ഹമ്പട കേമാ..! നത്തിങ് ഫോൺ 3എ സീരീസിന് വരാൻ പോകുന്നത് കിടിലൻ ക്യാമറ
സ്മാർട്ട് ഫോൺ വിപണിയിൽ വൻ കുതിച്ചുചാട്ടത്തിനൊരുങ്ങുകയാണ് നത്തിങ് ഫോൺ. ഈ ഫോണിന്റെ ഏറ്റവും പുതിയ മോഡലായ 3എ സീരിസ് മാർച്ച് നാലിന് പുറത്തിറങ്ങുമെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇതിന് മുമ്പായി ഇതിൽ വരാൻ പോകുന്ന ക്യാമറയുടെ പ്രത്യേകതകളാണ് ഇപ്പോൾ ടെക് ലോകത്തെ ചർച്ചാ വിഷയം. നത്തിങ് ഫോണിന്റെ 3എ സീരീസിന് വരാൻ പോകുന്നത് 50 മെഗാ പിക്‌സലിന്റെ പെരിസ്‌കോപ്പ് ക്യാമറയാണെന്ന് കമ്പനി അധികൃതർ വ്യക്തമാക്കിയതോടെ ചർച്ചകളും ചൂടായിട്ടുണ്ട്. ആദ്യമായാണ് 50 മെഗാ പിക്‌സലിന്റെ പെരിസ്‌കോപ്പ് ക്യാമറ കമ്പനി പരീക്ഷിക്കുന്നത്. 3x ഒപ്റ്റിക്കൽ സൂം, , 6x ഇൻ-സെൻസർ സൂം, 60x ഡിജിറ്റൽ അടക്കം ഈ ലെൻസിൽ ഉൾപ്പെടാൻ സാധ്യതയുണ്ട്.
ഇതിന് പുറമെ 50 മെഗാ പിക്‌സലിന്റെ തന്നെ പ്രൈമറി ക്യാമറയും ഉൾക്കൊള്ളിക്കുന്നുണ്ടെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഇതിന് മുമ്പ് പുറത്തിറങ്ങിയ നത്തിങ് 2എ യുമായി ബന്ധപ്പെടുത്തിയാൽ ഈ സെൻസറിന് 64 ശതമാനം കൂടുതൽ പ്രകാശം പകർത്താൻ കഴിയും. കുറഞ്ഞ വെളിച്ചത്തിൽ പോലും മികച്ച ചിത്രങ്ങൾ പകർത്താൻ ഇതോടെ സാധിക്കും.

കൂടുതൽ റിയലിസ്റ്റിക് നിറങ്ങളും യഥാർത്ഥ ഫോട്ടോകളും വീഡിയോകളും നൽകാൻ ലക്ഷ്യമിടുന്ന ട്രൂലെൻസ് എഞ്ചിൻ 3.0 യും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. മികച്ച വീഡിയോ സ്റ്റെബിലൈസേഷനോടുകൂടിയ 4K വീഡിയോ റെക്കോർഡിംഗിനെ നത്തിങ് ഫോൺ 3എയിലുണ്ടാകുമെന്നും പ്രതീക്ഷയുണ്ട്. സ്റ്റെബിലൈസേഷൻ 200 ശതമാനത്തിലധികം മെച്ചപ്പെടുത്തിയതായാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.
യാത്രയിലായിരിക്കുമ്പോൾ പോലും സുഗമമായ വീഡിയോകൾ ഷൂട്ട് ചെയ്യാൻ ഇതോടെ സാധിക്കും. ഫ്രണ്ട് ക്യാമറയും 50 മെഗാ പിക്‌സൽ തന്നെയാവാനാണ് സാധ്യത. നൈറ്റ് മോഡ്, പോർട്രെയിറ്റ് മോഡ് തുടങ്ങിയവ ഫ്രണ്ട് ക്യാമറയിൽ ഉൾപ്പെടുത്താനും സാധ്യതയുണ്ട്. Ultra HDR ഫോട്ടോ ഔട്ട്പുട്ടായിരിക്കും ലഭിക്കുക. ഇത് ക്വാളിറ്റി ഉറപ്പുവരുത്തും.

മുൻ മോഡലുകളിൽ കണ്ടുവന്നിരുന്ന 'പിൽ' ആകൃതിയിലുള്ള ഡിസൈനിൽ നിന്ന് വ്യത്യസ്തമായി 'എൽ' ആകൃതിയിലുള്ള ലേഔട്ട് ഉപയോഗിച്ച് ക്യാമറ മൊഡ്യൂൾ ഡിസൈൻ ചെയ്തിട്ടുള്ളതെന്ന് നത്തിങ് ഫോൺ എക്സിൽ പങ്കിട്ട ടീസറിൽ നിന്ന് വ്യക്തമായിരുന്നു.
5,000mAh ബാറ്ററിയും സ്‌നാപ്ഡ്രാഗൺ 7s Gen 3 പ്രൊസസറുമാണ് നത്തിങിന്റെ കരുത്ത്.
ഈ ഫോണിൽ 120Hz റിഫ്രഷ് റേറ്റുള്ള 6.8 ഇഞ്ച് AMOLED ഡിസ്‌പ്ലെയാണ് വരാൻ പോകുന്നതെന്നും അഭ്യൂഹങ്ങളുണ്ട്. ആകെയുള്ള സ്ഥിരീകരണം കഴിഞ്ഞ ദിവസം നത്തിങ് കമ്പനി സിഇഒ കാൾ പേയ് (Carl Pei) ഒരു കമ്മ്യൂണിറ്റി പോസ്റ്റിൽ നടത്തിയ വെളിപ്പെടുത്തലാണ്. നത്തിങ് ഫോൺ 3 എ Qualcomm Snapdragon chip ഉപയോഗിച്ചായിരിക്കും പ്രവർത്തിക്കുകയെന്നായിരുന്നു അദ്ദേഹം അന്ന് വെളിപ്പെടുത്തിയിരുന്നത്.

മാർച്ച് നാലിന് പുറത്തിറങ്ങുമെങ്കിലും വിലയുടെ കാര്യത്തിൽ ഇതുവരെ തീരുമാനങ്ങളൊന്നും പുറത്തു വന്നിട്ടില്ല. എന്നിരുന്നാലും സ്റ്റാൻഡേർഡ് മോഡലിന് ഏകദേശം 25,000 രൂപ മുതൽ ആരംഭിക്കുമെന്നാണ് സൂചന. പ്രോ വേരിയന്റിന് ഏകദേശം 30,000 രൂപ മുതൽ മുകളിലേക്കാവാനും സാധ്യതയുണ്ട്. ഇതെല്ലാം സ്ഥിരീകരണം ലഭിക്കാത്ത റിപ്പോർട്ടുകളാണ്.
എതായാലും മാർച്ച് നാല് വരെ കാത്തിരിക്കാം. ഒരു ബജറ്റ് ഫ്രണ്ട്‌ലി ഫോണാണ് വരാൻ പോകുമെന്ന് ഏറെക്കുറെ വ്യക്തമായിട്ടുണ്ട്. കുറഞ്ഞ വിലയിൽ നിരവധി ഫീച്ചറുകളുള്ള സ്മാർട്ട് ഫോണിന് വേണ്ടി കാത്തിരിക്കുന്നവർ നത്തിങിന്റെ ലോഞ്ചിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. സാധാരണക്കാർക്ക് ഏറ്റവും നല്ല ഒപ്ഷനായി നത്തിങ് മാറുമെന്ന് പ്രതീക്ഷിക്കാം.


Click it and Unblock the Notifications








