30000 രൂപ റേഞ്ചിൽ ലോഞ്ച് ചെയ്യുന്ന ആദ്യ നത്തിങ് സ്മാർട്ട്ഫോൺ! നത്തിങ്2എയുടെ പുതിയ വിവരങ്ങൾ എത്തി
നത്തിങ് തങ്ങളുടെ മൂന്നാമത്തെ സ്മാർട്ട്ഫോൺ അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ് എന്നത് ഇതിനകം സ്ഥിരീകരിക്കപ്പെട്ട വാർത്തയാണ്. നത്തിങ് ഫോൺ 2എ എന്നപേരിൽ വരാൻ പോകുന്ന ഈ സ്മാർട്ട്ഫോണിന്റെ പല ഫീച്ചറുകളും ഇതിനകം പുറത്തുവരുകയും ചെയ്തു. ലണ്ടൻ ആസ്ഥാനമായുള്ള നത്തിങ് ഒരുക്കുന്ന മൂന്നാമത്തെ ഫോണിന്റെ കൂടുതൽ വിവരങ്ങൾ ഇപ്പോൾ ലഭ്യമായിരിക്കുന്നു.
നത്തിങ് ഏറ്റവുമൊടുവിലായി പുറത്തിറക്കിയ നത്തിങ് ഫോൺ 2 സ്മാർട്ട്ഫോണിന്റെ വിലകുറഞ്ഞ പതിപ്പ് എന്ന നിലയിലാണ് നത്തിങ് 2എ എത്തുക. ഫെബ്രുവരി അവസാന ആഴ്ച ഈ സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്യപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്. ലോഞ്ചിന് മുന്നോടിയായി നത്തിങ് 2എ ഇപ്പോൾ TUV സർട്ടിഫിക്കേഷൻ ലിസ്റ്റിംഗിൽ പ്രത്യക്ഷപ്പെട്ടു.

വരാൻ പോകുന്ന നത്തിങ് 2എയുടെ ഒരു പ്രധാന ഫീച്ചർ ഈ ലിസ്റ്റിങ് വിവരങ്ങൾ സ്ഥിരീകരിച്ചിരിക്കുന്നു. നത്തിങ് ഫോൺ 2ലേത് പോലെ തന്നെ നത്തിങ് 2എയിലും 45W ഫാസ്റ്റ് ചാർജിംഗ് വേഗത ഉണ്ടാകും എന്ന വിവരമാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ഇത് തീർച്ചയായും വലിയ നീക്കം തന്നെയാണ് എന്ന് വിദഗ്ധർ വിലയിരുത്തുന്നു.
A142 എന്ന മോഡൽ നമ്പരിലാണ് TUV സർട്ടിഫിക്കേഷൻ വെബ്‌സൈറ്റിൽ നത്തിങ് ഫോൺ (2a) കണ്ടെത്തിയത്. യുഎസ്ബി പവർ ഡെലിവറി സ്റ്റാൻഡേർഡ് ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യയാണ് നത്തിങ് തങ്ങളുടെ ഫോണിൽ ഉപയോഗിക്കുന്നത്. ഐഫോൺ, ഗൂഗിൾ, പിക്സൽ, സാംസങ് ഗാലക്സി തുടങ്ങിയ ബ്രാൻഡുകളുടെ പ്രീമിയം ഫോണുകൾ ഈ മാനദണ്ഡത്തിലാണ് എത്തുന്നത്.

നത്തിങ് ഫോൺ 2 ന്റെ പിൻഗാമിയായി നത്തിങ് ഫോൺ 2എ അവതരിപ്പിക്കുന്നതിന്റെ പ്രധാന കാരണം കുറഞ്ഞ വിലയിൽ മികച്ചൊരു നത്തിങ് ഫോൺ ആളുകൾക്ക് ലഭ്യമാക്കുക എന്നുള്ളതാണ്. അതിനാൽത്തന്നെ വരാൻപോകുന്ന നത്തിങ് 2എയുടെ വില 30000 രൂപയിൽ താഴെ ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു. നത്തിങ് ഇതാദ്യമായാണ് 30000 രൂപയിൽ താഴെ വിലയിൽ ഒരു സ്മാർട്ട്ഫോൺ പുറത്തിറക്കുന്നത്.
ഈ വില വിഭാഗത്തിനുള്ളിൽ നിന്നുകൊണ്ട് ഇത്രയും മികച്ച ഫാസ്റ്റ് ചാർജിങ് നത്തിങ് ലഭ്യമാക്കുന്നു എന്നത് ഉപയോക്താക്കളെ സംബന്ധിച്ച് വലിയ നേട്ടമാണ് എന്നാണ് വിലയിരുത്തൽ. USB-PD ചാർജറുകൾ കൂടുതൽ ചെലവേറിയതായിരിക്കും. അതിനാൽ നത്തിങ് ഫോൺ 2എയുടെ ബോക്സിൽ ചാർജർ ഉണ്ടാകാൻ സാധ്യത ഇല്ല എന്ന വിലയിരുത്തലുകളും ഇതോടൊപ്പം എത്തുന്നുണ്ട്.
നത്തിങ് ഫോൺ 2എയിൽ പ്രതീക്ഷിക്കുന്ന പ്രധാന ഫീച്ചറുകൾ: ബീജിങ് ഓറിയന്റൽ ഇലക്ട്രോണിക്സും (BOE) വിഷൻഒഎക്സും ( Visionox) ചേർന്ന് നിർമ്മിച്ച rm692h5 എന്ന മോഡൽ നമ്പറുള്ള 6.7 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ പാനലുമായിട്ടാകും നത്തിങ് ഫോൺ 2a വരിക. ഇതിന് 120Hz റിഫ്രഷ് റേറ്റും ഉണ്ടാകും.

മീഡിയടെക്കിന്റെ ഡൈമെൻസിറ്റി 7200 ആയിരിക്കും നത്തിങ് 2എയിൽ ഉണ്ടാകുകയെന്ന് സ്മാർട്ട് പിക്സ് നേരത്തെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡ്യുവൽ റിയർ ക്യാമറ യൂണിറ്റാണ് ഈ ഫോണിൽ ഉണ്ടാകുക എന്നാണ് വിവരം. ഇതിൽ 50 മെഗാപിക്‌സൽ സാംസങ് S5KNG9 1/1.5 ഇഞ്ച് പ്രൈമറി സെൻസറും 50 മെഗാപിക്‌സൽ സാംസങ് S5KJN1 1/2.76 ഇഞ്ച് അൾട്രാവൈഡ് സെൻസറും പ്രതീക്ഷിക്കുന്നു.
സെൽഫികൾക്കായി നത്തിങ് ഫോൺ 2എയിൽ 16MP ഫ്രണ്ട് ക്യാമറയും നൽകും. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള നത്തിങ് ഒഎസ് ആയിരിക്കും ഇതിൽ ഉണ്ടാകുക. ബാറ്ററി 4,290mAh ആയിരിക്കും. ഫെബ്രുവരി 27-ന് സ്പെയിനിലെ ബാഴ്‌സലോണയിൽ നടക്കുന്ന MWC 2024-ൽ നത്തിങ് ഫോൺ 2എ ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോർട്ട്.


Click it and Unblock the Notifications








