പേര് കേട്ടാൽ അറിഞ്ഞൂടെ വില കുറവാണ് എന്ന്; നത്തിങ് ഫോൺ 3a ലൈറ്റ് 5ജിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്
നത്തിങ് ഇന്ത്യയിൽ ഒരു പുതിയ സ്മാർട്ട്ഫോൺ അവതരിപ്പിക്കാൻ തയാറെടുക്കുന്നതായും അതിന്റെ പേര് നത്തിങ് ഫോൺ 3a ലൈറ്റ് 5ജി (Nothing Phone 3a Lite) എന്ന് ആയിരിക്കുമെന്നും രണ്ടാഴ്ച മുൻപ് ചില റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോൾ ഈ ഫോണിനെക്കുറിച്ച് ചില പുതിയ വിവരങ്ങൾ കൂടി ലഭ്യമായിരിക്കുന്നു. ഗീക്ക്ബെഞ്ചിൽ ഒരു പുതിയ നത്തിങ് ഡിവൈസ് കണ്ടെത്തിയിരിക്കുന്നു, ഇത് വരാൻ പോകുന്ന നത്തിങ് ഫോൺ 3a ലൈറ്റ് ആണ് എന്നാണ് വിലയിരുത്തപ്പെടുന്നത്, ഈ ഫോൺ ഒരു ഒക്ടാ കോർ പ്രോസസറിൽ ആണ് പ്രവർത്തിക്കുന്നത് എന്ന് കണ്ടെത്തി, ഇത് മീഡിയടെക് ഡൈമെൻസിറ്റി 7300 ആണെന്ന് കരുതപ്പെടുന്നു.
A001T എന്ന മോഡൽ നമ്പറിലാണ് നത്തിങ് ഫോൺ 3a ലൈറ്റ് 5ജി എന്ന് കരുതപ്പെടുന്ന ഫോൺ ഗീക്ക്ബെഞ്ചിൽ കണ്ടെത്തിയത്. നത്തിങ്ങിന്റെ തന്നെ സബ് ബ്രാൻഡായ CMF ഫോൺ 2 പ്രോയുടെ A001 എന്ന മോഡൽ നമ്പറിന് സമാനമാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന മോഡൽ നമ്പർ.

നത്തിങ് ഫോൺ 3a ലൈറ്റ് 5ജി CMF ഫോൺ 2 പ്രോയുടേതിന് സമാനമായ ഫീച്ചറുകൾ അവതരിപ്പിക്കും എന്നാണ് ലീക്ക് റിപ്പോർട്ടുകൾ പറയുന്നത്. നത്തിങ് ഫോൺ 3a സീരീസിലെ മൂന്നാമത്തെ മോഡലായിട്ടാണ് നത്തിങ് ഫോൺ 3a ലൈറ്റ് 5ജിയുടെ വരവ്. ഇതിനകം തന്നെ ഈ സീരീസിൽ നത്തിങ് ഫോൺ 3a, നത്തിങ് ഫോൺ 3a പ്രോ എന്നിങ്ങനെ രണ്ട് മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.
പേര് നൽകുന്ന വില സൂചന
വരാൻ പോകുന്ന നത്തിങ് ഫോൺ 3a ലൈറ്റ് 5ജി നത്തിങ്ങിന്റെ സബ് ബ്രാൻഡായ CMF ഫോൺ 2 പ്രോയ്ക്കും നത്തിങ് ഫോൺ 3a മോഡലിനും ഇടയിലായി വരുന്ന ഒരു സ്മാർട്ട്ഫോൺ ആയിരിക്കും എന്ന് റിപ്പോർട്ടുകൾ പറയുന്നു. വരാൻ പോകുന്ന ഫോണിന്റെ പേരിലുള്ള ലൈറ്റ് എന്ന ഭാഗം സൂചിപ്പിക്കുന്നത് ഇത് താങ്ങാനാകുന്ന വിലയും അതിനോട് ചേർന്ന് നിൽക്കുന്ന ഫീച്ചറുകളും ഉള്ള ഒരു ഫോൺ ആയിരിക്കുമെന്നാണ്.
നത്തിങ് ഫോൺ 3എയുടെ അടിസ്ഥാന മോഡലിന് 24,999 രൂപയായിരുന്നു വില. വരാൻ പോകുന്ന 3a ലൈറ്റ് മോഡൽ 20000 രൂപയിൽ താഴെ വിലയിൽ അവതരിപ്പിക്കപ്പെടാൻ ആണ് സാധ്യത. ഈ വർഷം തന്നെ നത്തിങ് ഫോൺ 3a ലൈറ്റ് ലോഞ്ച് ചെയ്യും എന്നാണ് റിപ്പോർട്ട്. ഇന്ത്യക്ക് പുറമേ ആഗോളതലത്തിലും ഇത് ലോഞ്ച് ചെയ്യും.
നത്തിങ് ഇന്ത്യയിൽ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നും റിപ്പോർട്ടുകളുണ്ട്. നത്തിങ്ങിന്റെ സബ് ബ്രാൻഡായ സിഎംഎഫ് ഫോണിന്റെ ആസ്ഥാനമായി ഇതിനകം തന്നെ ഇന്ത്യ മാറിയിരിക്കുന്നു, ഇന്ത്യയിൽ കൂടുതൽ സ്മാർട്ട്ഫോൺ നിർമ്മിക്കാനാവശ്യമായ നിലവയിലുള്ള നിർമാണങ്ങളും നിക്ഷേപവും നത്തിങ് നടത്തുന്നുണ്ട്. വരാൻ പോകുന്ന നത്തിങ് ഫോൺ 3a ലൈറ്റ് 5ജി അതിന്റെ വിലക്കുറവുകൊണ്ട് കൂടുതൽ ഇന്ത്യക്കാരുമായി നത്തിങ്ങിനെ അടുപ്പിക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.
നത്തിങ് ഫോൺ 3a, 3a പ്രോ എന്നിവ ഉൾപ്പെടുന്ന നത്തിങ് ഫോൺ 3a സീരീസിലെ മറ്റ് മോഡലുകളുടെ അതേ ഡിസൈൻ തന്നെയായിരിക്കും നത്തിങ് ഫോൺ 3a ലൈറ്റ് പിന്തുടരുക. ബ്ലാക്ക്, വൈറ്റ് എന്നീ രണ്ട് കളർ ഓപ്ഷനുകളലാകും ഈ ഫോൺ എത്തുകയെന്നും ലീക്ക് റിപ്പോർട്ടുകൾ പറയുന്നു.
നത്തിങ്ങിന്റെ മുഖ്യ സവിശേഷതയായ ഗ്ലിഫ് എൽഇഡി ലൈറ്റുകൾ നത്തിങ് ഫോൺ 3a മോഡലിൽ ഉണ്ടാകുമോ എന്ന് നിലവിൽ വ്യക്തമല്ല. അതേസമയം, ഈ ഫോണിന് ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമുണ്ടാകും എന്ന് സൂചനയുണ്ട്. 120Hz റിഫ്രഷ് റേറ്റുള്ള 6.77 ഇഞ്ച് ഫുൾ-HD+ AMOLED ഡിസ്‌പ്ലേ, 5,000mAh ബാറ്ററി, 33W ഫാസ്റ്റ് ചാർജിങ് പിന്തുണ തുടങ്ങിയ ഫീച്ചറുകൾ നത്തിങ് 3aയിൽ ഉണ്ടാകുമെന്ന് ലീക്ക് റിപ്പോർട്ടുകൾ പറയുന്നു.


Click it and Unblock the Notifications








