ഫാസ്റ്റ് ചാർജിങ് ഉണ്ട്, പക്ഷേ ചാർജർ ഇല്ല! നത്തിങ്ങിന്റെ ഏറ്റവും പുതിയ 5G ഫോണിന്റെ പുതിയ വില
2026ൽ സ്മാർട്ട്ഫോണുകൾക്ക് വില കൂടും എന്ന് സ്മാർട്ട്ഫോൺ മേഖലയിലെ വിദഗ്ധർ വളരെ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയതാണ്. ചില ബ്രാൻഡുകൾ ഇതിനകം തന്നെ തങ്ങളുടെ പഴയ മോഡലുകൾക്ക് വില ഉയർത്തുകയും 2026 തുടങ്ങിയതോടെ വില വീണ്ടും ഉയർത്തുകയും ചെയ്തു, അതിന്റെ ഒരു ഉദാഹരണമാണ് ഐക്യൂ നിയോ 10 മോഡലിന്റെ വില വർധന. എന്നാൽ വില ഉയർത്താത്ത മോഡലുകളും അവിടിവിടെയായി കാണാം. അതിന് ഉദാഹരണമാണ് റിയൽമി പി4 5ജി. എന്നാൽ കഴിഞ്ഞ ഒരു നാലഞ്ച് മാസത്തിനുള്ളിൽ ലോഞ്ച് ചെയ്യപ്പെട്ട നിരവധി സ്മാർട്ട്ഫോണുകൾക്ക് വില ചെറുതായെങ്കിലും ഉയർന്നിട്ടുണ്ട്.
ലോഞ്ച് സമയത്തെ വിലയെക്കാൾ ഉയർന്ന വിലയിലാണ് പല സ്മാർട്ട്ഫോണുകളും ഇപ്പോൾ ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. അത്തരത്തിൽ വില വർധിച്ച സ്മാർട്ട്ഫോണുകളിൽ നത്തിങ് ഏറ്റവുമൊടുവിൽ ഇന്ത്യയിൽ അവതരിപ്പിച്ച അവരുടെ ഏറ്റവും വില കുറഞ്ഞ സ്മാർട്ട്ഫോൺ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നത്തിങ് ഫോൺ 3a ലൈറ്റ് 5ജിയും ഉൾപ്പെടുന്നു.

രണ്ട് മാസം മുൻപ് ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് നത്തിങ് ഫോൺ 3എ ലൈറ്റ് 5ജിയുടെ 8GB + 128GB മോഡലിന് 20,999 രൂപയും 8GB + 256GB മോഡലിന് 22,999 രൂപയുമായിരുന്നു വില. പ്രധാനമായും ഫ്ലിപ്പ്കാർട്ട് വഴിയാണ് ഈ ഫോൺ വാങ്ങാനാകുക. നിലവിൽ ഫ്ലിപ്പ്കാർട്ടിൽ ഇതിന്റെ അടിസ്ഥാന മോഡലിന് 21999 രൂപയാണ് വില. അതായത് ലോഞ്ച് സമയത്തെ വിലയെക്കാൾ 1000 രൂപ വർധിച്ചിട്ടുണ്ട്.
സ്മാർട്ട്ഫോൺ വില വർധനവിന്റെ ഭാരം ഉപയോക്താക്കളെ ബാധിക്കാതിരിക്കാൻ ഒരളവ് വരെ സഹായിക്കുന്നത് ബാങ്ക് ഡിസ്കൗണ്ടുകൾ ആണ്. ഇവിടെ നത്തിങ് ഫോൺ 3എ ലൈറ്റ് 5ജിക്ക് 5 ശതമാനം ക്യാഷ്ബാക്ക് ഫ്ലിപ്പ്കാർട്ട് സജ്ജമാക്കിയിട്ടുണ്ട്, അതിനാൽ ഏകദേശം 1000 രൂപ വില കുറയ്ക്കാൻ സാധിക്കും. അതിനാൽ 20999 രൂപ എന്ന യഥാർഥ വിലയിൽ തന്നെ ഈ ഫോൺ വാങ്ങാനാകും.

അതേസമയം ബാങ്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്താൻ കഴിഞ്ഞില്ലെങ്കിൽ വർധിച്ച പുതിയ വിലയിൽ ഈ സ്മാർട്ട്ഫോൺ വാങ്ങേണ്ടിവരും. ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമായ നത്തിങ് ഫോൺ മോഡൽ ആണ് ഇത് എങ്കിലും ഇതോടൊപ്പം അറിഞ്ഞിരിക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്, 'ആപ്പിളിന് പഠിച്ച നത്തിങ് ഫോൺ' ആണിത്. അതായത് 33W ഫാസ്റ്റ് ചാർജിങ് പിന്തുണ ഈ ഫോണിന് ഉണ്ടെങ്കിലും ഇതിന്റെ ബോക്സിൽ ചാർജർ ഇല്ല എന്നതാണ് അത്. അതായത് ചാർജറിന് പണം വേറെ മുടക്കേണ്ടിവരും.
പ്രധാന ഫീച്ചറുകൾ
ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ഈ നത്തിങ് ഫോണിലുണ്ട്. അതിൽ 1/1.57″ സാംസങ് സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.88 അപ്പർച്ചർ, EIS), 8MP അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), 2MP മാക്രോ ക്യാമറ (f/2.4 അപ്പേർച്ചർ, EIS), 10x ഡിജിറ്റൽ സൂം, 30 fps 4K വീഡിയോ എന്നവ അടങ്ങുന്നു. ഒപ്പം 16MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്.
120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റുള്ള 6.77-ഇഞ്ച് (1080 x 2392 പിക്സലുകൾ) FHD+ AMOLED ഡിസ്പ്ലേ ആണ് ഇതിലുള്ളത്. ഇത് പാണ്ട ഗ്ലാസ് പ്രൊട്ടക്ഷൻ സഹിതം എത്തുന്നു. 2.5GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7300 പ്രോ 4nm പ്രൊസസർ ആണ് നത്തിങ് ഫോൺ 3a ലൈറ്റ് 5ജിയുടെ കരുത്ത്.

ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള നത്തിങ് OS 3.5 ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. മാലി-G615 MC2 GPU, 8GB LPDD4X റാം, 128GB / 256GB UFS 2.2 സ്റ്റോറേജ്, ഇൻ-ഡിസ്‌പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സ്‌കാനർ, IP54 റേറ്റിങ്, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ/മൈക്രോ എസ്ഡി), 5G SA/NSA, ഡ്യുവൽ 4G VoLTE, 5000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.


Click it and Unblock the Notifications








