വില വിവാദങ്ങളെ സൈഡാക്കി നത്തിങ് ഫോൺ 3 വിൽപ്പന തുടങ്ങി; വാങ്ങാൻ കിടിലം ഡിസ്കൗണ്ടും
സാധാരണയായി സ്മാർട്ട്ഫോണുകൾ ഇറങ്ങുമ്പോൾ അതിനെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്ന ഒരു രീതിയാണ് പൊതുവെ കണ്ടുവരാറുള്ളത്. എന്നാൽ ചില സ്മാർട്ട്ഫോണുകൾ മാത്രം കൈയടിക്ക് പകരം വിവാദങ്ങളുടെ അകമ്പടിയോടുകൂടിയാകും എത്തുക. ഈ ജൂലൈ 1ന് നത്തിങ് പുറത്തിറക്കിയ അവരുടെ 'യഥാർഥ പ്രീമിയം സ്മാർട്ട്ഫോൺ' ആയ നത്തിങ് ഫോൺ 3 (Nothing Phone 3) അത്തരത്തിൽ വിവാദങ്ങളുടെ അകമ്പടിയിൽ എത്തിയ ഒരു സ്മാർട്ട്ഫോൺ ആണ്. ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിക്ക് അനുയോജ്യമായ ഒരു വില നിർണ്ണയമല്ല നത്തിങ് ഫോൺ 3യുടെ കാര്യത്തിൽ ഉണ്ടായിരിക്കുന്നത് എന്നാണ് ഇവിടെ ഉയർന്ന പൊതു വിലയിരുത്തൽ.
ആപ്പിളിന്റെ ഐഫോൺ, ഗൂഗിളിന്റെ പിക്സൽ സ്മാർട്ട്ഫോണുകൾ എന്നിവയുടെ നിരയിലേക്ക് തങ്ങളുടെ സ്മാർട്ട്ഫോണിനെയും ഉയർത്താനുള്ള ഒരു ശ്രമമാണ് നത്തിങ് ഫോൺ 3യിലൂടെ നത്തിങ് നടത്തിയിരിക്കുന്നത് എന്ന് വിലയിരുത്തപ്പെടുന്നുണ്ട്. മികച്ച ഫീച്ചറുകൾക്കൊപ്പം ഈ പറഞ്ഞ പ്രീമിയം ഫോണുകളുടേതിന് സമാനമായ വില തന്നെയാണ് നത്തിങ് ഫോൺ 3യ്ക്ക് കമ്പനി നൽകിയിരിക്കുന്നത്.

എന്നാൽ ഈ വില അംഗീകരിക്കാൻ പലരും തയാറല്ല. അതോടെയാണ് നത്തിങ് ഫോൺ 3 ഒരു വിവാദ നായകനായി മാറിയത്. ഇന്ത്യയിൽ മാത്രമല്ല, യൂറോപ്പിലെയും തെക്കുകിഴക്കൻ ഏഷ്യയിലെയും സ്മാർട്ട്ഫോൺ ആരാധകർക്കിടയിലും വില സംബന്ധിച്ച ആശയക്കുഴപ്പങ്ങൾ ഉയർന്നിരുന്നു. എന്നാൽ വിവാദങ്ങളെയെല്ലാം ഒരു വശത്തേക്ക് മാറ്റി നിർത്തിക്കൊണ്ട് വൻ ഡിസ്കൗണ്ട് സഹിതം നത്തിങ് ഫോൺ 3 ഇന്ന് മുതൽ ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചിരിക്കുന്നു എന്നതാണ് ഏറ്റവും പുതിയ വാർത്ത.
ഫ്ലിപ്കാർട്ട്, ഫ്ലിപ്കാർട്ട് മിനിറ്റ്സ്, വിജയ് സെയിൽസ്, ക്രോമ, പ്രമുഖ റീട്ടെയിൽ സ്റ്റോറുകൾ എന്നിവയിലൂടെ നത്തിങ് ഫോൺ 3 ഇന്ന് മുതൽ വാങ്ങാനാകും. ഇന്ത്യയിൽ നത്തിങ് ഫോൺ 3യുടെ 12GB + 256GB വേരിയന്റിന് 79,999 രൂപയും 16GB + 512GB വേരിയന്റിന് 89,999 രൂപയുമാണ് വില.

എന്നാൽ മികച്ച ലോഞ്ച് ഓഫറുകൾ പരിമിത കാലത്തേക്ക് നത്തിങ് ഫോൺ 3യ്ക്ക് ലഭ്യമാക്കിയിട്ടുണ്ട്. ഇത് പ്രകാരം, ബാങ്ക് ഓഫർ + എക്സ്ചേഞ്ച് ഓഫർ ഉൾപ്പെടെ, നത്തിങ് ഫോൺ 3 വേരിയന്റുകൾ യഥാക്രമം 62,999 രൂപ, 72,999 രൂപ വിലകളിൽ വാങ്ങാനാകുമെന്ന് കമ്പനി പറയുന്നു.
ലോഞ്ച് ഓഫറിന്റെ ഭാഗമായി ഇന്ന് (ജൂലൈ 15) നത്തിങ് ഫോൺ 3 വാങ്ങുന്ന എല്ലാ ഉപഭോക്താക്കൾക്കും 1 വർഷത്തെ അധിക വാറണ്ടി ലഭിക്കും. കൂടാതെ പ്രമുഖ ബാങ്കുകളിൽ 24 മാസം വരെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും ലഭ്യമാണ്. ഇതിനകം പുറത്തിറക്കിയ ചുരുക്കം സ്മാർട്ട്ഫോണുകളിലൂടെ തന്നെ ഉപയോക്താക്കളുടെ മനസിൽ വിശ്വാസം നേടിയെടുത്ത നത്തിങ്ങിന്റെ ഈ പ്രീമിയം സ്മാർട്ട്ഫോൺ വാങ്ങാൻ ഉപയോക്താക്കൾക്ക് ഈ ലോഞ്ച് ഓഫറുകൾ ഉപയോഗപ്പെടുത്താവുന്നതാണ്.
നത്തിങ് ഫോൺ 3യുടെ പ്രധാന ഫീച്ചറുകൾ കൂടി ചുരുക്കത്തിൽ പരിചയപ്പെടാം: 6.67-ഇഞ്ച് 1.5K 30-120Hz AMOLED ഡിസ്പ്ലേ, 1000Hz ടച്ച് സാമ്പിൾ റേറ്റ്, HDR10+, 10-ബിറ്റ് കളർ, 1600 nits വരെ (HBM), 4500 nits വരെ പീക്ക് ബ്രൈറ്റ്നസ്, 2160Hz PWM ഡിമ്മിംഗ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ.

3.2GHz വരെ ഒക്ട കോർ സ്നാപ്ഡ്രാഗൺ 8s Gen 4 4nm പ്രോസസർ, അഡ്രിനോ 825 GPU, 12GB / 16GB LPDDR5X റാം, 256GB / 512GB UFS 4.0 സ്റ്റോറേജ്, ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള നത്തിങ് OS 3.5 (ആദ്യമായി 5 ആൻഡ്രോയിഡ് OS അപ്‌ഡേറ്റുകളും 7 വർഷത്തെ സുരക്ഷാ പാച്ചുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു).
50MP മെയിൻ ക്യാമറ + 50MP 114° അൾട്രാ-വൈഡ് ക്യാമറ+ 50MP 3x പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ എന്നിവയടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം, 50MP ഫ്രണ്ട് ക്യാമറ, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്‌കാനർ, ഡ്യുവൽ സിം (നാനോ + eSIM), 5G SA/NSA, ഡ്യുവൽ 4G VoLTE, 65W വയർഡ് ചാർജിംഗ്, 15W വയർലെസ് ചാർജിംഗ്, 5W റിവേഴ്സ് വയർലെസ് ചാർജിംഗ് പിന്തുണകളുള്ള 5500mAh ബാറ്ററി എന്നിവ ഇതിലുണ്ട്.


Click it and Unblock the Notifications








