്സൽ സോണി IMX615 സെൻസർ നത്തിങ് 2എ ഹാൻഡ്‌സെറ്റിൽ പ്രതീക്ഷിക്കുന്നതായും റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു. നത്തിങ് ഫോൺ 2എയുടെ ഏഴ് വാൾപേപ്പറുകളുടെ വിവരങ്ങളും ചോർന്നു. 'റക്‌സെ', 'നെക്‌സൽ', 'അസുനിം വൈറ്റ്', 'ഓർബിക്', 'റൂബ്രേൻ ബ്ലാക്ക്', 'അംബ്ര', 'വിർമർ' എന്നിവയാണ് അവ.
ബ്ലാക്ക്, വൈറ്റ് കളർ ഓപ്ഷനുകളിൽ ഈ ഹാൻഡ്‌സെറ്റ് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ബ്ലാക്ക് വേരിയന്റിൽ റൂബ്രേൻ ബ്ലാക്ക് ഉപയോഗിക്കുമെന്നും വൈറ്റ് വേരിയന്റിൽ ഡിഫോൾട്ട് വാൾപേപ്പറായി അസുനിം വൈറ്റ് ഉപയോഗിക്കുമെന്നും റിപ്പോർട്ട് വിശദമാക്കുന്നു. നത്തിങ് ഫോൺ 2എ ലഭ്യത സംബന്ധിച്ച ചില സൂചനകളും റിപ്പോർട്ടിലുണ്ട്.
ഇന്ത്യ, ജപ്പാൻ, യൂറോപ്പ്, ആഗോള വിപണികളിൽ യഥാക്രമം PacmanIND, PacmanJPN, PacmanEEA, Pacman എന്നീ മോഡലുകളുടെ പേരുകളുള്ള ഹാൻഡ്‌സെറ്റ് വാങ്ങാൻ ലഭ്യമാകുമെന്ന് റിപ്പോർട്ടുണ്ട്. ഈ ഫോണിനെ സംബന്ധിച്ച യാതൊരു വിവരവും കമ്പനി ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ പരിഗണിച്ചാൽ ഫെബ്രുവരിയിൽ ഒരു 'കുട്ടി നത്തിങ് ഫോൺ' വിപണിയിലെത്തും.


Click it and Unblock the Notifications








