ഉറപ്പിക്കാവോ എന്നാൽ ഉറപ്പിച്ചോ, നത്തിങ് ഫോൺ 3 എയിൽ സ്നാപ്ഡ്രാഗൺ ചിപ്സെറ്റ് തന്നെ
ഏറെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് പുറത്തിറങ്ങാൻ പോവുന്ന ഫോണായിരുന്നു നത്തിങ് ഫോൺ 3 എ (Nothing Phone 3a ). മാർച്ച് നാലിന് ഈ ഫോൺ വിപണിയിലെത്തുമെന്ന് നേരത്തെ റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നാൽ കമ്പനി പുറത്തുവിട്ട ഏറ്റവും പുതിയ ടീസറിൽ നത്തിങ് ഫോൺ 3 എ Qualcomm Snapdragon chip ഉപയോഗിച്ചായിരിക്കും പ്രവർത്തിക്കുക എന്ന് വ്യക്തമായി. നരത്തെ തന്നെ സ്‌നാപ്ഡ്രാഗൺ ചിപ്‌സെറ്റ് ഈ ഫോണിൽ ഉൾപ്പെടുത്തുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ടായിരുന്നു. നത്തിങ് കമ്പനി സിഇഒ കാൾ പേയ് (Carl Pei) ഒരു കമ്മ്യൂണിറ്റി പോസ്റ്റിൽ നത്തിങ് ഫോൺ 3 എ Qualcomm Snapdragon chip ഉപയോഗിച്ചായിരിക്കും പ്രവർത്തിക്കുകയെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
നത്തിംഗ് ഫോൺ 3എയിൽ 25 ശതമാനം വേഗതയുള്ള ഒരു സിപിയുവും ഫോൺ 2എ പ്ലസിനേക്കാൾ 72 ശതമാനം വേഗതയുള്ള ഒരു NPU (ന്യൂറൽ പ്രൊസസ്സിംഗ് യൂണിറ്റ്) ഉണ്ടായിരിക്കും. നേരത്തെയുള്ള റിപ്പോർട്ടുകൾ പ്രകാരം സ്നാപ്ഡ്രാഗൺ 7s Gen 3 പ്രൊസ്സസറിലാണ് ഫോൺ പ്രവർത്തിക്കുകയെന്ന് സൂചനയുണ്ടായിരുന്നു.

120Hz റിഫ്രഷ് റേറ്റ് ഫീച്ചർ ചെയ്യുന്ന 6.8 ഇഞ്ചിൽ വരുന്ന full-HD+ AMOLEDഡിസ്പ്ലേയുമായാണ് ഫോൺ 3എ വരുന്നതെന്നും സൂചനയുണ്ട്. റിപ്പോർട്ടുകൾ സത്യമാണെങ്കിൽ നത്തിങ് ഫോൺ പുറത്തിറക്കിയതിൽ വെച്ച് ഏറ്റവും വലിയ സ്‌ക്രീനുള്ള ഫോണായിരിക്കും ഇത്.
ഈ ഫോൺ പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ ഏറ്റവു കൂടുതൽ ചർച്ചയായിരുന്നത് ഇതിന്റെ ക്യാമറയിലെ പുതിയ മാറ്റങ്ങളാണ്. 50 മെഗാ പിക്‌സൽ പ്രൈമറി റിയർ ക്യാമറയും 2x ഒപ്റ്റിക്കൽ സൂം വാഗ്ദാനം ചെയ്യുന്ന 50 മെഗാ പിക്‌സൽ ടെലിഫോട്ടോ ലെൻസും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് സൂചനയുണ്ട്. ആദ്യമായാണ് നത്തിങ് അതിന്റെ സ്മാർട്ട്ഫോണുകളിൽ ഒരു ടെലിഫോട്ടോ ലെൻസ് ഉൾപ്പെടുത്തിയിരിക്കുന്നത്.
8 മെഗാ പിക്‌സലിലുള്ള അൾട്രാ വൈഡ് ക്യാമറയും 32 മെഗാ പിക്‌സലുള്ള സെൽഫി ക്യാമറയും നത്തിങിൽ ഉണ്ടാകുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.ബാറ്ററിയുടെ ഭാഗത്തേക്ക് വന്നാൽ കൂടുതലായി മാറ്റങ്ങൾ ഒന്നും വരുത്താൻ കമ്പനി തയ്യാറായിട്ടില്ല. നത്തിങ് ഫോൺ 2എ യിലുള്ളതുപോലെ 45W വയർഡ് ചാർജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററിയാണ് നത്തിങ് ഫോൺ 3 എയിൽ ഉള്ളതെന്നും അഭ്യൂഹമുണ്ട്.

NFC സപ്പോർട്ട് ആകുന്ന ഈ ഫോണിന്റെ വലതുവശത്ത് ഒരു അധിക ബട്ടൺ ഉണ്ടാവാൻ സാധ്യതയുണ്ടെന്നും പറയപ്പെടുന്നുണ്ട്. ഇതിന്റെ ആവശ്യകത സ്ഥിരീകരിച്ചിട്ടില്ലെങ്കിലും വിവിധ ഐഫോൺ മോഡലുകൾക്ക് സമാനമായി ക്യാമറ ബട്ടണോ ആക്ഷൻ ബട്ടണോ ആയിരിക്കാമെന്ന് ചിലർ അനുമാനിക്കുന്നു. കൂടാതെ നത്തിങ് ഫോണിൽ ആദ്യമായി ഡ്യുവൽ നാനോ-സിം അല്ലെങ്കിൽ eSIM + നാനോ-സിം പിന്തുണ ഉണ്ടാകുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളിലുണ്ട്.
നിലവിൽ നത്തിങ്ങിന്റെ പ്രീമിയം സ്മാർട്ട്‌ഫോൺ എന്ന് പറയാവുന്നത് നത്തിങ് ഫോൺ 2 ആണ്. പുതിയ നത്തിങ് ഫോൺ 3എ വരാൻ പോകുന്നു എന്ന വാർത്ത വന്നതിന് പിന്നാലെ തന്നെ ഫ്ളിപ്പ്കാർട്ടിൽ നത്തിങ് ഫോൺ 2എ (Nothing Phone 2a 5G ) മോഡലിന് ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

20000 രൂപയോടടുത്ത വിലയിൽ പുതിയ സ്മാർട്ട്‌ഫോൺ വാങ്ങാൻ തയാറെടുക്കുന്നവർക്ക് ഈ ഡീൽ പരിഗണിക്കാവുന്നതാണ്.
ഫ്‌ലിപ്പ്കാർട്ടിൽ നത്തിങ് ഫോൺ 2എയുടെ 8 ജിബി + 128 ജിബി പ്രാരംഭ മോഡൽ 2000 രൂപ ഡയറക്ട് ഡിസ്‌കൗണ്ടിന് ശേഷം 21,999 രൂപ വിലയിലാണ് ഫ്‌ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. മറ്റ് വേരിയന്റുകൾക്കും സമാനമായി 2000 രൂപ ഡിസ്‌കൗണ്ട് ലഭ്യമായിട്ടുണ്ട്.


Click it and Unblock the Notifications








