ഒന്നിലും പിഴയ്ക്കാതെ മൂന്നിൽ! നത്തിങ് ഫോൺ 3 വരുന്നു; കരുത്തും ഇന്ത്യൻ വിലയും...
വ്യത്യസ്തതയെ ഇഷ്ടപ്പെടുന്ന ഇന്ത്യൻ സ്മാർട്ട്ഫോൺ പ്രേമികളുടെ പ്രിയപ്പെട്ട ബ്രാൻഡായി മാറിയ നത്തിങ് തങ്ങളുടെ നാലാം സ്മാർട്ട്ഫോൺ വിപണിയിൽ അവതരിപ്പിക്കാൻ തയാറെടുക്കുന്നു. ലോഞ്ചിന് ഇനിയും രണ്ട് മാസം ബാക്കിയുണ്ടെങ്കിലും വൻ ഡിമാൻഡും ആളുകളുടെ താൽപര്യവും കാരണം, വരാൻ പോകുന്ന ഫോണിനെക്കുറിച്ചുള്ള ചില വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.
ഇന്ത്യയിലടക്കം ലോഞ്ച് ചെയ്യാൻ പോകുന്ന നത്തിങ് ഫോൺ 3യുടെ (Nothing Phone 3) പ്രോസസറിനെക്കുറിച്ചുള്ള സൂചനകളും ഇന്ത്യൻ വിലയെക്കുറിച്ചുള്ള സൂചനകളുമാണ് ഇപ്പോൾ ഓൺലൈനിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ വർഷം ജൂലൈയിൽ ലോഞ്ച് ചെയ്ത നത്തിങ് ഫോൺ 2 ന്റെ യഥാർഥ പിൻഗാമിയായിട്ടാണ് നത്തിങ് ഫോൺ 3 എത്തുന്നത്.

പക്ഷേ, നത്തിങ് കമ്പനിയിൽ നിന്നുള്ള നാലാമത്തെ സ്മാർട്ട്ഫോണായിരിക്കും നത്തിങ് 3. കാരണം നത്തിങ് ഫോൺ 2 സ്മാർട്ട്ഫോണിന്റെ വില കുറഞ്ഞ മോഡൽ എന്ന നിലയിൽ നത്തിങ് ഫോൺ 2എ എന്ന സ്മാർട്ട്ഫോൺ കമ്പനി അടുത്തിടെ പുറത്തിറക്കിയിരുന്നു. മറ്റ് രണ്ട് നത്തിങ് സ്മാർട്ട്ഫോണുകളെയും പോലെ മികച്ച പ്രതികരണമാണ് ഈ നത്തിങ് 2എയ്ക്കും ലഭിച്ചത്.
ഇപ്പോൾ ഇതിന് പിന്നാലെയാണ് നത്തിങ് 2ന്റെ യഥാർഥ അവകാശിയായ നത്തിങ് ഫോൺ 3 വിപണിയിലേക്ക് എത്തുന്നത്. നത്തിങ്ങിന്റെ പതിവ് ലോഞ്ച് ടൈംലൈൻ പ്രകാരം 2024 ജൂലൈയിൽ പുതിയ നത്തിങ് ഫോൺ 3 ലോഞ്ച് ചെയ്യും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ ഫോണിന്റെ ഫീച്ചറുകൾ കമ്പനി ഇപ്പോഴും പുറത്തുവിട്ടിട്ടില്ല.

എന്നാൽ ഒരു പുതിയ ഓൺലൈൻ റിപ്പോർട്ട് ഇന്ത്യൻ വിപണിയിലെത്തുന്ന നത്തിങ് ഫോൺ 3യുടെ പ്രോസസറിനെയും വിലയെയും കുറിച്ചുള്ള ചില സൂചനകൾ നൽകുന്നുണ്ട്. മുൻഗാമിയായ നത്തിങ് 2ന്റെ വില പിന്തുടർന്നുകൊണ്ട് 40,000 മുതൽ 45,000 രൂപ വരെ വിലയിലാകും നത്തിങ് ഫോൺ 3 ഇന്ത്യയിൽ അവതരിപ്പിക്കപ്പെടുക എന്നാണ് 91മൊബൈൽസ് റിപ്പോർട്ട് ചെയ്യുന്നത്.
നത്തിങ് ഫോൺ 2ന്റെ 8GB + 128GB അടിസ്ഥാന മോഡലിന്റെ വില ഇന്ത്യയിൽ 44,999 രൂപ ആയിരുന്നു. 12GB + 256GB 49,999 രൂപയ്ക്കും 12GB+ 512GB വേരിയന്റ് 54,999 രൂപയ്ക്കും നത്തിങ് ഇന്ത്യയിൽ ലഭ്യമാക്കി. അടുത്തതായി പുറത്തിറക്കുന്ന മിഡ്-റേഞ്ച് പ്രീമിയം ഫോണിനും സമാന വില നൽകി മത്സരാധിഷ്ഠിതമായ വെല്ലുവിളി നത്തിങ് ഉയർത്തുമെന്നാണ് റിപ്പോർട്ട്.
നിലവിൽ എല്ലാ ബ്രാൻഡുകളുടെയും പ്രീമിയം സ്മാർട്ട്ഫോണുകൾ എത്തുന്നത് ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റ് കരുത്തിലാണ്. ഈ സ്മാർട്ട്ഫോണുകളുടെയെല്ലാം വില 50000 രൂപയ്ക്ക് മുകളിലാണ്. എന്നാൽ 45000 രൂപ വിലയിൽ അവതരിപ്പിക്കുമെന്ന് പറയപ്പെടുന്ന നത്തിങ് ഫോൺ 3യിലും ഇതേ ചിപ്സെറ്റ് തന്നെയാകും ഉണ്ടാകുക എന്നതാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന മറ്റൊരു വിവരം.

അതായത് വിലയുടെ കാര്യത്തിൽ മാത്രമല്ല, ആ വിലയ്ക്ക് നൽകുന്ന ഫീച്ചറുകളുടെ കാര്യത്തിലും നത്തിങ് മറ്റ് ബ്രാൻഡുകൾക്ക് ഭീഷണിയാകും. അതേസമയം ഉപയോക്താക്കൾക്ക് അത് നേട്ടവുമാകും. നിലവിൽ ഏറ്റവും കുറഞ്ഞ വിലയിൽ സ്നാപ്ഡ്രാഗൺ 8 ജെൻ-3 ചിപ്സെറ്റ് അടങ്ങുന്ന സ്മാർട്ട്ഫോൺ ലഭ്യമാക്കിയിട്ടുള്ള സ്മാർട്ട്ഫോണുകളിലൊന്ന് ഐക്യൂ 12 ആണ്. ഏതാണ്ട് 52000 രൂപ പ്രാരംഭവിലയിൽ ഈ ഫോൺ ലഭ്യമാകും.
നത്തിങ് ഫോൺ 3 ന്റെ മറ്റ് സ്പെസിഫിക്കേഷനുകൾ ഒന്നും വ്യക്തമല്ല. എന്നാൽ, ഉയർന്ന ഫാസ്റ്റ് ചാർജിങ് പിന്തുണയും വലിയ ഡിസ്പ്ലേയും ഈ ഫോണിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. നത്തിങ്ങിന്റെ മുൻ മോഡലുകളെല്ലാം തന്നെ മാന്യമായ ഫീച്ചറുകളോടെയാണ് എത്തിയത്. ഏറ്റവുമൊടുവിലായി നത്തിങ് ഇന്ത്യയിൽ ലോഞ്ച് ചെയ്ത നത്തിങ് 2എ 23,999 രൂപ പ്രാരംഭ വിലയിലാണ് എത്തിയത്.


Click it and Unblock the Notifications








