ഡിസ്കൗണ്ട് കൂടുതൽ ഇഷ്ടമായി! നത്തിങ് ഫോൺ 4a ഇന്ത്യയിൽ ലോഞ്ച് ചെയ്തു
നത്തിങ് തങ്ങളുടെ നത്തിങ് ഫോൺ 4a സീരീസ് ഫോണുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. രണ്ട് മോഡലുകളാണ് ഇതിൽ എത്തിയിരിക്കുന്നത്, നത്തിങ് ഫോൺ 4എ (Nothing Phone 4a), നത്തിങ് ഫോൺ 4എ പ്രോ (Nothing Phone 4a Pro) എന്നിവയാണ് അവ. ഇതിൽ ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങാനാകുന്നത് നത്തിങ് ഫോൺ 4എ ആണ്. നത്തിങ് ഫോൺ 3a യുടെ പിൻഗാമിയായാണ് പുതിയ നത്തിങ് ഫോൺ 4a എത്തിയിരിക്കുന്നത്. സ്‌നാപ്ഡ്രാഗൺ 7s ജെൻ 4 ചിപ്സെറ്റ് കരുത്തിലാണ് ഇത് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ഒപ്പം മെച്ചപ്പെടുത്തിയ VC കൂളിംഗ് ഉൾപ്പെടെയുള്ള ഫീച്ചറുകളും ഉണ്ട്.
നത്തിങ് ഫോണുകളെ സ്മാർട്ട്ഫോൺ പ്രേമികൾക്ക് ആദ്യ കാഴ്ചയിൽ തന്നെ തിരിച്ചറിയാൻ സാധിക്കുന്നത് അതിന്റെ ഡിസൈനിലൂടെയാണ്. പുതിയ നത്തിങ് ഫോൺ 3എ മോഡലിലും നത്തിങ്ങിന്റെ അടയാളമായ ഗ്ലിഫ് ലൈറ്റുകൾ ഉണ്ട്, എന്നാൽ ഇവ ഇപ്പോൾ 7 ചതുരങ്ങളിലായി 63 മിനി-എൽഇഡികളുടെ ദീർഘചതുരാകൃതിയിലുള്ള ഒരൊറ്റ ഗ്ലിഫ് ബാറായി എത്തുന്നു. ഫോണിന് ഇപ്പോഴും സുതാര്യമായ ഡിസൈനുണ്ട്, ക്യാമറ ബാറിൽ ഇപ്പോൾ പിൽ ആകൃതിയിലുള്ള അലുമിനിയം ഡിസൈനും ഉണ്ട്.

കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ റിയർ പാനലിനും ഉണ്ട്. മുൻ മോഡലിനെക്കാൾ ബാറ്ററി ശേഷിയോടെയാണ് നത്തിങ് ഫോൺ 4എ എത്തിയിരിക്കുന്നത്. എന്നാൽ വയർലെസ് ചാർജിംഗ് സൗകര്യമില്ല. പൊടി, സ്പ്ലാഷ് റെസിസ്റ്റൻസിനായി IP64 റേറ്റിങ് ഉണ്ട്. ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും ഈ നത്തിങ് ഫോൺ 4എ മോഡലിലുണ്ട്.
പ്രധാന ഫീച്ചറുകൾ
6.78-ഇഞ്ച് (1224 x 2720 പിക്സലുകൾ) 1.5K ഫ്ലെക്സിബിൾ AMOLED ഡിസ്പ്ലേ, 30-120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്, 480Hz ടച്ച് സാമ്പിൾ റേറ്റ്, 2160Hz PWM ഡിമ്മിംഗ്, HDR10+, 10-ബിറ്റ് കളർ, 1600 nits ഔട്ട്ഡോർ / 4500 nits പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

ക്വാൽക്കോം സ്നാപ്ഡ്രാഗൺ 7 ജെൻ 4 4nm പ്രോസസർ ആണ് ഈ മോഡലിന്റെ കരുത്ത്. ഒപ്പം അഡ്രിനോ 722 GPU, 8GB / 12GB LPDD4X റാം, 128GB / 256GB UFS 3.1 സ്റ്റോറേജ് എന്നിവയുമുണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള നത്തിങ്ഒഎസ് OS 4.1 -ൽ ആണ് പ്രവർത്തനം. 3 ആൻഡ്രോയിഡ് OS അപ്‌ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ പാച്ചുകളും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഇതിലെ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തിൽ 50MP മെയിൻ ക്യാമറ (1/1.56″ സാംസങ് GN9 സെൻസർ, OIS, f/1.88 അപ്പേർച്ചർ), 8MP 120° അൾട്രാ-വൈഡ് ക്യാമറ (IMX355 സെൻസർ, f/2.2 അപ്പേർച്ചർ), 50MP പെരിസ്‌കോപ്പ് ടെലിഫോട്ടോ (1/2.75″ സാംസങ് JN5 3.5x , OIS, 7x ലോസ്‌ലെസ് സൂം, 70x അൾട്രാ സൂം), 30 fps വരെ 4K, ആക്ഷൻ മോഡ് എന്നിവ അടങ്ങുന്നു.
സെൽഫിക്കും മറ്റുമായി 32MP 1/3.44″ ഫ്രണ്ട് ക്യാമറയും (സാംസങ് KD1 സെൻസർ, f/2.2 അപ്പേർച്ചർ, 30 fps വരെ 4K) ഇതിലുണ്ട്. ഇൻ-ഡിസ്‌പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സ്‌കാനർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP64 സ്പ്ലാഷ് റെസിസ്റ്റന്റ്, ഡ്യുവൽ സിം (നാനോ + നാനോ) എന്നിവയും നത്തിങ് ഫോൺ 4എ 5ജിയിലുണ്ട്.

5G SA/NSA (n1, n3, n5, n8, n28 ,n38, n40, n41, n77, n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 6 802.11ax (2.4GHz/5GHz) MIMO, ബ്ലൂടൂത്ത് 5.4, GPS, USB ടൈപ്പ്-C, 50W വയർഡ് ചാർജിംഗിനുള്ള പിന്തുണയുള്ള 5400mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. 163.95x 77.57×8.55mm വലിപ്പവും 204.5 ഗ്രാം ഭാരവും ഈ ഫോണിനുണ്ട്.
വിലയും ലഭ്യതയും
നത്തിംഗ് ഫോൺ 4a 5ജിയുടെ 8GB + 128GB വേരിയന്റിന് 31,999 രൂപയും 8GB + 256GB വേരിയന്റിന് 34,999 രൂപയും 12GB + 256GB വേരിയന്റിന് 37,999 രൂപയുമാണ് വില. എന്നാൽ ആകർഷകമായ ലോഞ്ച് ഓഫറുകൾ ലഭ്യമായതിനാൽ തുടക്കത്തിൽ കുറഞ്ഞ വിലയിൽ ഇത് വാങ്ങാൻ സാധിക്കും.
ലോഞ്ച് ഓഫറിന്റെ ഭാഗമായി 3,000 രൂപ വരെ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. 4,000 രൂപ വരെ എക്സ്ചേഞ്ച് ഡിസ്കൗണ്ടും ഉണ്ട്. 9 മാസം വരെ നോ-കോസ്റ്റ് ഇഎംഐ, 4000 രൂപ ക്രെഡിറ്റ് കാർഡ് ഇഎംഐ ഡിസ്കൗണ്ട് എന്നിവയും ലോഞ്ച് ഓഫറുകളിൽ ഉൾപ്പെടുന്നു. പിങ്ക്, വൈറ്റ്, ബ്ലാക്ക്, ബ്ലൂ എന്നീ കളർ ഓപ്ഷനുകളിലാണ് ഇത് എത്തിയിരിക്കുന്നത്.
മാർച്ച് 12 മുതൽ ആണ് വിൽപ്പന ആരംഭിക്കുക. ഫ്ലിപ്കാർട്ട്, ഫ്ലിപ്കാർട്ട് മിനിറ്റ്സ്, വിജയ് സെയിൽസ്, ക്രോമ തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെയും എല്ലാ പ്രമുഖ റീട്ടെയിൽ സ്റ്റോറുകളിലൂടെയുമാണ് നത്തിങ് ഫോൺ 4എ വിൽപ്പനയ്ക്ക് എത്തുന്നത്. വിൽപ്പന തുടങ്ങും മുമ്പ്, മാർച്ച് 7 ന് വൈകുന്നേരം 6 മണിക്ക് ബെംഗളൂരുവിലെ നത്തിങ് സ്റ്റോറിൽ ഒരു എക്സ്ക്ലൂസീവ് ഫസ്റ്റ് ഡ്രോപ്പ് നടക്കും.
നത്തിങ് എക്സ്ക്ലൂസീവ് ഫസ്റ്റ് ഡ്രോപ്പിൽ ആദ്യത്തെ 100 ഉപഭോക്താക്കൾക്ക് ഫോൺ 4a എക്സ്ക്ലൂസീവ് എൻഗ്രേവ്ഡ് എഡിഷനും ഒരു സൗജന്യ ഇയർ a യും ലഭിക്കും, കൂടാതെ ലോഞ്ച് ഒൺലി ഓഫറായി 999 രൂപയ്ക്ക് CMF ബഡ്സ് 2 പ്ലസ് സ്വന്തമാക്കാനും കഴിയും.


Click it and Unblock the Notifications








