എന്നാപ്പിന്നെ പുതിയത് വാങ്ങാം! മുൻ മോഡലിനെക്കാൾ കരുത്തോടെ നത്തിങ് ഫോൺ 4a പ്രോ വരുന്നു
നത്തിങ് ആരാധകർക്കായി അണിയറയിൽ ഒരു പുതിയ സ്മാർട്ട്ഫോൺ ഒരുങ്ങുന്നു. കഴിഞ്ഞ വർഷം മാർച്ചിൽ ഇന്ത്യയിൽ ഉൾപ്പെടെ എത്തിയ നത്തിങ് ഫോൺ 3എ പ്രോയുടെ പിൻഗാമിയായി നത്തിങ് ഫോൺ 4എ പ്രോ (Nothing Phone 4a Pro) എന് പുതിയ മോഡൽ ലോഞ്ചിന് തയാറെടുക്കുന്നു. യൂറോപ്യൻ പ്രൊഡക്റ്റ് രജിസ്ട്രി ഫോർ എനർജി ലേബലിംഗിൽ (EPREL) നത്തിങ് ഫോൺ 4a പ്രോ പ്രത്യക്ഷപ്പെട്ടു. ലോഞ്ചിനോട് അടുക്കുമ്പോഴാണ് ഒരു റെഗുലേറ്ററി ഡാറ്റാബേസിൽ ഒരു സ്മാർട്ട്ഫോൺ സാധാരണ പ്രത്യഷപ്പെടുക എന്നതിനാൽ അധികം വൈകാതെ തന്നെ നത്തിങ് ഫോൺ 4എ പ്രോ ലോഞ്ച് ചെയ്യുമെന്ന് കരുതപ്പെടുന്നു.
ത്തിങ് ഫോൺ 4a പ്രോയുടെ ലോഞ്ച് സംബന്ധിച്ച് കമ്പനി ഔദ്യോഗികമായി ഒരു സ്ഥിരീകരണവും നടത്തിയിട്ടില്ല. എങ്കിലും EPREL എൻട്രി വരാൻ പോകുന്ന ഈ നത്തിങ് ഫോണിനെക്കുറിച്ച് ചില സൂചനകൾ നൽകുന്നുണ്ട്. മുൻ മോഡലിനെ അപേക്ഷിച്ച് ബാറ്ററിയുടെ കാര്യത്തിലും ഈടിന്റെ കാര്യത്തിലും നത്തിങ് ഫോൺ 4എ പ്രോ കൂടുതൽ മികവ് പുലർത്തും എന്നാണ് ഇപ്പോൾ പുറത്തുവന്നതിൽ പ്രധാനപ്പെട്ട വിവരം.

EPREL എൻട്രിയിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ പ്രകാരം 50W വയർഡ് ചാർജിങ്ങിനുള്ള പിന്തുണയുള്ള 5,080mAh ബാറ്ററിയാണ് നത്തിങ് ഫോൺ 4എ പ്രോയിൽ ഉണ്ടാകുക. നത്തിങ് ഫോൺ 3എ പ്രോ 50W ചാർജിങ് പിന്തുണയുള്ള 5,000mAh ബാറ്ററിയാണ് അവതരിപ്പിച്ചത്, അതിനെ അപേക്ഷിച്ച് നോക്കുമ്പോൾ പുതിയ മോഡലിൽ ബാറ്ററി ശേഷി ചെറുതായി വർധിച്ചിട്ടുണ്ട്.
പ്രമുഖ ചൈനീസ് ബ്രാൻഡുകൾ ബജറ്റ് ഫോണുകളിൽപ്പോലും 7000mAhന് മുകളിൽ ബാറ്ററി ശേഷി ഇപ്പോൾ നൽകുന്നു, മാത്രമല്ല, 10001mAh ബാറ്ററി ഫോണുകൾ പോലും സജീവമാകുന്ന ഇക്കാലത്ത് 5,080mAh ബാറ്ററി ശേഷി എന്നത് അൽപ്പം കുറവാണ്. എങ്കിലും മുൻ മോഡലിനെ അപേക്ഷിച്ച് ബാറ്ററി ശേഷി മെച്ചപ്പെട്ടിട്ടുണ്ട് എന്ന് പറയാം.
ബാറ്ററി ശേഷി ചെറുതായേ വർധിച്ചുള്ളൂവെങ്കിലും നത്തിങ് ആരാധകർക്ക് സന്തോഷം പകരുന്ന മറ്റൊരു കാര്യമുണ്ട്, പുതിയ നത്തിങ് ഫോൺ 4എ പ്രോയുടെ ബാറ്ററി ആയുസ് മികച്ചതായിരിക്കും എന്നതാണ് അത്. 1,400 ചാർജ് സൈക്കിളുകൾക്ക് ശേഷവും നത്തിങ് ഫോൺ 4a പ്രോ അതിന്റെ ബാറ്ററി ശേഷിയുടെ 80 ശതമാനം നിലനിർത്തുമെന്ന് റേറ്റുചെയ്തിരിക്കുന്നു, ഇത് ദീർഘകാല ഉപയോഗത്തിൽ കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു എന്ന് വ്യക്തമാക്കുന്നുണ്ട്.
നത്തിങ് ഫോൺ 4എ പ്രോയുടെ ഈട് സംബന്ധിച്ച ഡീറ്റെയിൽസും ഇപ്പോൾ ലിസ്റ്റിങ്ങിലൂടെ പുറത്തുവന്നിട്ടുണ്ട്. പൊടി, ജല പ്രതിരോധം എന്നിവയ്‌ക്കായി ഇതിൽ IP65 റേറ്റിങ് ഉണ്ട്. ഇത് 3a പ്രോയിലെ IP64 റേറ്റിംഗിനേക്കാൾ നേരിയ പുരോഗതിയാണ്. ഇത് ഇപ്പോഴും പൂർണ്ണമായും വാട്ടർപ്രൂഫ് അല്ലെങ്കിലും, മുൻ മോഡലിനെ അപേക്ഷിച്ച് വാട്ടർ എക്സ്പോഷറിനെതിരെ മികച്ച സംരക്ഷണം ഇത് വാഗ്ദാനം ചെയ്യുന്നു.
ഈസിയായി റിപ്പയർ ചെയ്യാനാകും എന്നതാണ് നത്തിങ് ഫോൺ 4എ പ്രോയുടേതായി പുറത്തുവന്ന മറ്റൊരു ഫീച്ചർ. എ മുതൽ ഇ വരെയുള്ള സ്കെയിലിൽ 'സി' റിപ്പയറബിലിറ്റി സ്കോർ ഈ ഫോണിന് ഉണ്ട്. വരാനിരിക്കുന്ന ഈ ഫോണിന്റെ മറ്റ് ഫീച്ചറുകൾ നിലവിൽ ലഭ്യമായിട്ടില്ല. എന്നാൽ, സ്‌നാപ്ഡ്രാഗൺ 7 സീരീസ് ചിപ്‌സെറ്റ്, ഒരുപക്ഷേ സ്‌നാപ്ഡ്രാഗൺ 7s ജെൻ 4 ചിപ്സെറ്റ് കരുത്തിൽ, 12GB റാം, UFS 3.1 സ്റ്റോറേജ് സഹിതം ഈ ഫോൺ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
വിലയുടെ കാര്യമെടുത്താൽ, 27,999 രൂപ വിലയിലാണ് നത്തിങ് ഫോൺ 3എ പ്രോ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. പുതിയ സ്മാർട്ട്ഫോൺ വില വർധനയുടെ പശ്ചാത്തലത്തിൽ ഇതിനെക്കാൾ അൽപ്പം വർധിച്ച വിലയിലാകും 4എ പ്രോ എത്തുക. ആഗോളതലത്തിൽ നത്തിങ് ഫോൺ 4എ പ്രോയുടെ 12GB+ 256GB വേരിയന്റിന് ഏകദേശം 540 യുഎസ് ഡോളർ (ഏകദേശം 49,000 രൂപ) വില പ്രതീക്ഷിക്കുന്നു. കൂടുതൽ വിവരങ്ങൾ വരുംദിവസങ്ങളിലറിയാം.


Click it and Unblock the Notifications








