ഗ്രേറ്റ് സ്പെക്സുമായി നത്തിങ് ഫോൺ 2a: ലോഞ്ച് 'പരീക്ഷ' മാർച്ച് 5ന്, പിന്നെ 'ക്ലാസിലെ' ഒന്നാമൻ ഇവൻ!
നത്തിങ് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന നത്തിങ് ഫോൺ 2എ (Nothing Phone 2a) സ്മാർട്ട്ഫോണിന്റെ ലോഞ്ച് തീയതി പ്രഖ്യാപിച്ചു. ഇന്ത്യയിലും ആഗോള തലത്തിലും നത്തിങ് ഫോൺ 2എ മാർച്ച് 5ന് ലോഞ്ച് ചെയ്യും. ഇക്കാര്യം നത്തിങ് തന്നെ ഇപ്പോൾ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്.
ലോഞ്ച് തീയതി പുറത്തുവിട്ടതിനൊപ്പം നത്തിങ് ഫോൺ 2എ പുറത്തിറക്കാൻ ഉണ്ടായതിന്റെ സാഹചര്യവും അതിന്റെ ഡിസൈൻ പ്രത്യേകതകളും വിവരിക്കുന്ന ഒരു ഹൃസ്വ വീഡിയോയും നത്തിങ് പുറത്തുവിട്ടിട്ടുണ്ട്. വരാൻ പോകുന്ന സ്മാർട്ട്ഫോണിന്റെ പല ഡീറ്റെയിൽസും ഈ വീഡിയോയിൽ പരാമർശിക്കുന്നുണ്ട്. നത്തിങ് 1 നെക്കാൾ വിലക്കുറവിലാണ് ഈ ഫോണെത്തുകയെന്നാണ് സൂചന.

നത്തിങ് ഫോൺ 2 ന്റെ വില കുറഞ്ഞ പതിപ്പ് എന്ന നിലയിലാണ് നത്തിങ് ഫോൺ 2എ അവതരിപ്പിക്കുന്നത് എന്നാണ് പറയപ്പെടുന്നത്. നത്തിങ് ഫോൺ 2-മായി താരതമ്യപ്പെടുത്തുമ്പോൾ പുനർരൂപകൽപ്പന ചെയ്ത ക്യാമറ മൊഡ്യൂളും ചില ടോൺ-ഡൗൺ ഫീച്ചറുകളും നത്തിങ് ഫോൺ 2എയുടെ പ്രത്യേകതകളാണ്.
ഡിസൈന്റെ കാര്യത്തിൽ എന്നും സ്മാർട്ട്ഫോൺ വിപണിയെ അമ്പരപ്പിച്ച ചരിത്രമുള്ള നത്തിങ് പുതിയ സ്മാർട്ട്ഫോണിന്റെ കാര്യത്തിലും അത് തുടരും. ഗ്ലാസ് പോലെ കാണപ്പെടുന്ന പോളികാർബണേറ്റ് ബാക്ക് പാനലുകൾ ഉപയോഗിച്ചാണ് നത്തിങ് 2എയുടെ റിയർ പാനൽ തയാറാക്കിയിരിക്കുന്നത് എന്ന് നത്തിങ് പങ്കുവച്ച വീഡിയോയിൽ കമ്പനി ഉടമ കാൾ പേയ് തന്നെ സ്ഥിരീകരിക്കുന്നുണ്ട്.

നത്തിങ് ഫോൺ 2എയുടെ വില സംബന്ധിച്ച ചില സൂചനകളും കാൾ പേ വീഡിയോയിൽ നൽകുന്നുണ്ട്. നത്തിങ് 1നെക്കാൾ വില കുറവിൽ എങ്ങനെയാണ് നത്തിങ് 2എ തയാറാക്കാൻ കഴിഞ്ഞത് എന്ന് ആങ്കർ കാൾ പേയോട് ചോദിക്കുന്നുണ്ട്. എന്നാൽ "ഞങ്ങൾ ഈ വീഡിയോയിൽ ഇത് വിലകുറഞ്ഞതാണെന്ന് പറയുന്നുണ്ടോ?" എന്നായിരുന്നു കാൾ പേയുടെ മറുചോദ്യം.
ഈ സന്ദർനത്തിൽ അറിഞ്ഞിരിക്കേണ്ട മറ്റൊരു കാര്യം എന്തെന്നാൽ നത്തിങ് ഫോൺ 1 ലോഞ്ച് ചെയ്തത് ഏതാണ്ട് 32,999 രൂപ വിലയിലാണ്. ഇപ്പോൾ ഇത് ഏകദേശം 28,000 രൂപയ്ക്ക് റീട്ടെയിൽ ചെയ്യുന്നു. വരാൻ പോകുന്ന സ്മാർട്ട്ഫോണിൽ നത്തിങ്ങിന്റെ സവിശേഷതയായ സുതാര്യത (transparency) അതേപടി ഉണ്ടാകും എന്ന് ഡിസൈനറായ ക്രിസ് വെയ്റ്റ്മാൻ വീഡിയോയിൽ സ്ഥിരീകരിക്കുന്നുണ്ട്.
ഗ്ലിഫ് എൽഇഡി ബാക്ക് നത്തിങ് 2എയുടെ ഡിസൈൻ്റെ അവിഭാജ്യ ഘടകമായിരിക്കുമെന്നും എന്നാൽ, മുൻ നത്തിങ് ഫോണിൻ്റെ രൂപകൽപ്പനയിൽനിന്ന് വ്യത്യസ്തമായി ഇത് ചെറുതായി പുനർനിർമ്മിക്കുമെന്നും ഡിസൈനർ വിശദീകരിക്കുന്നു. ന്യൂയോർക്ക് സബ്‌വേ മാപ്പ് രൂപകൽപ്പന ചെയ്തതിൽ പ്രശസ്തനായ ഇറ്റാലിയൻ ഡിസൈനർ മാസിമോ വിഗ്നെല്ലിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സ്മാർട്ട്‌ഫോൺ ഡിസൈൻ ചെയ്തിരിക്കുന്നത് എന്നതാണ് ശ്രദ്ധേയമായ മറ്റൊരു പ്രത്യേകത.

വീഡിയോയിൽ വരാൻ പോകുന്ന നത്തിങ് ഫോൺ 2എ കാൾ പേയുടെ കൈയിൽ ഉണ്ടെങ്കിലും ഇത് വ്യക്തമായി കാണും വിധത്തിൽ വെളിപ്പെടുത്തിയിട്ടില്ല. നത്തിങ് ഫോണിന്റെ ഫീച്ചറുകൾ സംബന്ധിച്ച് നിരവധി ലീക്ക് റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. ഇത് പ്രകാരം നത്തിങ് ഫോൺ 2എയിൽ പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ പരിചയപ്പെടാം.
120Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് FHD+ AMOLED ഡിസ്‌പ്ലേയാകും നത്തിങ് 2എയിൽ ഉണ്ടാകുക. മീഡിയടെക് ഡിമെൻസിറ്റി 7200 ചിപ്‌സെറ്റാകും ഈ സ്മാർട്ട്‌ഫോണിന് കരുത്തുപകരുക. 8ജിബി റാം + 128ജിബി സ്റ്റോറേജ്, 12ജിബി റാം + 256ജിബി സ്റ്റോറേജ് വേരിയന്റുകൾ പ്രതീക്ഷിക്കുന്നു. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള നത്തിങ്ഒഎസ് 2.5-ൽ ആയിരിക്കും പ്രവർത്തനം.
ക്യാമറകകളുടെ കാര്യമെടുത്താൽ 50MP സാംസങ് ISOCELL S5KGN9 പ്രൈമറി ക്യാമറ, 50MP ISOCELL JN1 അൾട്രാ-വൈഡ് ആംഗിൾ ലെൻസ് എന്നിവയടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ യൂണിറ്റും 32MP സോണി IMX615 ഫ്രണ്ട് ക്യാമറയും ഈ സ്മാർട്ട്‌ഫോണിൽ പ്രതീക്ഷിക്കുന്നു. 45W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 4,290mAh ബാറ്ററിയാകും നത്തിങ് 2എയിൽ ഉണ്ടാകുക.


Click it and Unblock the Notifications








