'ന്യായവില' ഫോൺ വാങ്ങാൻ റെഡിയായിക്കോ... ബ്ലാക്ക് ഉണ്ട്, വൈറ്റ് ഉണ്ട്; നത്തിങ് ഫോൺ 3a ലൈറ്റ് 5G വരുന്നു
നത്തിങ് തങ്ങളുടെ ഏറ്റവും വില കുറഞ്ഞ സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കാൻ തയാറെടുത്തിരിക്കുന്നു. ഇതുവരെ പുറത്തിറങ്ങിയതിൽ ഏറ്റവും വില കുറഞ്ഞ നത്തിങ് സ്മാർട്ട്ഫോൺ, നത്തിങ്ങിന്റെ ആദ്യ ലൈറ്റ് മോഡൽ എന്നീ പ്രത്യേകതകളുമായി നത്തിങ് ഫോൺ 3a ലൈറ്റ് (Nothing Phone 3a Lite) 5ജി കഴിഞ്ഞ മാസം (ഒക്ടോബറിൽ) ആഗോളതലത്തിൽ ലോഞ്ച് ചെയ്തിരുന്നു. ഇത് ഇപ്പോൾ ഇന്ത്യയിലേക്കും എത്താൻ പോകുന്നു. നത്തിങ് ട്വിറ്ററിലൂടെ ഇപ്പോൾ നത്തിങ് ഫോൺ 3aയുടെ ഇന്ത്യൻ ലോഞ്ച് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നു. എന്നാൽ കൃത്യമായ ലോഞ്ച് തിയതി വെളിപ്പെടുത്തിയിട്ടില്ല.
കമിങ് സൂൺ ടു ഇന്ത്യ എന്ന ക്യാപ്ഷനുമായി രണ്ട് നത്തിങ് ഫോൺ 3എ ലൈറ്റ് 5ജി സ്മാർട്ട്ഫോണുകളുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് കമ്പനി ഈ സ്മാർട്ട്ഫോണിന്റെ ഇന്ത്യൻ ലോഞ്ച് സ്ഥിരീകരിച്ചിരിക്കുന്നത്. നിരവധി ഫീച്ചറുകളൊക്കെ ഉണ്ടെങ്കിലും 'ന്യായവില' യിൽ എത്തുന്നു എന്നതാകും ഈ ഫോണിന്റെ വരവിനെ ശ്രദ്ധേയമാക്കുന്നത്.

നത്തിങ് 3a, 3a പ്രോ മോഡലുകൾ ഇതിനകം തന്നെ ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ഈ മോഡലുകളോട് സാമ്യമുള്ള ഡിസൈനുമായാണ് നത്തിങ് 3എ ലൈറ്റ് 5ജി മോഡൽ ആഗോള തലത്തിൽ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. ഇന്ത്യയിൽ ലോഞ്ച് ചെയ്യുമ്പോൾ ഗ്ലോബൽ വേരിയന്റിൽ നിന്ന് കാര്യമായ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയില്ല.
ആഗോള വേരിയന്റിന് സമാനമായി ബ്ലാക്ക്, വൈറ്റ് കളർ ഓപ്ഷനുകളിൽ നത്തിങ് 3a ലൈറ്റ് എത്തുമെന്ന് ടീസർ സ്ഥിരീകരിക്കുന്നു. ലൈറ്റ് മോഡൽ ആണെങ്കിലും എന്ത് വിലയിലാകും ഈ ഫോൺ ഇന്ത്യയിലെത്തുക എന്ന ആകാംക്ഷ നിലനിൽക്കുന്നു. ആഗോളതലത്തിൽ ഈ മോഡലിന് GBP 249 (ഏകദേശം 28,000 രൂപ) ആയിരുന്നു വില.

ഇന്ത്യയിൽ ഇതിനകം ലോഞ്ച് ചെയ്യപ്പെട്ടിട്ടുള്ള നത്തിങ് ഫോൺ 3a മോഡലിന്റെ വില ആരംഭിക്കുന്നത് 24999 രൂപ വിലയിലാണ്. അതിനാൽ 3a മോഡലിന്റെ തൊട്ടുതാഴെ വരുന്ന മോഡൽ എന്ന നിലയിൽ ഏകദേശം 20,000 രൂപയോട് അടുത്ത വിലയിലാകും 3a ലൈറ്റ് 5ജി നത്തിങ് ഇന്ത്യയിൽ അവതരിപ്പിക്കുക എന്ന് പ്രതീക്ഷിക്കപ്പെടുന്നു.
നത്തിങ് ഫോൺ 3a ലൈറ്റ് 5ജി ഫീച്ചറുകൾ
ആഗോളതലത്തിൽ ലോഞ്ച് ചെയ്ത നത്തിങ് ഫോൺ 3a ലൈറ്റ് 5ജി 2.5GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7300 പ്രോ 4nm പ്രൊസസർ കരുത്തിലാണ് എത്തിയത്. 6.77-ഇഞ്ച് (1080 x 2392 പിക്സലുകൾ) FHD+ AMOLED ഡിസ്പ്ലേ, 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്, പാണ്ട ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ടായിരുന്നു.
ലൈറ്റ് മോഡലാണെങ്കിലും ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം നത്തിങ് 3a ലൈറ്റ് 5ജിയിലുണ്ട്. അതിൽ 1/1.57″ സാംസങ് സെൻസറുള്ള 50MP മെയിൻ ക്യാമറ, 8MP അൾട്രാ-വൈഡ് ക്യാമറ, 2MP മാക്രോ ക്യാമറ, 30 fps വരെ 4K എന്നിവ അടങ്ങുന്നു. സെൽഫിക്കും മറ്റുമായി 16MP ഫ്രണ്ട് ക്യാമറയും ഉണ്ടായിരുന്നു.
ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള നത്തിങ് ഒഎസ് 3.5 -ൽ ആണ് ഈ ലൈറ്റ് മോഡൽ അവതരിപ്പിക്കപ്പെട്ടത്. മൂന്ന് ആൻഡ്രോയിഡ് ഒഎസ് അപ്‌ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ പാച്ചുകളും ഇന്ത്യയിലും ഇതിന് ലഭിച്ചേക്കും. മാലി-G615 MC2 GPU, 8GB LPDD4X റാം, 128GB / 256GB UFS 2.2 സ്റ്റോറേജ് ഫീച്ചറുകളും ആഗോള വേരിയന്റിന് ഉണ്ടായിരുന്നു.

33W വയർഡ് ചാർജിംഗിനുള്ള പിന്തുണയുള്ള 5000mAh ബാറ്ററിയാണ് നത്തിങ് ഫോൺ 3a ലൈറ്റ് 5ജിയിൽ ഉള്ളത്. ഇന്ത്യയിലേക്ക് എത്തുമ്പോൾ ബാറ്ററി ശേഷിയിൽ മാറ്റം വരുമോയെന്ന് ഇപ്പോൾ വ്യക്തമല്ല. IP54 റേറ്റിംഗ്, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ/മൈക്രോ എസ്ഡി), 5G SA/NSA, ഡ്യുവൽ 4G VoLTE എന്നീ ഫീച്ചറുകളും ആഗോള മോഡലിലുണ്ടായിരുന്നു.


Click it and Unblock the Notifications








