അയ്യോ... ഇത് പാഴാക്കരുതേ! വരാൻ പോകുന്ന നത്തിങ് 2aയ്ക്ക് അത്രവലിയ വിലയില്ല, വെളിപ്പെടുത്തി ഉടമ
ഈ ആഴ്ച നിരവധി സ്മാർട്ട്ഫോണുകളാണ് വിപണിയിൽ ലോഞ്ച് ചെയ്യാൻ പോകുന്നത്. അതിൽ ഏറ്റവും പ്രതീക്ഷയുള്ള സ്മാർട്ട്ഫോണുകളിൽ ഒന്നാണ് നത്തിങ് ഫോൺ 2എ (Nothing Phone 2a). ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ നത്തിങ് ഫോൺ 2 സ്മാർട്ട്ഫോണിന്റെ താങ്ങാനാകുന്ന വിലയിലുള്ള വേരിയന്റ് എന്നാണ് ഈ സ്മാർട്ട്ഫോണിനെ വിലയിരുത്തുന്നത്.
മാർച്ച് 5-ന് ആണ് ഇന്ത്യ ഉൾപ്പെടെയുള്ള ആഗോള വിപണിയിൽ നത്തിങ് ഫോൺ 2എ ലോഞ്ച് ചെയ്യുന്നത്. ഇപ്പോൾ ലോഞ്ചിന് മുൻപ് തന്നെ ഈ സ്മാർട്ട്ഫോണിന്റെ വില സംബന്ധിച്ച ആകാംക്ഷകൾക്ക് ആക്കം കൂട്ടിക്കൊണ്ട് നത്തിങ് സിഇഒ കാൾ പേയ് ഒരു പ്രസ്താവന നടത്തിയിരിക്കുന്നു.

നത്തിങ് ഫോൺ 2എയുടെ വില സംബന്ധിച്ച് വിവിധ ലീക്ക് റിപ്പോർട്ടുകൾ ഇതിനകം പുറത്തുവന്നിരുന്നു. 30000 മുകളിലായിരിക്കും ഈ ഫോണിന്റെ വില എന്നാണ് പല റിപ്പോർട്ടുകളും പറഞ്ഞത്. നത്തിങ് ഫോൺ 2വിന്റെ 8ജിബി റാം + 128ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റിന് 44,999 രൂപയായിരുന്നു ലോഞ്ച് വില.
എന്നാൽ നത്തിങ് ഫോൺ 2 സ്മാർട്ട്ഫോണിന്റെ വില കമ്പനി പിന്നീട് കുറച്ചിരുന്നു. ഇപ്പോൾ 40000 രൂപയിൽ താഴെ വിലയിൽ നത്തിങ് ഫോൺ 2 പ്രാരംഭ മോഡലുകൾ ലഭ്യമാണ്. ഓഫർ സെയിലുകളും മറ്റും എത്തുമ്പോൾ ഈ സ്മാർട്ട്ഫോൺ 30000 രൂപയോട് അടുത്ത വിലയിൽ വരെ ലഭ്യമായിട്ടുണ്ട്.

അതിനാൽ നത്തിങ് ഫോൺ 2 ന്റെ കുറഞ്ഞ മോഡലായി പുറത്തിറക്കുന്ന നത്തിങ് ഫോൺ 2എ എന്ത് വിലയിലാകും അവതരിപ്പിക്കപ്പെടുക എന്ന ആകാംക്ഷ നിരവധി പേർക്ക് ഉണ്ടായിരുന്നു. ഈ സ്മാർട്ട്ഫോണിന്റെ ലോഞ്ച് നടക്കാനിരിക്കെ ഉടമ കാൾ പേയ് യുവാക്കളുമായി നടത്തിയ ഒരു സംവാദത്തിൽ ഇന്ത്യയിലെ ഈ സ്മാർട്ട്ഫോണിന്റെ വില സംബന്ധിച്ച ചില സൂചനകൾ നൽകിയിരിക്കുന്നു.
നത്തിങ് ഫോൺ 2a-യ്ക്ക് ഇന്ത്യയിൽ ഏകദേശം 25,000 രൂപ വിലവരുമെന്ന് കാൾ പേയ് സൂചിപ്പിച്ചു. ഇതിന്റെ കൃത്യമായ വില വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും താങ്ങാനാകുന്ന വില പ്രതീക്ഷിക്കാമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ട്. നേരത്തെ നത്തിങ് ഫോൺ 2എയുടെ ലോഞ്ച് തീയതി വെളിപ്പെടുത്തുന്നതിനോട് അനുബന്ധിച്ച് പുറത്തുവിട്ട വീഡിയോയിലും നത്തിങ് 1നെക്കാൾ വിലക്കുറവിലായിരിക്കും 2എ എത്തുകയെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
നത്തിങ് ഫോൺ 2എയുടെ കൃത്യമായ വില 5ന് നടക്കുന്ന ലോഞ്ചിന് ശേഷമേ അറിയാൻ കഴിയൂ. ഇന്ത്യയിൽ വിൽക്കുന്ന നത്തിങ് 2എ സ്മാർട്ട്ഫോൺ ഇന്ത്യയിൽ തന്നെ നിർമ്മിക്കുന്നതായിരിക്കുമെന്ന് കമ്പനി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. പ്രാദേശിക സമ്പദ്‌വ്യവസ്ഥയിൽ നിക്ഷേപിക്കുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്ത് രാജ്യത്തിൻ്റെ സമ്പന്നമായ ഉൽപാദന ആവാസവ്യവസ്ഥയെ പ്രയോജനപ്പെടുത്താനാണ് കമ്പനി ലക്ഷ്യമിടുന്നത് എന്ന് നത്തിങ് പറയുന്നു.

വരാൻ പോകുന്ന നത്തിങ് ഫോൺ 2aയിൽ 120Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് FHD+ OLED ഡിസ്‌പ്ലേയായിരിക്കും ഉണ്ടാകുക. മീഡീയടെക് ഡിമെൻസിറ്റി 7200 പ്രോ ചിപ്സെറ്റായിരിക്കും ഇതിൽ ഉണ്ടാകുക. 50 മെഗാപിക്സൽ പ്രൈമറി സെൻസറും 50 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസും അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും പ്രതീക്ഷിക്കുന്നു.
സെൽഫികൾക്കായി, 32 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും നത്തിങ് 2എയിൽ ഉണ്ടാകും. 12 ജിബി റാമും റാം ബൂസ്റ്ററും ഈ മിഡ് ബജറ്റ് സ്മാർട്ട്ഫോണിൽ നത്തിങ് ഉൾപ്പെടുത്തും എന്ന് പ്രതീക്ഷിക്കുന്നു. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള നത്തിങ്ഒഎസ് 2.5-, 45W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 4,500mAh ബാറ്ററി എന്നിവയും ഇതിലുണ്ടാകും.


Click it and Unblock the Notifications








